Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യങ്ങൾ ചോർന്ന അന്തർവാഹിനിക്കായി ഇന്ത്യ മുടക്കുന്നത് 19,000 കോടി രൂപ; ദി ഓസ്‌ട്രേലിയൻ പുറത്തുവിട്ട രഹസ്യങ്ങൾ ഇന്ത്യൻ പ്രതിരോധമേഖലക്ക് നാണക്കേടും തിരിച്ചടിയും; രഹസ്യങ്ങൾ ചോർന്നിട്ടും കൈമലർത്തി ഫ്രഞ്ച് കമ്പനി

രഹസ്യങ്ങൾ ചോർന്ന അന്തർവാഹിനിക്കായി ഇന്ത്യ മുടക്കുന്നത് 19,000 കോടി രൂപ; ദി ഓസ്‌ട്രേലിയൻ പുറത്തുവിട്ട രഹസ്യങ്ങൾ ഇന്ത്യൻ പ്രതിരോധമേഖലക്ക് നാണക്കേടും തിരിച്ചടിയും; രഹസ്യങ്ങൾ ചോർന്നിട്ടും കൈമലർത്തി ഫ്രഞ്ച് കമ്പനി

പാരിസ്: ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിക്കുന്ന തന്ത്രപ്രധാനമായ അന്തർവാഹിനിയെ സംബന്ധിക്കുന്ന വിവരങ്ങൾ ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എൻഎസിൽ നിന്ന് ചോർന്നു. കമ്പനികൾ തമ്മിലുള്ള കിടമത്സരമാണ് രഹസ്യവിവരങ്ങൾ ചോരുന്നതിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നതായി കമ്പനി വക്താവ് വ്യക്തമാക്കി. പ്രതിരോധ വിവരങ്ങൾ ചോർന്നതോടെ നേട്ടമായിരിക്കുന്നത് ചൈനയ്ക്കും പാക്കിസ്ഥാനുമാണ്. 2011ൽ ഒരു മുൻ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാണ് വിവരങ്ങൾ മോഷ്ടിച്ചതെന്നും അക്കാലത്ത് ഡി.സി.എന്നിന്റെ സഹ കോൺട്രാക്ടറായിരുന്നു അദ്ദേഹമെന്നും ആണ് വിവരങ്ങൾ പുറത്ത് വിട്ട ഓസ്‌ട്രേലിയൻ പത്രം പറയുന്നത്.

ഫ്രഞ്ച് സർക്കാരിന് 63% ഓഹരിയുള്ള സ്ഥാപനമാണു ഡിസിഎൻഎസ്. ടേൽസ് എന്ന സ്വകാര്യ കമ്പനിയുടേതാണു 35% ഓഹരികൾ. പാക്കിസ്ഥാന് അഗോസ്റ്റ അന്തർവാഹിനികൾ നിർമ്മിച്ചുനൽകുന്നതും ഡിസിഎൻഎസാണ്. ഇന്ത്യ നിലവിൽ നടപ്പാക്കുന്നതിൽ ഏറ്റവും വലിയ ആയുധനിർമ്മാണ കരാറാണു മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നിർമ്മിക്കുന്ന സ്‌കോർപീൻ അന്തർവാഹിനികളുടേത്. 2005ൽ ഒപ്പുവച്ച പദ്ധതിക്ക് ഏകദേശം 19,000 കോടി രൂപയാണു ചെലവു കണക്കാക്കിയത്. പദ്ധതിയിലെ ആദ്യത്തെ അന്തർവാഹിനി കഴിഞ്ഞ ഏപ്രിലിലാണു പരീക്ഷണ സഞ്ചാരത്തിനായി കടലിലിറക്കിയത്. ഇതിനിടെയാണ് വിവരങ്ങൾ ചോർന്നത്. സംഭവത്തേപ്പറ്റി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തേപ്പറ്റി ഫ്രാൻസും അന്വേഷണം പ്രഖ്യാപിച്ചു. വിവരങ്ങൾ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ കാര്യമായി ബാധിച്ചതായി ഡിസിഎൻ പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.

കമ്പനിയിൽ നിന്ന് 22,000 പേജുകൾ അടങ്ങുന്ന വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അന്തർവാഹിനിയിൽ നിന്ന് കപ്പലുകൾക്കെതിരെ തൊടുക്കുന്ന ടോർപ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയിൽ അന്തർവാഹിനിയിൽ നിന്ന് പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനിടയിൽ എത്ര ആഴത്തിൽ കിടക്കാം തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അന്തർവാഹിനിയിലെ സെൻസറുകൾ, ആശയവിനിമയം, ഗതിനിർണയം തുടങ്ങിയവയും പുറത്തായി. ആയുധ നിർമ്മാണ കമ്പനികൾ തമ്മിലുള്ള കിടമത്സരമാണ് ഇത്തരമൊരു സംഭവത്തിനിടയാക്കിയതെന്നും കോർപറേറ്റ് തലത്തിലുള്ള ചാരപ്രവർത്തനം ഇതിനു പിന്നിൽ നടന്നിട്ടുണ്ടെന്നും ഡിസിഎൻഎസ് ആരോപിച്ചു. മത്സരം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഏത് മാർഗ്ഗവും സ്വീകരിക്കാൻ കമ്പനികൾ തയ്യാറാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വക്താവ് പറഞ്ഞു.

അതീവ രഹസ്യസ്വഭാവമുള്ള സംഗതികൾ തങ്ങൾ പുറത്തുവിടുന്നില്ലെന്നാണു ഓസ്‌ട്രേലിയൻ പത്രത്തിന്റെ നിലപാട്. വിവരങ്ങൾ ഏറെയും ഇന്ത്യയിൽ നിർമ്മിക്കുന്ന ആറു സ്‌കോർപീൻ അന്തർവാഹിനികളെക്കുറിച്ചാണ്. ചിലെ, റഷ്യ എന്നിവയ്ക്കു ഡിസിഎൻഎസ് വിൽക്കാനുദ്ദേശിക്കുന്ന ആയുധക്കപ്പലുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും ലഭ്യമായ രേഖകളിലുണ്ടത്രേ. രേഖകൾ വിദേശത്തുനിന്നാവാം പുറത്തുവന്നതെന്നാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സൈബർ നുഴഞ്ഞുകയറ്റത്തിലൂടെ രേഖകൾ ചോർത്തിയതാകാമെന്നു മനോഹർ പരീക്കർ സൂചിപ്പിച്ചു. ഇന്ത്യയിൽനിന്നാവാം രേഖകൾ ചോർന്നതെന്ന് ആദ്യം സൂചിപ്പിച്ച ഡിസിഎൻഎസ്, ഫ്രഞ്ച് പ്രതിരോധ സുരക്ഷാവിഭാഗം അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.

പന്ത്രണ്ട് അന്തർവാഹിനികൾ നിർമ്മിക്കാൻ ഡിസിഎൻഎസിന് ഈയിടെ ഓസ്‌ട്രേലിയയിൽനിന്നു കരാർ ലഭിച്ചിരുന്നു. ജർമനിയുടെയും ജപ്പാന്റെയും കമ്പനികളെ പരാജയപ്പെടുത്തിയാണു ഡിസിഎൻഎസ് ഓസ്‌ട്രേലിയൻ കരാർ നേടിയത്. അതുകൊണ്ടുതന്നെ, ഇന്ത്യയിൽനിന്നാണു ചോർച്ചയെന്ന് ആദ്യം സൂചിപ്പിച്ചെങ്കിലും, രേഖകൾ പരസ്യമാക്കി തങ്ങളുടെ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചതിനു പിന്നിൽ എതിരാളികളാണെന്നു സംശയിക്കുന്നതായി ഡിസിഎൻഎസ് വക്താവ് പിന്നീടു പറഞ്ഞു.

ഉപകരാറുകാരനിൽനിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തെ കമ്പനിക്കു ലഭിച്ച രേഖകൾ ആ രാജ്യത്തുതന്നെ മറ്റൊരു കമ്പനിക്കു കൈമാറി. അവയുടെ ഡേറ്റ ഡിസ്‌ക് ഒരു ഓസ്‌ട്രേലിയൻ കമ്പനിക്കു തപാൽ മാർഗം ലഭിച്ചു. ഓസ്‌ട്രേലിയൻ കമ്പനിയിൽനിന്നാണു തങ്ങൾക്കു രേഖകൾ ലഭിച്ചതെന്നു പത്രം സൂചിപ്പിക്കുന്നു. സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പരിമിതികൾ തുറന്നുകാട്ടാൻ ശ്രമിക്കുന്നവരാരുമല്ല രേഖകൾ ചോർത്തിയതെന്നാണു പ്രതിരോധ മന്ത്രാലയ വൃത്തങ്ങളും സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP