Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊലപാതകങ്ങളുടെ ലോകതലസ്ഥാനം ആകാൻ ഉറച്ച് ബീഹാർ; ഏറ്റവും ഒടുവിൽ തോക്കിന് ഇരയായത് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്; നിതീഷ്-ലാലു സഖ്യം അധികാരമേറ്റ ശേഷം കൊലപാതകങ്ങൾ തുടർക്കഥ

കൊലപാതകങ്ങളുടെ ലോകതലസ്ഥാനം ആകാൻ ഉറച്ച് ബീഹാർ; ഏറ്റവും ഒടുവിൽ തോക്കിന് ഇരയായത് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്; നിതീഷ്-ലാലു സഖ്യം അധികാരമേറ്റ ശേഷം കൊലപാതകങ്ങൾ തുടർക്കഥ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബിഹാറിൽ ജംഗിൾരാജ് വീണ്ടും എത്തിയെന്ന റിപ്പോർട്ടുകളെ ശരിവച്ച് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വെടിയേറ്റു മരിച്ചു. പാർട്ടി ഉപാധ്യക്ഷനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഹ്പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന വിശ്വേശർ ഓജ (54) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറിൽ ജെഡിയു-ആർജെഡി സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വ്യാപകമാവുകയാണ്. ജംഗിൾ രാജ് വീണ്ടുമെത്തിയെന്ന ആരോപണത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളിക്കളഞ്ഞെങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങൾ.

ഭോജ്പൂർ ജില്ലയിലെ ആര ടൗണിനു സമീപമുള്ള സോൻബർസ ബസാറിൽ വിശ്വേശറിനെ അജ്ഞാത സംഘം വെടിവച്ചുവീഴ്‌ത്തുകയായിരുന്നു. ഷാഹ്പൂർ മണ്ഡലത്തിൽ ആർജെഡി സ്ഥാർനാർഥിയോടാണു വിശ്വേശർ പരാജയപ്പെട്ടത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താനുള്ള ആർജെഡി നീക്കമാണ് സംഭവം പുറത്തുകൊണ്ടു വരുന്നതെന്നാണ് ആക്ഷേപം. സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ മംഗൾ പാണ്ഡെ, 72 മണിക്കൂറിനകം പ്രതികളെ പിടികൂടിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു മുന്നറിയിപ്പു നൽകി. കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സർക്കാരിനെ ഭരിക്കാൻ അനുവദിക്കില്ലെന്നും പാണ്ഡെ വ്യക്തമാക്കി.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ എതിരാളികളാണ് കൊല്ലപ്പെടുന്നവരിൽ ഏറെയും. പണം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്‌ന നഗരത്തിലെ ഒരു മലയാളി ബിസിനസുകാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെങ്കിലും പൊലീസ് രക്ഷപ്പെടുത്തി. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവേ എൽജെപി നേതാവ് ബ്രിജ്‌നാഥി സിങ് കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ചു.

കുറ്റകൃത്യങ്ങൾ പെരുകിയതോടെ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 'ജംഗിൾ രാജ് ' വീണ്ടും തലപൊക്കിയെന്നാണ് ആരോപണം. എന്നാൽ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ബിജെപി, സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നാണു ഭരണപക്ഷം കുറ്റപ്പെടുത്തുന്നത്.ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മത്സരിച്ചയാളുടെ അച്ഛനെ അക്രമികൾ വെടിവച്ചു കൊന്നതോടെയാണ് ജംഗിൾ രാജ് ആരോപണം ശക്തമായത്. ലാലുവിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാകേഷ് എന്നയാളുടെ അച്ഛൻ ബൈജ്‌നാഥി സിംഗാണ് കൊല ചെയ്യപ്പെട്ടത്. ബീഹാറിൽ ആർ ജെ ഡി ഉൾപ്പെടുന്ന മഹാസഖ്യം അധികാരത്തിലേറിയതിനു ശേഷം ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. രണ്ട് മാസത്തിനിടെ 578 പേരാണ് കൊല്ലപ്പെട്ടത്.

നിതീഷ്‌ലാലു സഖ്യം അധികാരത്തിലെത്തിയാൽ സംസ്ഥാനത്തു 'ജംഗിൾ രാജ് 2' നടപ്പാകുമെന്ന എൻ.ഡി.എയുടെ ആരോപണം ശരിയായെന്നാണ് ബിജെപിയുടെ ആരോപണം. ലാലുവിന്റെ കുടുംബത്തിനെതിരെ മത്സരിച്ചതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്നാണ് വാദം. ബീഹാറിൽ തട്ടിക്കൊണ്ട് പോകൽ , കൊള്ള , കൊലപാതകം തുടങ്ങിയവയുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായതെന്ന് കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെതിരെ രാജ്യത്തെ അസഹിഷ്ണുതാ വാദികൾ മിണ്ടുന്നുമില്ല. രാജ്യത്തെ എല്ലാ പ്രശ്‌നവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയിൽ കെട്ടിവയ്ക്കുന്നവർ എന്തുകൊണ്ട് ബിഹാറിലെ അതിക്രമങ്ങളോട് പ്രതികരിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ മാസം മാത്രം കൊലപാതകങ്ങളും തട്ടിക്കൊണ്ട് പോകലുമായി 300 ഓളം കേസുകൾ ബിഹാറിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതിലൊന്നും അസഹിഷ്ണുതാ വാദികൾക്ക് പ്രതികരണമില്ല.

ബിഹാറിൽ രണ്ട് യുവ എഞ്ചിനീയർമാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ബിജെപി ജംഗിൾരാജ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതോടെ ബിഹാറിനെ ജംഗിൾ രാജിലേക്കു വീഴാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പ്രതികരണവുമായി എത്തി. എന്നാൽ വീണ്ടും കൊലപാതകങ്ങൾ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP