Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസ് പടയിൽ ചേരാൻ പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഷിയാ മുസ്ലിം സംഘടന; ഇറാഖിലെത്തി ചെറുപ്പക്കാരെ മനംമാറ്റാൻ ശ്രമിക്കും

ഐസിസ് പടയിൽ ചേരാൻ പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഷിയാ മുസ്ലിം സംഘടന; ഇറാഖിലെത്തി ചെറുപ്പക്കാരെ മനംമാറ്റാൻ ശ്രമിക്കും

ന്യൂ ഡൽഹി: ഡൽഹിയിൽ നിന്നുള്ള അഞ്ജുമാൻ-ഇ ഹൈദരി എന്ന ഷിയ മുസ്ലിം വിശ്വാസികളുടെ സംഘം ആറംഗ പ്രതിനിധി സംഘത്തെ ഇറാഖിലേക്കയക്കും. അവരുടെ ദൗത്യം ചെറുതല്ല. മുസ്ലിം ഖലീഫത്ത് ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ഐഎസിനുവേണ്ടി പോരാടാൻ പോയ ഇന്ത്യൻ മുസ്ലീങ്ങളെ ആ ഭീകരവാദ സംഘടനയുടെ സ്വാധീനത്തിൽ നിന്നു മോചിപ്പിക്കുക. അവരെ ഉപദേശിച്ച് നേർവഴിക്കു നടത്തി മാതൃരാജ്യത്തേക്കു തിരികെയെത്താൻ പ്രേരിപ്പിക്കുക!

ഇന്ത്യൻ, ഇറാഖി സർക്കാരുകളുമായി തങ്ങളുടെ ഇംഗിതം പങ്കുവച്ച സംഘടന യുദ്ധം കീറിപ്പറിച്ച ബാഗ്ദാദിലേക്ക് പോകാൻ തങ്ങളുടെ ആറായിരത്തോളം സന്നദ്ധപ്രവർത്തകർ തയ്യാറാണെന്ന് അറിയിച്ചു. സയണിസ്റ്റുകളും മറ്റു വിധ്വംസക ശക്തികളും ഐസിസിന് സാമ്പത്തികസഹായവും പരിശീലനവും നൽകുന്നതായി ഷിയാ നേതാവ് മൗലാന കൽബെ ജവ്വാദ് നഖ്‌വി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇറാഖിൽ ആക്രമണത്തിൽ പരിക്കേൽക്കുന്ന ഐസിസ് ഭീകരവാദികളെ ഹെലികോപ്റ്ററിൽ ഇസ്രയേലിൽ എത്തിച്ച് ചികിത്സ നൽകുന്നതായി റിപ്പോർട്ടുകളുണ്ട്.

ഷിയാ സംഘടനയുടെ പ്രതിനിധികൾ ഇറാഖിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടും. ഡോക്ടർമാരുടെയും നഴ്സുമാരുടെയും എഞ്ചിനീയർമാരുടെയും സഹായം സംഘം തേടിയിട്ടുണ്ട്. അഞ്ജുമാൻ ഇ ഹൈദരിയുടെ ആഹ്വാനം സ്വീകരിച്ച് രണ്ടുലക്ഷം പേരോളം സന്നദ്ധസേവനത്തിനു സമ്മതം അറിയിച്ചിട്ടുണ്ടെന്നും അവരിൽ മുസ്ലീങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

ഐസിസിനെയോ ബോക്കോ ഹറാമിനെയോ അൽ ക്വഇദയേയോ പിന്തുണയ്ക്കുന്ന ആരും മുസ്ലീമല്ല എന്ന് സംഘടന പറയുന്നു. ഒരു മതവും നിരപരാധികളെ കൊന്നൊടുക്കാൻ അനുവദിക്കുന്നില്ല. കാശ്മീർ ആക്രമിക്കാനുള്ള പദ്ധതി ഐസിസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അവർക്കെതിരെ ജാഗരൂകരാകാൻ ഇന്ത്യ തയ്യാറാവണമെന്നും കമ്മിറ്റി പറയുന്നു.

ഇറാഖിലെ പുരാതന മോസ്കുകൾ സംരക്ഷിക്കാൻ വോളന്റിയർ ചെയ്യാമെന്ന സംഘടനയുടെ വാഗ്ദാനത്തിനു നന്ദി പറഞ്ഞ് റിപ്പബ്ലിക് ഓഫ് ഇറാഖിലെ വിദേശകാര്യ സഹമന്ത്രി ഖൈറുള്ള എഇഎച്ചിനു കത്തയച്ചതായി നഖ്‌വി പറയുന്നു. സംഘടനയുടെ നേതാവ് അഡ്വ. മെഹ്മൂദ് പ്രച്ഛ, ഐസിസിൽ ചേർന്നതായി സംശയിക്കപ്പെടുന്ന യുവാക്കളുടെ മാതാപിതാക്കളെ സന്ദർശിച്ചു. അവരുടെ കുടുംബാംഗങ്ങളാരും ഐസിസിന്റെ മുദ്രാവാക്യത്തിൽ വിശ്വസിക്കുന്നില്ല. കുട്ടികളെ തിരികെയെത്തിക്കണമെന്ന് അവർ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മദ്രസകൾ തീവ്രവാദികളെ സൃഷ്ടിക്കുകയാണെന്ന ബിജെപി എം സാക്ഷി മഹാരാജിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ആരോപണം അന്വേഷിക്കണമെന്നും അതിൽ സത്യമില്ലെന്നു ബോധ്യമായാൽ അദ്ദേഹം മാപ്പുചോദിക്കണമെന്നും നഖ്‌വി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP