Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായി; ദുബായ് - കോഴിക്കോട് ഇൻഡിഗോ വിമാനം അടിയന്തിരമായി മുംബൈയിൽ ഇറക്കി; പ്രശ്നമുണ്ടാക്കിയ മലയാളിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു; ഐസിസ് എന്നു പുലമ്പിയയാൾക്കു മാനസികാസ്വാസ്ഥ്യം

വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായി; ദുബായ് - കോഴിക്കോട് ഇൻഡിഗോ വിമാനം അടിയന്തിരമായി മുംബൈയിൽ ഇറക്കി; പ്രശ്നമുണ്ടാക്കിയ മലയാളിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു; ഐസിസ് എന്നു പുലമ്പിയയാൾക്കു മാനസികാസ്വാസ്ഥ്യം

മുംബൈ: വിമാനയാത്രക്കാരൻ അക്രമാസക്തനായ സംഭവത്തെത്തുടർന്നു ദുബായ്- കോഴിക്കോട് ഇൻഡിഗോ വിമാനം അടിയന്തിരമായി മുംബൈയിൽ ഇറക്കി. വിമാനം യാത്രപുറപ്പെട്ടതിനുപിന്നാലെ എഴുന്നേറ്റുനിന്ന് മലയാളി യാത്രക്കാരൻ പ്രസംഗിക്കുകയും ഭക്ഷണം വിതരണം ചെയ്യുന്ന ഫുഡ് കാർട്ടിനു മുകളിലേക്ക് ചാടിക്കയറി ഇരിക്കുകയും പിന്നീട് അക്രമാസക്തനാകുകയും ചെയ്യുകയായിരുന്നു.

ഇസ്ലാമിനെക്കുറിച്ചും ഐസിസിനെക്കുറിച്ചും സംസാരിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ മാനസികാസ്വാസ്ഥ്യമെന്നു കെണ്ടത്തുകയായിരുന്നു. വിമാനത്തിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും വിമാന അധികൃതരും ചേർന്ന് കീഴടക്കിയാണ് ഇയാളെ മുംബൈ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

ഇയാൾ ഐഎസ് അനുകൂല പ്രസംഗമാണ് നടത്തിയതെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത സിഐഎസ്എഫ് ഉദ്യോഗസ്ഥരും പിന്നീട് മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡും വിശദമായി ചോദ്യംചെയ്തു. വിമാനം മുംബൈയിലേക്ക് തിരിച്ചുവിടണമെന്ന് യാത്രക്കാരൻ പറഞ്ഞതാണ് സംശയത്തിന് ഇടയാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സഹോദരനൊപ്പം യാത്രചെയ്തിരുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് കരിപ്പൂരിൽ വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാർ പറഞ്ഞു. വിമാനം മുംബൈയിലിറക്കി സഹോദരനെയും ഇയാളെയും സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

ഇന്നുരാവിലെ ദുബായ് എയർപോർട്ടിൽ നിന്ന് കരിപ്പൂരിലേക്ക് യാത്രതിരിച്ച ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ദുബായിൽ നിന്ന് വിമാനം പുറപ്പെട്ട് അരമണിക്കൂറിനകം ഒരു യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് ഐസിസ് അനുകൂല പ്രസംഗം ആരംഭിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മുംബൈയിലേക്ക് വിമാനം തിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നും വാർത്തകൾ വന്നു.

വിമാനത്തിലെ സുരക്ഷാജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി യാത്രക്കാരുടെ സമീപത്തുനിന്ന് മാറ്റി ഇരുത്തി കസ്റ്റഡിയിൽ സൂക്ഷിക്കുകയായിരുന്നു. ക്യാബിൻ ക്രൂ ഇയാളെ തടയാൻ ശ്രമിച്ചപ്പോൾ ആക്രമണത്തിന് മുതിർന്ന ഇയാളെ യാത്രക്കാരും ചേർന്നാണ് നിയന്ത്രണത്തിലാക്കിയത്. ഇത്തരം സന്ദർഭങ്ങളുണ്ടായാൽ എറ്റവുമടുത്ത എയർപോർട്ടിൽ ഇറക്കണമെന്ന അന്താരാഷ്ട്ര ചട്ടപ്രകാരമാണ് വിമാനം അടിയന്തിരമായി മുംബൈ എയർപോർട്ടിൽ ഇറക്കിയത്. തുടർന്ന് എയർപോർട്ടിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

വിമാനത്തിൽ ഭീകരാക്രമണമുണ്ടാകുമോ എന്ന ആശങ്കയോടെയായിരുന്നു പിന്നീടുള്ള യാത്ര. ഇയാളുടെ കൂട്ടാളികൾ വിമാനത്തിലുണ്ടോയെന്നും സംശയമുയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരാകുകയും ചെയ്തു. കേരളത്തിൽ നിന്ന് നിരവധിപേർ ഐസിസിൽ ചേരുന്നുവെന്ന വാർത്തകൾ സജീവമായതിനിടെ ഉണ്ടായ സംഭവം അതീവ ഗൗരവത്തോടെയാണ് മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡും എൻഐഎയും കാണുന്നത്. രാവിലെ ഒമ്പതരയോടെയാണ് വിമാനം മുംബൈയിൽ ഇറക്കുന്നത്. വിമാനത്തിൽ ഭീകരാക്രമണ സാധ്യതയോ അത്തരം മുന്നറിയിപ്പോ ഉണ്ടായാൽ അടിയന്തിരമായി നിലത്തിറക്കണമെന്ന അന്താരാഷ്ട്ര ചട്ടപ്രകാരമായിരുന്നു വിമാനം മുംബൈയിൽ ഇറക്കിയത്. തുടർന്ന് പ്രസംഗിച്ച യാത്രക്കാരനെ സിഐഎസ്ഫിന് കൈമാറിയ ശേഷം പത്തരയോടെ വിമാനം കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു.

ഇൻഡിഗോ വിമാന അധികൃതരുടെ വിശദീകരണവും പിന്നീടു പുറത്തുവന്നു. 6C89 നമ്പർ ഫ്ളൈറ്റ് യാത്രക്കാരന്റെ അസാധാരണ പെരുമാറ്റത്തെ തുടർന്ന് അടിയന്തിരമായി മുംബൈയിൽ ഇറക്കിയെന്നാണ് വിശദീകരണം. 5ഡി സീറ്റിലിരുന്ന യാത്രക്കാരൻ സഹോദരനോടൊപ്പമായിരുന്നു യാത്രചെയ്തിരുന്നത്. ഇയാൾ ജീവനക്കാരോട് അപമര്യാദയായി പെരുമാറി. ഭക്ഷണവും മറ്റും നൽകുന്നതിനായി കൊണ്ടുപോകുന്ന കാർട്ടിൽ ചാടിക്കയറി ഇരുന്നു.

ഇക്കാര്യം ക്യാപ്റ്റനെ അറിയിച്ചു. ഇയാളോട് ഫുഡ് കാർട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പിന്നീട് പെട്ടെന്ന് അക്രമാസക്തനായി. മറ്റു യാത്രക്കാരെ ആക്രമിക്കാനും മുതിർന്നതായും എയർലൈൻസ് അധികൃതർ പറയുന്നു. ഇതേത്തുടർന്ന് യാത്രക്കാരും വിമാനത്തിലെ ക്രൂവും ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തി മാറ്റിയിരുത്തിയത്. സംഭവത്തെതുടർന്ന് ഫ്ളൈറ്റ് ക്യാപ്റ്റൻ എയർപോർട്ട് കൺട്രോൾ അഥോറിറ്റിയുമായി ബന്ധപ്പെടുകയും ഇവരുടെ നിർദ്ദേശത്തെ തുടർന്ന വിമാനം മുംബൈയിൽ ഇറക്കുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP