Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ ദിവസവും ആരെങ്കിലും ഒരാൾ ആത്മഹത്യ ചെയ്യും; മധ്യപ്രദേശിലെ ഈ ഗ്രാമത്തിന് എന്ത് പറ്റി...? ലോക മാദ്ധ്യമങ്ങളിൽ നിറഞ്ഞ് ഒരു ഇന്ത്യൻ ആത്മഹത്യ ഗ്രാമം

എല്ലാ ദിവസവും ആരെങ്കിലും ഒരാൾ ആത്മഹത്യ ചെയ്യും; മധ്യപ്രദേശിലെ ഈ ഗ്രാമത്തിന് എന്ത് പറ്റി...? ലോക മാദ്ധ്യമങ്ങളിൽ നിറഞ്ഞ് ഒരു ഇന്ത്യൻ ആത്മഹത്യ ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിൽ ആത്മഹത്യ വ്യാപകമാണെങ്കിലും എല്ലാ ദിവസവും ഒരു ആത്മഹത്യയെങ്കിലും നടക്കുന്ന ഇടങ്ങളുണ്ടാകില്ല. എന്നാൽ മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലെ ബാദി വില്ലേജിൽ ദിവസവും ഒരാളെങ്കിലും ആത്മഹത്യ ചെയ്യാറുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ വെളിപ്പെടുത്തുന്നത്. രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള 250 ജില്ലകളിൽ ഒന്നാണ് ഖർഗോൺ. ഇവിടെ കഴിഞ്ഞ വർഷം മാത്രം 381 ആത്മഹത്യകളാണുണ്ടായിരിക്കുന്നത്. ബാദിയെന്ന ഈ ആത്മഹത്യാഗ്രാമത്തെക്കുറിച്ചുള്ള വാർത്തകൾ ലോകമാദ്ധ്യമങ്ങളിൽ നിറയുകയാണ്. വെറും 2500 പേർമാത്രമാണ് ബാദി ഗ്രാമത്തിലെ ജനസംഖ്യ. ഇവരിൽ നല്ലൊരു ഭാഗം കഴിഞ്ഞ ഏതാനും വർഷങ്ങളായി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഈ വർഷത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ മാത്രം ഇവിടെ 80 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നതെന്നാണ് ഖർഗോൺ എസ്‌പിയായ അമിത്ത് സിങ് പറയുന്നത്.

ഗ്രാമത്തിലെ ഓരോ വീടിനും ഓരോ ആത്മഹത്യയുടെ കഥ പറയാനുണ്ട്. ഗ്രാമത്തിലെ 320 കുടുംബങ്ങളിൽ ഓരോന്നിലും ഒരാളെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഇവിടെ പുതിയ സർപഞ്ചായി ചാർജെടുത്ത രാജേന്ദ്ര സിസോദിയ പറയുന്നത്. അദ്ദേഹത്തിന്റെ കസിനായ ജീവനായിരുന്നു ഇതിന് മുമ്പ് ഇവിടുത്തെ സർപഞ്ച്. എന്നാൽ അദ്ദേഹവും ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു സിസോദിയ ഗ്രാമമുഖ്യനായി ചുമതലയേറ്റെടുക്കാൻ നിർബന്ധിതനായിത്തീർന്നത്.തന്റെ വീടിന് മുന്നിലെ മരത്തിൽ ജീവൻ തൂങ്ങി മരിക്കുകയായിരുന്നു. ജീവന്റെ അമ്മയും സഹോദരനും സ്വയം ജീവനൊടുക്കിയവരാണ്.

ഗ്രാമത്തിലെ പിശാചിന്റെ സാന്നിധ്യം മൂലമാണ് ഇവിടുത്തുകാർ ആത്മഹത്യചെയ്യുന്നതെന്നാണ് സർപഞ്ച് പറയുന്നത്. എന്നാൽ ഗ്രാമീണരിലെ കടുത്ത സമ്മർദവും മാനസികവൈകല്യങ്ങളുമാണ് ഇതിന് കാരണമെന്നാണ് ഇൻഡോർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈക്യട്രിസ്റ്റായ ഡോ. ശ്രീകാന്ത് റെഡ്ഡി പറയുന്നത്. ഈ ഗുരുതരമായ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ ഉടൻ പതിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.സാമ്പത്തിക കാരണങ്ങൾ മൂലമല്ല ഇവിടുത്തുകാർ കൂടുതലായി ആത്മഹത്യ ചെയ്യുന്നതെന്നും മറിച്ച് ഇവിടെ കൂടുതലായുപയോഗിക്കുന്ന കീടനാശിനികളുടെ പ്രതിപ്രവർത്തനം ഇവിടുത്തുകാരിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളായേക്കാം ഇതിന് കാരണമെന്നുമുള്ള സംശയവും ഡോക്ടർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ചൈനയിൽ നടന്ന സമാനമായ സംഭവം ഇതിനുള്ള ഉദാഹരണമായി ഡോ. ശ്രീകാന്ത് മുന്നോട്ട് വയ്ക്കുന്നുണ്ട്. ചൈനയിൽ ഒരു പ്രത്യേക പ്രദേശത്ത് നിരവധി കർഷക ആത്മഹത്യകൾ തുടർച്ചയായി നടന്നിരുന്നു. അവിടെ ഓർഗാനോഫോസ്ഫേറ്റ് എന്ന രാസവസ്തുവടങ്ങിയ കീടനാശിനി വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നും അത് ഇവിടുത്തുകാരിൽ മാനസിക സമ്മർദം വർധിപ്പിക്കാൻ കാരണമാവുകയും ആത്മഹത്യ പെരുകുകയുമായിരുന്നുവെന്നാണ് പിന്നീട് നടന്ന പഠനത്തിലൂടെ തെളിഞ്ഞിരുന്നത്. അതിനാൽ ബാദിയിലെ ആത്മഹത്യകളെക്കുറിച്ചും ഇത്തരത്തിലുള്ള അന്വേഷണം ഉടൻ നടത്തേണ്ടതുണ്ടെന്നും ഡോ. ശ്രീകാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ബാദി ഗ്രാമത്തിലെ മിക്കവരും പരുത്തി പോലുള്ള നാണ്യവിളകളാണ് കൃഷി ചെയ്യുന്നത്. കൃഷിയിലെ പരാജയം ഇവരിൽ പലരെയും കടുത്ത സാമ്പത്തിക ബാധ്യതയിലാക്കുന്നുമുണ്ട്. ഇതും ആത്മഹത്യയ്ക്ക് വഴിയൊരുക്കാറുണ്ട്. മഹാരാഷ്ട്രയിലെ വിദർഭയിലും ഇതേ അവസ്ഥ നിലനിൽക്കുന്നുണ്ട്. ആത്മഹത്യാ പ്രശ്നം രൂക്ഷമായതോടെ ഖർഗോണിലെ ജില്ലാ കലക്ടർ ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഗൗരവപരമായ കാര്യമാണെന്നും ഇത് പരിഹരിക്കാൻ വേഗത്തിൽ പ്രവർത്തിക്കുമെന്നുമാണ് കലക്ടർ അശോക് വർമ ഉറപ്പ് നൽകുന്നത്. ഗ്രാമീണരിൽ ആത്മവിശ്വാസം വളർത്താനും കൗൺസിൽ ചെയ്യാനുമുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ ഒരു സംഘം സ്ത്രീകൾ തങ്ങളുടെ പുരുഷന്മാരെ കൗൺസിൽ ചെയ്യാനാരംഭിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തന ഫലമായി ഗ്രാമത്തിൽ മദ്യം നിരോധിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP