Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഔദ്യോഗിക വിരുന്നില്ല; യുഎസ് കോൺഗ്രസിൽ പ്രസംഗമില്ല; സമൻസ് അയച്ച് ആക്ഷേപിക്കാനും മറന്നില്ല: വെളിപ്പെടുന്നത് അമേരിക്കയുടെ മോദി വിരുദ്ധത തന്നെ: മോദി ലക്ഷ്യമിടുന്നത് അമേരിക്കൻ ഇന്ത്യക്കാരെ

ഔദ്യോഗിക വിരുന്നില്ല; യുഎസ് കോൺഗ്രസിൽ പ്രസംഗമില്ല; സമൻസ് അയച്ച് ആക്ഷേപിക്കാനും മറന്നില്ല: വെളിപ്പെടുന്നത് അമേരിക്കയുടെ മോദി വിരുദ്ധത തന്നെ: മോദി ലക്ഷ്യമിടുന്നത് അമേരിക്കൻ ഇന്ത്യക്കാരെ

പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടം ഉണ്ടാകും? ഊഷ്മളതയോടെ ക്ഷണിച്ചെങ്കിലും മോദി അമേരിക്കയിൽ എത്തിക്കഴിഞ്ഞപ്പോൾ കാണുന്നത് അമേരിക്കക്കാരന്റെ അനിഷ്ടം തന്നെയാണ്. മന്മോഹൻ സിങ്ങ് അമേരിക്ക സന്ദർശിച്ചപ്പോൾ നൽകിയത്രയും മധുരമായ സ്വീകരണം പോലും മോദിക്ക് ഒരുക്കുന്നില്ല എന്നതാണ് സത്യം. യുഎസ് കോൺഗ്രസ് ചേരുന്നില്ലാതിരുന്നിട്ട് കൂടി പ്രത്യേക യോഗം വിളിച്ച് മന്മോഹന് അവസരം കൊടുത്ത അമേരിക്ക മോദിക്ക് ഇത്തരം ഒരു അവസരം നൽകിയിട്ടില്ല. പ്രസിഡന്റ് ഒബാമ ഔദ്യോഗിക വിരുന്ന് നൽകുന്നില്ല എന്നതാണ് മറ്റൊരു അലംഭാവമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വീട്ടിൽ വിളിച്ച് ഒരു ദിവസം സ്വകാര്യ വിരുന്ന് നൽകി ഒബാമ ആക്ഷേപം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. ആകെയുള്ള ഒരു ഔദ്യോഗിക ചായ സൽക്കാരം അമേരിക്കൻ കോൺഗ്രസ്സ് സ്പീക്കറുടേതാണ്. ഇതിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വൈസ് പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഉച്ചഭക്ഷണം, വൈകിട്ട് സ്പീക്കറുടെ ചായസൽക്കാരം, അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായി അത്താഴം തുടങ്ങിയ പരിപാടികൾ പക്ഷെ മോദിയുടെ സാധാരണ പരിപാടയിൽ ഉണ്ട്. ഇതിനിടയിലാണ് അമേരിക്കയിലെ ഒരു മജിസ്‌ട്രേറ്റ് കോടതി നിയമ വിരുദ്ധമായി മോദിക്ക് നോട്ടീസ് അയച്ച വാർത്ത വെളിയിൽ വന്നിരിക്കുന്നത്. ഇത് ഇന്ത്യയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആദ്യ ദിനം നല്കുന്ന സ്വീകരണയോഗത്തിൽ തന്നെ ഈ നടപടിക്ക് മാന്യമായ മറുപടി മോദി നല്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം ഒരു സമൻസ് ഒഴിവാക്കാനുള്ള വിവേകം അമേരിക്കൻ കോടതി കാണിക്കാതിരുന്നത് കരുതികൂട്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. മുമ്പും മന്മോഹൻ സിങ്, സോണിയാ ഗാന്ധി തുടങ്ങിയവർക്കെതിരെ നോട്ടീസ് അയച്ച് അമേരിക്കൻ കോടതികൾ അധികാരപരിധി ലംഘിച്ചപ്പോൾ എന്തുകൊണ്ട് അമേരിക്കൻ സർക്കാർ നടപടി എടുത്തില്ലാ എന്ന ചോദ്യമാണ് ഉയരുന്നത്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2002ലെ കൂട്ടക്കൊലയുടെ പേരിൽ 2005ൽ അദ്ദേഹത്തിന് യുഎസ് വിസ നിഷേധിച്ചതിന്റെ അരുചി ഇന്നും നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങൾ തമ്മിൽ ഇനിയും മാനസികമായ അകൽച്ച നിലനിൽക്കുന്നത്. മോദി പ്രധാനമന്ത്രിയായശേഷമാണ് വിസ നിഷേധിച്ച കാര്യം പ്രസിഡന്റ് ഒബാമയുടെ ശ്രദ്ധയിൽപ്പെട്ടതെന്നു പറഞ്ഞാണ് ഇപ്പോൾ തടിതപ്പാൻ നോക്കുന്നത്. എന്നാൽ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നു വിശേഷിപ്പിച്ചിരുന്ന മോദിക്ക് വിസ നിഷേധിക്കാൻ ഒബാമ അറിയാതെ അമേരിക്ക തീരുമാനം എടുക്കില്ല എന്നു തന്നെയാണ് നയതന്ത്രജ്ഞരുടെ വിശ്വാസം.

ഔദ്യോഗിക ചടങ്ങുകളും സ്വീകരണങ്ങളും എങ്ങനെയായാലും വേണ്ടില്ല പരമാവധി പൊതു ചടങ്ങുകളിൽ പങ്കെടുത്ത് അമേരിക്കൻ ജനതയുടെ ശ്രദ്ധ നേടാൻ ഉറച്ചാണ് മോദിയുടെ യാത്ര. ഇന്ത്യക്കാരെ ഒരുമിപ്പിക്കാനും പ്രവാസി ഇന്ത്യക്കാരുടെ പണവും പ്രതിഭയും പുതിയ ഇന്ത്യ സൃഷ്ടിക്കാനായി ഉപയോഗിക്കാനുമാണ് മോദി പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ആ അർത്ഥത്തിൽ മോദിയുടെ പരിപാടികൾ എല്ലാം വൻ വിജയമാകാൻ ആണ് സാധ്യത. ഒട്ടേറെ പൊതു പരിപാടികളിൽ മോദി പങ്കെടുക്കും. 120 മണിക്കൂർ നീളുന്ന സന്ദർശനത്തിനിടയിൽ 39 ചടങ്ങുകളിൽ നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 8 മുതൽ രാത്രി വൈകി 11.30 വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നു രാവിലെ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്‌ളിയിൽ പ്രസംഗിക്കും.

17 പ്രമുഖ അമേരിക്കൻ കമ്പനി സിഇഒമാരെ കാണുന്ന മോദി ഇതിൽ 7 പ്രമുഖ കമ്പനി സിഇഒമാരുമായി പ്രത്യേകം ചർച്ചകൾ നടത്തും. ബോയിങ്, പെപ്‌സികോ, ഐബിഎം, ജനറൽ ഇലക്ട്രിക് കമ്പനി,ഗോൾഡ്മാൻ, കെ.കെ.ആർ. തുടങ്ങിയവരുമായി നേരിട്ടു ചർച്ച നടത്തും. ഗൂഗിൾ ചെയർമാൻ ഇറിക് സ്‌കെമിഡിറ്റ് അടക്കം 11 കമ്പനി സിഇഒമാരുമായി പ്രഭാതഭക്ഷണ കൂടിക്കാഴ്ചയും നടത്തും. ഇതിനു പുറമെ 500 കമ്പനികളുടെ സിഇഒമാരെ മോദി അത്താഴത്തിനു ക്ഷണിച്ചിട്ടുണ്ട്. 30 വരെ നീളുന്ന സന്ദർശനത്തിനിടയിൽ നാല് പൊതുപരിപാടികളിൽ പ്രസംഗിക്കും. ഇതിൽ ന്യൂയോർക്കിലെ മാഡിസൻ സ്‌ക്വയറിൽ 20000 പേർ പങ്കെടുക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണമാണ് പ്രധാനം. അത്രയും പേർ പങ്കെടുത്താൽ അമേരിക്കയ്ക്കു പുറത്തുള്ള ഒരു രാഷ്ട്രത്തലവന് ലഭിക്കുന്ന എറ്റവും വലിയ സ്വീകരണമാകും അത്. സെൻട്രൽ പാർക്കിൽ നടക്കുന്ന ഗ്‌ളോബൽ സിറ്റിസൺ ഫെസ്റ്റിവലിലും മോദി പ്രസംഗിക്കും. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ 28നും സെൻട്രൽ പാർക്കിൽ 27 നുമാണ് പ്രസംഗം.

ഇതൊക്കെ കൊണ്ട് തന്നെ മോദിയുടെ സന്ദർശനം അമേരിക്കയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. അസാധാരണമായ വാക് ചാരുതിയോടെ ജനക്കൂട്ടത്തെ കയ്യിൽ എടുക്കാൻ കഴിവുള്ള മോദി ഈ സന്ദർശനം വഴി അമേരിക്കൻ ഹൃദയം കീഴടക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പത്തുവർഷത്തോളം മോദിക്ക് വിസ നിഷേധിച്ച അമേരിക്ക, ഒടുവിൽ വിസയുമായി അദ്ദേഹത്തിന്റെ പടിക്കൽവന്ന് കാത്തുകെട്ടിക്കിടക്കേണ്ടിവന്നു. തന്നെ നിരാകരിച്ച അമേരിക്കൻ ധാർഷ്ട്യത്തെ മോദി നേരിട്ടത് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വളർന്നു കൊണ്ടായിരുന്നു. ഔഗ്യോഗിക സന്ദർശനത്തിനായി അമേരിക്കയിൽ മോദിയെത്തുമ്പോൾ, അത് ഇന്ത്യൻ പ്രതീക്ഷകളെയാകെയാണ് ഒപ്പം കൂട്ടുന്നത്.

അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെയാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. അമേരിക്കയിൽ മോദി സന്ദർശനം നടത്തുന്നത് മൂന്നാം തവണയാണ്. 1993-ൽ മുരളീ മനോഹർ ജോഷിയുടെ ഔദ്യോഗിക സംഘത്തിനൊപ്പവും മറ്റൊരിക്കൽ പാർട്ടി ജനറൽ സെക്രട്ടറിയെന്ന നിലയ്ക്കും അമേരിക്കയിലെത്തിയ മോദി 2005-ൽ മൂന്നാം വട്ടം സന്ദർശനത്തിന് ശ്രമിക്കുമ്പോഴാണ് വിസ നിഷേധിക്കപ്പെടുന്നത്. നിഷേധിക്കപ്പെട്ട വിസ മോദിക്ക് അമേരിക്ക തന്നെ നൽകിയതോടെ, അത് ഇന്ത്യൻ സമൂഹത്തിന്റെയാകെ വിജയമായാണ് വിലയിരുത്തപ്പെട്ടത്. അതുകൊണ്ടുതന്നെ, മോദിക്ക് ന്യൂയോർക്കിലും വാഷിങ്ടണിലും വൻ വരവേല്പാണ് ഇന്ത്യൻ സമൂഹം ഒരുക്കിയിരിക്കുന്നത്. ന്യൂയോർക്കിലെ സെന്റർപാർക്കിലും മാഡിസൺ സ്‌ക്വയർ ഗാർഡനിലും പ്രധാനമന്ത്രിക്ക് സ്വീകരണച്ചടങ്ങുകളുണ്ട്.

2001 സെപ്റ്റംബർ 11-ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി ലോകവ്യാപാര കേന്ദ്രത്തിലെത്തുന്നതോടെയാണ് മോദിയുടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും. തുടർന്ന് ഇന്ത്യൻ സമൂഹം സെന്റർപാർക്കിൽ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കും. നേപ്പാൾ പ്രധാനമന്ത്രി സുശീൽകുമാർ കൊയ്‌രാള, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ന്യൂയോർക്കിന്റെയും സൗത്ത് കരോളിനയുടെയും മേയർമാരുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, അമേരിക്കയിലെയും കാനഡയിലെയും സിഖ് മത നേതാക്കളെയും സന്ദർശിക്കും. യഹൂദസമുദായനേതാക്കളെ അദ്ദേഹം പ്രത്യേകം കാണും. പ്രസംഗം ഹിന്ദിയിലായിരിക്കുമെന്നാണ് സൂചന. പിറ്റേന്ന് പ്രമുഖ മൾട്ടിനാഷണൽ വ്യവസായ പ്രമുഖരുമായുള്ള കൂട്ടിക്കാഴ്ചയാണ്. ഗൂഗിൾ, പെപ്‌സി, മാസ്റ്റർകാർഡ്, ബോയിങ്, ഐബിഎം തുടങ്ങി 17 മൾട്ടിനാഷണൽ തലവന്മാരുമായുമായാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്. അന്നേദിവസം പ്രസിഡന്റ് ഒബാമ ആതിഥ്യമരുളുന്ന അത്താഴവിരുന്നിലും പങ്കെടുക്കും.

30ന് മാർട്ടിൻ ലൂഥർ കിങ്ങിന്റെയും എബ്രഹാം ലിങ്കണിന്റെയും സ്മാരകങ്ങളിലും മഹാത്മാ ഗാന്ധി പ്രതിമയിലും അഞ്ജലികളർപ്പിച്ചശേഷം അമേരിക്കൻ നേതാക്കളെ കാണും. വൈസ് പ്രസിഡന്റ് ജോ ബൈഡൻ, സ്‌റ്റേറ് സെക്രട്ടറി ജോൺ കെറി, സ്പീക്കർ ജോൺ ബോനെർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാകും ഒബാമയുമായുള്ള കൂടിക്കാഴ്ച. ഈ ചർച്ചകളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. വാഷിങ്ടണിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വാണിജ്യം, വിദേശ നിക്ഷേപം, ആണവ ഊർജം, ശാസ്ത്രം, പ്രതിരോധം എന്നീ മേഖലകളായി തിരിച്ചാണ് ചർച്ച നടക്കുക. ബഹിരാകാശ സഹകരണവും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഒപ്പുവച്ച ആണവ സഹകരണക്കരാർ സംബന്ധിച്ചും ചർച്ച ചെയ്യും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP