Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയിലെ 'സർജിക്കൽ സ്‌ട്രൈക്കി'നെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ്; ഭാവിയിൽ നുഴഞ്ഞു കയറുന്നവരെ ചെറുത്തു തോൽപിക്കാൻ സഹായിക്കുമെന്ന് സോണിയാ ഗാന്ധി; സൈന്യത്തെ പ്രശംസിച്ച് സർവകക്ഷി യോഗം

അതിർത്തിയിലെ 'സർജിക്കൽ സ്‌ട്രൈക്കി'നെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ്; ഭാവിയിൽ നുഴഞ്ഞു കയറുന്നവരെ ചെറുത്തു തോൽപിക്കാൻ സഹായിക്കുമെന്ന് സോണിയാ ഗാന്ധി; സൈന്യത്തെ പ്രശംസിച്ച് സർവകക്ഷി യോഗം

ന്യൂഡൽഹി: അതിർത്തിയിൽ പാക് സൈന്യത്തിനെതിരെയും ഭീകരക്യാംപുകളിലും ഇന്ത്യ നടത്തിയ തിരിച്ചടിയെ പ്രകീർത്തിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. തീവ്രവാദികൾക്ക് തിരിച്ചടി നൽകിയ സൈനിക നടപടിയെ സോണിയാഗാന്ധി അഭിനന്ദിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭാവിയിൽ രാജ്യത്തിനകത്തേക്ക് നുഴഞ്ഞു കയറുന്നവരെ ചെറുത്തുതോൽപിക്കാൻ സഹായിക്കും ഈ സൈനിക നടപടിയെന്ന് സോണിയ വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ തങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് പാക്കിസ്ഥാൻ തിരിച്ചറിയുമെന്നാണ് കോൺഗ്രസ് പാർട്ടി പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഭീകരർക്കെതിരെ പാക്കിസ്ഥാൻ ഫലപ്രദമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരവാദത്തെ ചെറുക്കുന്നതിനും ഭീകരവാദികളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിലും പാക്കിസ്ഥാൻ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാന്റെ പ്രദേശങ്ങളും അവർക്ക് കീഴിലുള്ള പ്രദേശങ്ങളിലും ഭീകരവാദം വളരുന്നില്ലെന്നു പാക്കിസ്ഥാൻ ഉറപ്പു വരുത്തണമെന്നും സോണിയ കൂട്ടിച്ചേർത്തു.

സായുധ സൈന്യത്തിന്റെ സൈനിക നടപടിയെ കോൺഗ്രസ് പ്രകീർത്തിക്കുന്നു. ഒപ്പം കേന്ദ്രസർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ സൈന്യത്തിനും സർക്കാരിനും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും സോണിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണത്തെ പിന്തുണച്ച് സർവകക്ഷിയോഗവും രംഗത്തെത്തി. സൈന്യം നടത്തുന്ന എല്ലാ നടപടികളെയും സർവകക്ഷി യോഗം പിന്തുണച്ചു. നടപടി വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ സൈന്യത്തെ പ്രതിപക്ഷ പാർട്ടികൾ അഭിനന്ദിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണ രേഖ കടന്നുള്ള മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ദിലല്ിയിൽ സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രാലയത്തിൽ വച്ചായിരുന്നു സർവകക്ഷി യോഗം. യോഗത്തിൽ മന്ത്രിമാരും ദേശീയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സൈനിക മേധാവികളും പങ്കെടുത്തു.

സൈനിക നടപടിയെപ്പറ്റി കേന്ദ്രസർക്കാർ വിശദീകരിച്ചു എന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മിന്നലാക്രമണം വിജയകരമാക്കിയ സൈന്യത്തെ അഭിനന്ദിച്ചു. തീവ്രവാദത്തിന് എതിരായ എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായും സുലാം നബി ആസാദ് പറഞ്ഞു. പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതിർത്തിക്ക് 10 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിർത്തി രക്ഷാ സേനയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കശ്മീരിലെ അതിർത്തികളിൽ താമസിക്കുന്നവരെ അവിടെനിന്ന് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി.

പ്രധാന അഞ്ച് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോട് ആക്രമണം സംബന്ധിച്ച സാഹചര്യം കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. അതേസമയം പാക് ഹൈക്കമ്മീഷനിലെ നയതന്ത്ര പ്രതിനിധികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും കേന്ദ്രത്തെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP