Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രക്ഷോഭം അക്രമമായി മാറിയപ്പോൾ ജെല്ലിക്കെട്ട് ബിൽ നിയമസഭയിൽ പാസാക്കി തമിഴ്‌നാട്; നിയമം പ്രാബല്യത്തിലാകാൻ വേണ്ടത് ഗവർണറുടെയും രാഷ്ട്രപതിയുടെയും ഒപ്പ്; ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിന് ശമനം

പ്രക്ഷോഭം അക്രമമായി മാറിയപ്പോൾ ജെല്ലിക്കെട്ട് ബിൽ നിയമസഭയിൽ പാസാക്കി തമിഴ്‌നാട്; നിയമം പ്രാബല്യത്തിലാകാൻ വേണ്ടത് ഗവർണറുടെയും രാഷ്ട്രപതിയുടെയും ഒപ്പ്; ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിന് ശമനം

ചെന്നൈ: ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സുപ്രീംകോടതി നിരോധനം മറികടക്കാനായി തമിഴ്‌നാട് സർക്കാർ തയാറാക്കിയ ഓർഡിനൻസിന് നിയമസഭയുടെ അംഗീകാരം. ഗവർണർ ഒപ്പിട്ട ഓർഡിനൻസ് ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒ. പനീർശെൽവം അവതരിപ്പിച്ച ബിൽ ഏക്യകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു. ഇതോടെ ബിൽ നിയമയമായി മാറി. ഇനി ഗവർണറുടെയും രാഷ്ട്രപതിയുടെയും ഒപ്പുകൂടി ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്ക് ഇതോടെ ശമനമാകുമെന്നാണ് തമിഴ്‌നാട് സർക്കാർ പ്രതീക്ഷിക്കുന്നത്.

ജെല്ലിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സംരക്ഷിക്കണമെന്നുമാണ് ബില്ലിൽ പറയുന്നത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ള 1960 ലെ കേന്ദ്ര നിയമത്തിലെ ഭേദഗതികളോടെയാണ് ജെല്ലിക്കെട്ട് ബിൽ പാസാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രമായിരിക്കും നിയമത്തിനു പ്രാബല്യം.

നേരത്തേ കേന്ദ്ര നിയമ, സാംസ്‌കാരി, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ഓർഡിനൻസിൽ തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി.എച്ച്. വിദ്യാസാഗർ ഓർഡിനൻസിൽ ഒപ്പുവച്ചിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചതിനു പിന്നാലെ ഇന്നലെ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ ജല്ലിക്കെട്ടു നടത്തുകയും ചെയ്തു. തമിഴ്‌നാട്ടിലെ അൻപതോളം ഗ്രാമങ്ങളിലാണ് മാട്ടുപൊങ്കൽ ദിനത്തിൽ ജെല്ലിക്കെട്ട് ആഘോഷിച്ചത്. മഞ്ജുവിരട്ട് എന്ന പേരിലായിരുന്ന മിക്കയിടത്തും അരങ്ങേറിയത്.

എന്നാൽ, ഓർഡിനൻസ് ഇറക്കിയെങ്കിലും പ്രത്യേക നിയമം ഉണ്ടാക്കാതെ പ്രതിഷേധം അവസാനിപ്പിക്കല്ലെന്നായിരുന്നു ജല്ലിക്കെട്ട് അനുകൂലികളുടെ നിലപാട്. പ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമാസക്തമായി മാറുകയും ചെയ്തു. ഇതിനെത്തുടർന്നാണ് തമിഴ്‌നാട് നിയമസഭയുടെ പ്രത്യേക യോഗം ചേർന്ന് ബിൽ അവതരിപ്പിച്ചു പാസാക്കിയത്. ഒരാഴ്ചയായി തമിഴ്‌നാട്ടിലുടനീളം നടക്കുന്ന പ്രക്ഷോഭ, സംഘർഷങ്ങൾക്ക് ഇതോടെ ശമനം വന്നിട്ടുണ്ട്. ചെന്നൈ മറീന ബീച്ചിൽ ദിവസങ്ങളായി പ്രക്ഷോഭം നടത്തുന്നവർ പിരിഞ്ഞുപോകാൻ ആരംഭിച്ചു.

നാലുവർഷം മുൻപു യുപിഎ സർക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. അന്ന് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ മാർഗനിർദ്ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ ജെല്ലിക്കെട്ട് നടത്തുകയുമായിരുന്നു. പിന്നീട് 2014ൽ മൃഗാവകാശ സംഘടനയായ പെറ്റയുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി സ്ഥിരമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

എന്നാൽ ഈ വർഷം ജെല്ലിക്കെട്ട് നടത്തണമെന്ന ആവശ്യം ശക്തമാകുകയും ഒരു സംസ്ഥാമൊട്ടാകെ ഇതിനായി പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ചെന്നൈ മറീന ബീച്ചിൽ ലക്ഷങ്ങളാണു പ്രതിഷേധത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികളും ജോലിക്കാരും തെരുവിലിറങ്ങി. സിനിമാ സാംസ്‌കാരിക പ്രവർത്തകരും ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

ചെന്നൈയിലെ മറീന ബീച്ചിലുൾപ്പെടെ ജെല്ലിക്കെട്ട് സമരക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് നീക്കം ഇന്ന് തമിഴ്‌നാട്ടിലെങ്ങും വ്യാപക സംഘർഷത്തിനു കാരണമായിരുന്നു. ചെന്നൈയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാരും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി. പരുക്കേറ്റ ഒട്ടേറെ സമരക്കാരും പൊലീസുകാരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സമരക്കാർ ചെന്നൈയിൽ പൊലീസ് സ്റ്റേഷനും ഒട്ടേറെ വാഹനങ്ങൾക്കും തീവയ്ക്കുകയും ചെയ്തു.

സമരക്കാരെ മറീന ബീച്ചിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചതിനു പിന്നാലെയാണ് ചെന്നൈ നഗരത്തിൽ പരക്കെ സംഘർഷം അരങ്ങേറിയത്. മറീനയ്ക്കു സമീപത്തെ ഐസ്ഹൗസ് പൊലീസ് സ്റ്റേഷനും വാഹനങ്ങൾക്കുമാണ് സമരക്കാർ തീയിട്ടത്. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 25 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും പ്രതിഷേധക്കാരും നേർക്കുനേർ ഏറ്റുമുട്ടി. ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചാൽ കടലിൽച്ചാടി ആത്മഹത്യ ചെയ്യുമെന്നു സമരക്കാർ ഭീഷണി മുഴക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP