Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാൻസാനിയൻ യുവതിക്ക് നേരെ വംശീയ ആക്രമണം: എ എസ് പിയുൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന്

ടാൻസാനിയൻ യുവതിക്ക് നേരെ വംശീയ ആക്രമണം: എ എസ് പിയുൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന്

ബംഗളുരു: ടാൻസാനിയൻ യുവതിക്ക് നേരെ വംശീയ ആക്രമണമുണ്ടായ സംഭവത്തിൽ ബംഗളുരു അസിസ്റ്റന്റ പൊലീസ് കമ്മീഷണറെ സസ്‌പെൻഡ് ചെയ്തു. യെശ്വന്ത്പൂർ ഡിവിഷനിൽ എ.സി.പിയായ എ.എൻ പൈസിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. ജോലിയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൈസിനെ സസ്‌പെൻഡ് ചെയ്തത്. ഇതോടെ നാല് പൊലീസുകാരും ഒരു ഇൻസ്‌പെക്ടറും അടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ബംഗളൂരുവിൽ ടാൻസാനിയക്കാരിയായ പെൺകുട്ടിയെ ഒരുസംഘമാളുകൾ പൊതുസ്ഥലത്തു മർദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തതിലൂടെ ഇന്ത്യയുടെ സഹിഷ്ണുത മുഖത്തിന് മങ്ങലേറ്റിരുന്നു. വംശീയ വെറിയിലാണ് ടാൻസാനിയക്കാരിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അചാര്യ കോളജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർത്ഥിനിയായ ഇരുപത്തിയൊന്നുകാരിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ കത്തിക്കുകയും ചെയ്തു. വിവാദത്തിൽ അടിയന്തര നടപടി വേണമെന്ന് കർണ്ണാടക സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പൊലീസുകാർക്കെതിരായ നടപടി.

ഹെസറാഗട്ട സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയായ യുവതിയെ ഞായറാഴ്ച രാത്രി പെൺകുട്ടി കാർ ഇടിപ്പിച്ചു കൊന്നുവെന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ ഇടിച്ച കാർ പെൺകുട്ടിയുടേതായിരുന്നില്ല. സുഡാൻ വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന കാറാണ് യുവതിയെ ഇടിച്ചത്. ഈ വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ തെറ്റിധാരണയാണ് പ്രശ്‌നങ്ങൾക്ക് കാരണം. എന്നാൽ ഇതിന്റെ പേരിൽ നടന്നത് വിദേശിയോടുള്ള അസഹിഷ്ണുതാപരമായ പ്രവർത്തനമായിരുന്നു. ഇതാണ് ലോകമാദ്ധ്യമങ്ങൾ ഇന്ത്യയ്ക്ക് എതിരെ ചർച്ചയാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ന്യൂഡൽഹിയിലെ ടാൻസാനിയൻ എംബസി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കാർ അപകടത്തിന് ശേഷം ഏതാനും മിനിറ്റുകൾക്കകം സുഹൃത്തുക്കൾക്കൊപ്പം കാറിൽ വന്ന ടാൻസാനിയക്കാരിയായ പെൺകുട്ടിയെ നാട്ടുകാർ തടഞ്ഞുനിർത്തുകയും പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു. പെൺകുട്ടിയെ വിവസ്ത്രയാക്കിയ ശേഷം പൊതുനിരത്തിലൂടെ നടത്തി. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അവരെയും ജനക്കൂട്ടം മർദ്ദിച്ചു. പിന്നീട് പെൺകുട്ടിയുടെ കാർ കത്തിച്ചു. കാഴ്‌ച്ചക്കാരായി പൊലീസുമുണ്ടായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലെ ക്രൂരതയാണ് ഏറെ ചർച്ചയാകുന്നതും. പൊലീസ് നാട്ടുകാർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കെതിരായ നടപടി.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പെൺകുട്ടി എത്തിയെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. യുവതിയെ കാർ ഇടിപ്പിച്ചു കൊന്ന സുഡാൻ വിദ്യാർത്ഥിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നാൽ മാത്രമേ കേസെടുക്കാൻ കഴിയൂവെന്നു പൊലീസ് പറഞ്ഞതായി പെൺകുട്ടി പറഞ്ഞു. ഇങ്ങനെ ഒരു അപകടം ഉണ്ടായതിനെക്കുറിച്ചോ കാർ ഓടിച്ചിരുന്നുവെന്നു പറയുന്ന സുഡാൻ വിദ്യാർത്ഥിയെക്കുറിച്ചോ തനിക്കറിയില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.

എന്നിട്ടും പെൺകുട്ടിയെ പീഡിപ്പിച്ച ആൾക്കൂട്ടത്തിനെ വെറുതെ വിടുന്നതിലായിരുന്നു പൊലീസിന് താൽപ്പര്യം. മാദ്ധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെയാണ് ഉന്നത തല അന്വേഷണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP