Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച് പഞ്ചാബ്; പൊലീസ് സ്‌റ്റേഷനിൽ സൈനിക വേഷത്തിൽ ഇരച്ചുകയറിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു; 12 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ എസ് പി അടക്കം പന്ത്രണ്ട് പേർ; ആക്രമണത്തിന് പിന്നിൽ ലഷ്‌കറെ തോയ്ബയെന്ന് ആഭ്യന്തര മന്ത്രാലയം

ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച് പഞ്ചാബ്; പൊലീസ് സ്‌റ്റേഷനിൽ സൈനിക വേഷത്തിൽ ഇരച്ചുകയറിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു; 12 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ എസ് പി അടക്കം പന്ത്രണ്ട് പേർ; ആക്രമണത്തിന് പിന്നിൽ ലഷ്‌കറെ തോയ്ബയെന്ന് ആഭ്യന്തര മന്ത്രാലയം

ഛത്തിസ്ഗഢ്: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ നടുക്കി വീണ്ടും ഭീകരാക്രമണം. പാക്കിസ്ഥാന്റെ അതിർത്തിയോട് ചേർന്ന പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇന്ന് പുലർച്ചെ ഭീകരാക്രമണം ഉണ്ടായത്. പൊലീസ് സ്‌റ്റേഷനിലും ബസിലും ആയുധധാരികളായ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ പന്ത്രണ്ട് പേർ മരിച്ചതയായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

പഞ്ചാബ് ആക്രമണത്തിനു പിന്നിൽ ലഷ്‌കറെ തോയ്ബയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദിന്റെ സഹായവും ഇവർക്കുണ്ടായിരുന്നു. നേരത്തെ തന്നെ പാക്കിസ്ഥാനിൽ നിന്നാണ് ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉന്നതതല യോഗത്തിനു ശേഷമാണ് ആക്രമണത്തിനു പിന്നിൽ ലഷ്‌കറെ തോയ്ബയാണെന്നു സ്ഥിരീകരിച്ചത്.

സൈനിക യൂനിഫോമിൽ എത്തിയ ഭീകരർ ദിനാനാർ പൊലീസ് സ്റ്റേഷനിൽ ഇരച്ചുകയറി തുരുതുരാ ആക്രമണം നടത്തുകയായിരുന്നു. പഞ്ചാബ് റോഡ് വേസിന്റെ ബസ്, ഹെൽത്ത് സെന്റർ എന്നിവക്കു നേരെയും ഭീകരർ ആക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഭീകരാക്രമണം നടന്നത്. സസ്റ്റഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, ഏഴ് പൊലീസുകാർ, മൂന്നു പ്രദേശവാസികൾ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു പേർക്കു പരിക്കേറ്റു.

ആക്രമണത്തിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ എല്ലാ ഭീകരരേയും സൈന്യം വധിച്ചു. 12 മണിക്കൂർ നീണ്ടു നിന്ന ആക്രമണത്തിലാണ് മൂന്ന് ഭീകരരെയും സൈന്യം വധിച്ചത്. സൈനിക നടപടി അവസാനിപ്പിച്ചുവെന്ന് കലക്ടർ അറിയിച്ചു. ഭീകരാക്രമണത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കം ഏഴു പേർ മരിച്ചിരുന്നു. പത്തിലധികം പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കലക്ടർ പറഞ്ഞു. പഞ്ചാബിൽ എട്ടു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ദിനനഗർ പൊലീസ് സ്റ്റേഷനു നേരെയുണ്ടായത്. 

പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ എസ്‌പി: (ഡിക്ടറ്റീവ്) ബൽജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, ഒരു ബസ് യാത്രികൻ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദിനാനഗർ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. മാരുതി കാറിൽ വന്നത്തെിയ നാലംഗ സംഘം പൊലീസ് സ്റ്റേഷന് നേരെ വെടിയുതിർക്കുകയായിരുന്നു. പാറാവു ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലും പരിസരത്തും ഏറ്റുമുട്ടൽ തുടരുകയാണ്. നാലോളം ഭീകരർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗുർദാസ്പൂർ ഡപ്യൂട്ടി കമ്മിഷണർ അഭിനവ് ത്രിഖ അറിയിച്ചു. കൂടാതെ, ഭീകരരിൽ ഒരു വനിതയുള്ളതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സൈന്യവും സംഭവസ്ഥലത്ത് എത്തി. പഞ്ചാബ് റോഡ്വേസിന്റെ ബസിനു നേരെയും ആക്രമണം നടന്നു. ഓടികൊണ്ടിരുന്ന ബസിന് നേരെ നടത്തിയ വെടിവെപ്പിൽ നാലുപേർക്ക് പരിക്കേറ്റു.

ആക്രമണം ഉണ്ടായ ഉടനെ തന്നെ എൻഎസ്ജിയുടെ നാല് ഹെലിക്കോപ്റ്ററുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചാബ് സ്‌പെഷൽ സെക്യൂരിറ്റി ഗ്രൂപ്പും (എസ്എസ്ജി) സംഭവ സ്ഥലത്തെത്തി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഭീകരവിരുദ്ധ പ്രത്യേക സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അറിയിച്ചു. സൈന്യത്തിന്റെ തിരിച്ചടി വിജയിക്കുമെന്നു പൂർണവിശ്വാസമുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഗുരുതരമായ ആക്രമണമാണിതെന്നും വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും കിരൺ റിജ്ജു വ്യക്തമാക്കി. 

പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്‌കറെ തയിബയാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിലും ലഷ്‌കറെ തയിബയായിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ നിന്നും അഞ്ച് ബോംബുകൾ കണ്ടത്തെി. ദിനാനഗറിനും പത്താൻകോട്ടിനുമിടയിലുള്ള ഭാഗത്തുനിന്നാണ് ബോംബ് കണ്ടത്തെിയിരിക്കുന്നത്. തീവ്രവാദികൾ ഒളിപ്പിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഭീകരാക്രണമത്തിന് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ഉണ്ടായതായും സംശയിക്കുന്നു.

പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ദിനാനഗർ,പത്താൻകോട്ട് ഏരിയ ഇന്ത്യൻ സേനയുടെ പ്രധാന താവളങ്ങളാണ്. ഭീകരാക്രമണത്തെ തുടർന്ന് പത്താൻകോട്ട് ദേശീയപാത അടച്ചിട്ടു. അമൃതസർപത്താൻകോട്ട് റെയിൽവേ ഗതാഗതവും നിർത്തിവച്ചിരിക്കയാണ്. പ്രദേശത്ത് ബി.എസ്.എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. 

ഇതിനെത്തുടർന്ന് അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീരദേശ പ്രദേശങ്ങളിലും ജാഗ്രതാനിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അതിനിടെ ദിനനഗറിനും പത്താംകോട്ടിനുമിടയിലെ റയിൽവെ ട്രാക്കിൽ നിന്ന് അഞ്ചുബോംബുകളും കണ്ടെത്തി. രണ്ടുബോംബുകൾ ദിനനഗർ പൊലീസ് സ്‌റ്റേഷന് തൊട്ടുമുമ്പിലെ റയിൽവെ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്.

സുരക്ഷാ വീഴ്‌ച്ചയെന്ന് കോൺഗ്രസ്, രാഷ്ട്രീയം കലർത്താതെ ഒറ്റക്കെട്ടായി നീങ്ങണമെന്ന് ബിജെപി

അതേസമയം പഞ്ചാബിലെ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിൽ രാഷ്ട്രീയം കലർത്താതെ ഒറ്റക്കെട്ടായി നീങ്ങുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രിമാർ കോൺഗ്രസിന് മുറുപടി നൽകി.

രാജ്യത്തിന് പുറത്തുനിന്നുള്ളവരാണ് ആക്രണം നടത്തിയതെന്നാണ് ആദ്യവിവരങ്ങൾ. അത് ശരിയാണെങ്കിൽ രഹസ്യാന്വേഷണ വിഭാഗത്തിനും സുരക്ഷാ ഏജൻസികൾക്കും വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. ഈ വീഴ്ച പരിശോധിച്ച് ശക്തമായ നടപടിയെടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ആനന്ദ് ശർമ്മ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരും രഹസ്യാന്വേഷണ വിഭാഗവും എവിടെയെന്നായിരുന്നു ലോക്‌സഭയിൽ കോൺഗ്രസ് പാർലമെന്റി പാർട്ടി നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ ചോദ്യം. അതിർത്തികടന്നെത്തിയവരാണ് ഭീകരരെങ്കിൽ അതിർത്തികാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷവും അതിർത്തിക്കപ്പുറത്തുനിന്ന് ആക്രണമം ഉണ്ടാകുന്നതിനെ ഗൗരവമായി കാണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ ആവശ്യങ്ങളോട് പാർലമെന്റിൽ പ്രതികരിക്കാൻ സർക്കാർ തയ്യാറായില്ല. ഏറ്റമുട്ടൽ തുടരുന്നതിനാൽ തൽകാലം ഇതേക്കുറിച്ച് പ്രതിരിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് മന്ത്രി വെങ്കയ്യ നായിഡുവിന്റെ മറുപടി. സംഭവത്തിൽ രാഷ്ട്രീയ വിമർശനത്തിന് കോൺഗ്രസ് മുതിരരരുതെന്നും ഒറ്റമനസ്സായി ഭീകരാക്രമണത്തെ നേരിടാൻ സാധിക്കണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP