Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബലാത്സംഗ കേസിലെ പ്രതിയെ ജയിൽ തകർത്ത് പിടികൂടി നഗ്നനാക്കി മർദ്ദിച്ചു കൊന്നു; മൃതദേഹം കമ്പിവേലിയിൽ കെട്ടിയിട്ടു പൊതുജനത്തിനു തുപ്പാൻ അവസരം ഒരുക്കി; വിദേശ മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ ഒരു ഇന്ത്യൻ ദുരന്തം

ബലാത്സംഗ കേസിലെ പ്രതിയെ ജയിൽ തകർത്ത് പിടികൂടി നഗ്നനാക്കി മർദ്ദിച്ചു കൊന്നു; മൃതദേഹം കമ്പിവേലിയിൽ കെട്ടിയിട്ടു പൊതുജനത്തിനു തുപ്പാൻ അവസരം ഒരുക്കി; വിദേശ മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ ഒരു ഇന്ത്യൻ ദുരന്തം

ദിമാപുർ: ആഗോള തലത്തിൽ തന്നെ ഇന്ത്യയ്്ക്കു കടുത്ത നാണക്കേടുണ്ടാക്കുന്ന ബലാത്സംഗ വാർത്തകൾക്ക് അന്ത്യമാകുന്നില്ല. രണ്ടു വർഷത്തോളമായി വിദേശ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യയിലെ ബലാത്സംഗങ്ങളെക്കുറിച്ച് ബിബിസി തയാറാക്കുകയും കേന്ദ്ര സർക്കാർ നിരോധിക്കുകയും ചെയ്ത ഒരു ഡോക്യുമെന്ററി യു ട്യൂബിലൂടെ പുറത്തു വന്ന ദിവസം തന്നെ രാജ്യത്തെ നടുക്കിയ മറ്റൊരു സംഭവം നാഗാലാന്റിൽ ഉണ്ടായി. യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പൊലീസ് പിടികൂടി ജയിലിലടച്ച പ്രതിയെ ആയിരക്കണക്കിനു നാട്ടുകാർ സംഘടിച്ചെത്തി പിടിച്ചിറക്കി നഗ്നനാക്കി നഗരമധ്യത്തിലെത്തിച്ച ശേഷം അടിച്ചും മർദ്ദിച്ചും കൊലപ്പെടുത്തി. ശേഷം ഒരു കമ്പിവേലിയിൽ ബന്ധിച്ച് തെരുവിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ സംഭവം വലിയ പ്രാധാന്യത്തോടെയാണ് വിദേശ മാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.

നിയമം കയ്യിലെടുത്ത നാലായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാൻ പൊലീസിനോ സുരക്ഷാ സേനയ്‌ക്കോ കഴിഞ്ഞില്ല. ദിമപൂരിലെ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതിയെ ജനക്കൂട്ടം തട്ടിക്കൊണ്ടു വന്നത്. ഒരു നാഗാ വിദ്യാർത്ഥിനിയെ പലതവണ ബലാൽസംഗം ചെയ്ത കുറ്റത്തിന് കഴിഞ്ഞ മാസമാണ് ഇയാളെ പൊലീസ് പിടികൂടിയിരുന്നത്. ജയിലിൽ നിന്ന് തട്ടിയെടുത്ത ശേഷം അഞ്ചു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടു വരുന്നതിനിടെ ആളുകൾ കല്ലു കൊണ്ടും വടികൾ കൊണ്ടും ഇയാളെ ക്രൂരമായി മർദ്ദിച്ചു കൊണ്ടിരുന്നു. നഗരമധ്യത്തിലെത്തിയപ്പോഴേക്കും ഇയാൾക്ക് ജീവൻ ബാക്കിയുണ്ടായിരുന്നില്ല.

ബംഗ്ലാദേശിൽ നിന്നും കുടിയേറിയ 35കാരനായ പ്രതി കഴിഞ്ഞ മാസം 24-നാണ് ഒരു വിമൺസ് കോളെജ് വിദ്യാർത്ഥിനിയെ പലതവണ ബലാൽസംഗത്തിനിരയാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടർന്ന് ദിമപൂരിലുണ്ടായ കൂറ്റൻ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളും പൊതുജനങ്ങളും ഒടുവിൽ ജയിലിലേക്ക് ഇരച്ചെത്തി പൊലീസിനെ കീഴടക്കി പ്രതിയെ ജയിലിൽ നിന്നും തട്ടിക്കൊണ്ടു വരികയായിരുന്നു. പഴയ കാറുകൾ വിൽപ്പന നടത്തുന്ന പ്രതിയുടെ വീടും ഷോപ്പുകളും ജനങ്ങൾ തീ വച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമാസക്തമായ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാരുടെ കല്ലേറിൽ നിരവധി പൊലിസുകാർ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ജനം രണ്ട് കവാടങ്ങൾ തകർത്ത് ഇയാളെ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി മെരൻ ജമീർ പറഞ്ഞു. പൊലീസിന് എന്തെങ്കിലും ചെയ്യാനാകുംമുമ്പ് ഇയാളെ നഗരഹൃദയത്തിലെത്തിച്ച് നഗ്‌നനാക്കി തല്ലിക്കൊന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് ദിമാപുർ ജില്ലയിൽ പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. നഗരമധ്യത്തിലെ ക്ലോക് ടവറിനടുത്തെത്തിച്ച് കമ്പിവേലിയിൽ കെട്ടി പ്രദർശിപ്പിച്ച പ്രതിയുടെ മൃതദേഹം ആകാശത്തേക്കു വെടിവച്ചു ജനക്കൂട്ടത്തെ അകറ്റിയ ശേഷം പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

ബലാത്സംഗ കേസുകളിൽ പിടിക്കപ്പെട്ട പ്രതികൾ ജയിലുകളിൽ സുഖ ജീവിതം നയിക്കുന്നതിനെതിരേ ജനരോഷം നിലനിൽക്കെയാണ് ഈ സംഭവം. ബിബിസി തയാറാക്കിയ ഡോക്യൂമെന്ററിയിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി ബലാൽസംഗ കേസ് പ്രതിയുടെ അഭിമുഖം കൂടി ചേർത്തത് വലിയ കോലാഹലങ്ങളുണ്ടാക്കിയിരുന്നു. ഈ ഡോക്യുമെന്ററിയിൽ ഇയാൾ ഇരയ്ക്കു മേൽ കുറ്റം ചുമത്തി തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചതും ഏറെ ചർച്ചയായിരുന്നു. ബലാൽസംഗത്തിനിരയാകുന്നവർ കൊല്ലപ്പെട്ടിട്ടും പിടികൂടിയ പ്രതികളെ നിയമനടപടികളുടെ പേരിൽ ഏറെ കാലം ശിക്ഷ വിധിക്കാതെ ജയിലിലിടുന്നത് ഇരകളോടുള്ള അനീതിയാണെന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP