Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ എത്തിയത് രണ്ടു പേരെന്ന് ദൃക്‌സാക്ഷി; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ; കെലപാതകികളുടെ സിസി ടിവി ദൃശ്യം അമേരിക്കയിലെ ഡിജിറ്റൽ ലാബിന് കൈമാറി

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ എത്തിയത് രണ്ടു പേരെന്ന് ദൃക്‌സാക്ഷി;  രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ; കെലപാതകികളുടെ സിസി ടിവി ദൃശ്യം അമേരിക്കയിലെ ഡിജിറ്റൽ ലാബിന് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ അയൽവാസിയായ വിദ്യാർത്ഥി പ്രത്യേക അന്വേഷണ സംഘത്തിനു(എസ്‌ഐടി) നിർണായക ദൃക്‌സാക്ഷിമൊഴി നൽകിയതായി സൂചന.

രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നിൽ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെൽമറ്റ് ധരിച്ച രണ്ടു പേരാണു ബൈക്കിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഇരുവരും തന്നെ കണ്ടിരുന്നതായും ഇവർ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാൽ നഗരം വിട്ടു പോകുകയായിരുന്നുവെന്നും വിദ്യാർത്ഥി അറിയിച്ചു.

രണ്ടു പേരെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നതായും സൂചനയുണ്ട്. നരേന്ദ്ര ധാബോൽക്കർ വധക്കേസിൽ സിബിഐ കസ്റ്റഡിയിലുള്ള സനാതൻ സൻസ്ഥ പ്രവർത്തകൻ ഡോ. വീരേന്ദ്ര താവ്‌ഡെയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും എസ്‌ഐടി ശ്രമം നടത്തുന്നു. സനാതൻ സൻസ്ഥയ്ക്കായി ആയുധങ്ങൾ എത്തിച്ചുകൊടുത്തതിനാണ് താവ്‌ഡെയെ കഴിഞ്ഞ വർഷം സിബിഐ കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ കൊലപാതക ദിവസം സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം അമേരിക്കയിലുള്ള ഡിജിറ്റൽ ലാബിന് കൈമാറി.

കേസിന്റെ അന്വേഷണത്തിൽ ഏറെ നിർണായകമാണ് ഈ സിസിടിവി ദൃശ്യങ്ങൾ. എന്നാൽ ഇവയുടെ വ്യക്തതക്കുറവ് അന്വേഷണ പുരോഗതിക്ക് തടസ്സമാവുന്ന പശ്ചാത്തലത്തിലാണ് ഇവ ഡിജിറ്റൽ ലാബിന് കൈമാറിയത്. ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനയിലൂടെ അക്രമികളെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ദൃശ്യങ്ങൾ വികസിപ്പിച്ച് വ്യക്തത വരുത്താനാണ് ശ്രമം. രണ്ട് ദിവസത്തിനുള്ളിൽ ഡിജിറ്റൽ ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൗരിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലെ മുഴുവൻ ദൃശ്യങ്ങളും ശേഖരിക്കാൻ സാധിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെ സമാനമായ കേസിൽ ഉൾപ്പെട്ട പ്രതികളുടെ ചിത്രവുമായി പൊലീസ് ഒത്തുനോക്കിയിരുന്നു. എന്നാൽ സംഘത്തിലുള്ളവരുടേയോ അവർ ഉപയോഗിച്ച മോട്ടോർ ബൈക്കിന്റേയോ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP