Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്‌പോർട്ടിൽ പിതാവിന്റെ പേര് വെയ്ക്കുന്നതിനെതിരെ യുവതിയുടെ പരാതി; കുഞ്ഞു പിറന്നത് ബലാൽസംഗത്തിലൂടെയാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ

പാസ്‌പോർട്ടിൽ പിതാവിന്റെ പേര് വെയ്ക്കുന്നതിനെതിരെ യുവതിയുടെ പരാതി; കുഞ്ഞു പിറന്നത് ബലാൽസംഗത്തിലൂടെയാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ

കുട്ടികൾക്കുവേണ്ടി പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ അവിവാഹിതരായ അമ്മമാർ തങ്ങളെങ്ങനെയാണ് ഗർഭിണിയായതെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ. പാസ്‌പോർട്ടിൽ തന്റെ വളർത്തച്ഛന്റെ പേര് ചേർക്കുന്നതിനെ എതിർത്ത പാസ്‌പോർട്ട് അധികൃതർക്കെതിരെ യുവതി നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ മുംബൈ ഹൈക്കോടതിയിൽ ഇങ്ങനെ ബോധിപ്പിച്ചത്.

ജസ്റ്റിസുമാരായ വി എം.കനാഡെ, അനുജ പ്രഭുദേശായി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് യുവതിയുടെ ഹർജി കേൾക്കുന്നത്. അവിവാഹിതരായ അമ്മമാർ കുട്ടികൾക്കുവേണ്ടി പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര സർക്കാരിന്റെ വിചിത്രവാദം.

അവിവാഹിതരായ അമ്മമാർ, എങ്ങനെ ഗർഭിണിയായെന്ന് വ്യക്തമാക്കണം. ബലാൽസംഗത്തിലൂടെയാണ് കുട്ടി പിറന്നതെങ്കിൽ അക്കാര്യവും വ്യക്തമാക്കണം. എന്തുകൊണ്ടാണ് കുട്ടിയുടെ യഥാർഥ പിതാവിന്റെ പേര് രേഖപ്പെടുത്താൻ ഇഷ്ടപ്പെടാത്തതെന്നും വിശദമാക്കണമെന്ന് വിദേശ മന്ത്രാലയത്തിനുവേണ്ടി കോടതിയിൽ ഹാജരായ പൂർണിമ ഭാട്ടിയ പറഞ്ഞു. പാസ്‌പോർട്ടിനായി നൽകുന്ന വിശദാംശങ്ങൾ രഹസ്യസ്വഭാവമുള്ളതായതിനാൽ, ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു.

21-കാരിയായ യുവതിയാണ് കോടതിയെ സമീപിച്ചിരുന്നത്. സ്‌കൂൾ, കോളേജ് സർട്ടിഫിക്കറ്റുകളിൽ പിതാവിന്റെ സ്ഥാനത്ത് വളർത്തച്ഛന്റെ പേരാണുള്ളത്. ഈ പേരിൽ പാസ്‌പോർട്ട് നൽകാനാവില്ലെന്ന് പാസ്‌പോർട്ട് ഓഫീസർ നിലപാട് എടുത്തതിനെയാണ് യുവതി ചോദ്യം ചെയ്യുന്നത്. വളർത്തച്ഛനെ രക്ഷിതാവായി അംഗീകരിക്കുന്നുവെന്ന കോടതിയുത്തരവ് വേണമെന്നും പാസ്‌പോർട്ട് ഓഫീസർ വ്യക്തമാക്കിയിരുന്നു.

എന്നാൽ, താൻ ജനിക്കുന്നതിനുമുന്നെ തന്നെ ഉപേക്ഷിച്ചുപോയ തന്റെ യഥാർഥ അച്ഛന്റെ പേര് പാസ്‌പോർട്ടിൽ ചേർക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് യുവതി വ്യക്തമാക്കി. അച്ഛന്റെ പേര് വ്യക്തമാക്കണമെന്നത് പാസ്‌പോർട്ട് നിയമാവലിയിലുള്ള കാര്യമാണെന്ന് സർക്കാരിന്റെ അഭിഭാഷക പറഞ്ഞു. അതിൽ ഇളവുവരുത്താനാവില്ല. എന്നാൽ, പാസ്‌പോർട്ട് നിയമാവലിയിൽ അച്ഛന്റെ പേര് ചേർക്കണമെന്നത് പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിലാണ് ബാധകമെന്നും താൻ മുതിർന്ന വ്യക്തിയാണെന്നു യുവതി കോടതിയിൽ ബോധിപ്പിച്ചു.

പാസ്‌പോർട്ട് നിയമാവലി മാർഗനിർദേശങ്ങൾ മാത്രമാണെന്നും അതിനെ നിയമമായി വ്യാഖാനിക്കുന്നത് തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ നവംബർ 12-ന് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP