Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താങ്കളുടെ കൈയിൽ നിന്നും ഈ ബിരുദം ഏറ്റുവാങ്ങില്ല..! ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിൽ വൈസ് ചാൻസലർ അപ്പാ റാവുവിനെതിരെ ദളിത് വിദ്യാർത്ഥിയുടെ പ്രതിഷേധം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സദസ്

താങ്കളുടെ കൈയിൽ നിന്നും ഈ ബിരുദം ഏറ്റുവാങ്ങില്ല..! ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിൽ വൈസ് ചാൻസലർ അപ്പാ റാവുവിനെതിരെ ദളിത് വിദ്യാർത്ഥിയുടെ പ്രതിഷേധം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സദസ്

 ഹൈദരാബാദ്: രോഹിത് വെമുല വിഷയത്തിൽ ആരോപണ വിധേയനായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്കെതിരെ ദളിത് വിദ്യാർത്ഥിയുടെ പ്രതിഷേധം. വിസി അപ്പാറാവുവിനെതിരെയാണ് പ്രതിഷേധമുണ്ടായത്. റാവുവിൽ നിന്നും ബിരുദം സ്വീകരിക്കാതെ ദളിത് വിദ്യാർത്ഥിയുടെ പ്രതിഷേധിച്ചത്. ആത്മഹത്യ ചെയ്ത രോഹിതിനൊപ്പം സർവകലാശാലയിൽ നിന്നും നടപടി നേരിട്ട നാല് പേരിൽ ഒരാളായ സുങ്കണ വെൽപുലയാണ് വിസിയിൽ നിന്നും ബിരുദം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കി വേദിയിൽ പ്രതിഷേധിച്ചത്.

പേര് വിളിച്ചതിന് പിന്നാലെ വേദിയിലെത്തിയ വെൽപുല വിസിയിൽ നിന്നും ബിരുദം വാങ്ങില്ലെന്ന നിലപാടെടുത്തു. ഇക്കാര്യം വിസിയോട് തന്നെ നേരിട്ട് പറയുകയും ചെയ്തു. ഇതോടെ വിസി അധ്യക്ഷ വേദിയിൽ ഇരുന്ന പ്രോവൈസ് ചാൻസലറെ വിളിച്ചു. തുടർന്ന് പ്രോ വൈസ് ചാൻസലർ വിപിൻ ശ്രീവാസ്തവ വന്നാണ് വെൽപുലയ്ക്ക് ബിരുദം കൈമാറിയത്. ഈ പ്രതിഷേധം സദസ്സിൽ ഇരുന്ന വിദ്യാർത്ഥികൾ കൈയടികളോടെ വരവേൽക്കുകയും ചെയ്തു.

മുൻകൂട്ടി തീരുമാനിച്ച കാര്യമായിരുന്നില്ല ഇതെന്നാണ്് സുങ്കണ വെൽപുല പിന്നീട് വെളിപ്പെടുത്തിയത്. അപ്പാ റാവുവാണ് ബിരുദം നൽകുന്നതെന്ന് വ്യക്തമായത് അപ്പോഴാണ്. ഇതോടെ അദ്ദേഹത്തിൽ നിന്നും ബിരുദം ഏറ്റുവാങ്ങില്ലെന്ന് അപ്പോഴെ ഞാൻ തീരുമാനിച്ചു. വേദിയിൽ എത്തിയപ്പോൾ മറ്റാരിൽ നിന്നും സ്വീകരിച്ചാലും നിങ്ങളിൽ നിന്നും ഏറ്റുവാങ്ങാൻ തയ്യാറായില്ലെന്ന് വിസിയോട് നേരിട്ട് പറഞ്ഞു. പ്രശ്‌നങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് ബിരുദം ഏറ്റുവാങ്ങിപ്പിക്കാൻ വിസി ശ്രമിച്ചെങ്കിലും ഞാൻ വിസമ്മതിച്ചുവെന്നും സുങ്കണ വെൽപുല വ്യക്തമാക്കി.

ജനുവരി പതിനേഴിന് സർവകലാശാല ഹോസ്റ്റൽ മുറിയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ കലാലയങ്ങളിൽ വൻ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ അപ്പാ റാവു ജനുവരിയിൽ അവധിയിൽ പ്രവേശിച്ചിരുന്നു. വീണ്ടും വിസിയായി മെയ് മാസത്തിൽ തിരിച്ചെത്തിയപ്പോഴും വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടേണ്ടി വന്നു. രോഹിത്തിന്റെ ആത്മഹത്യയിൽ പട്ടികജാതി/പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം അപ്പാ റാവുവിനെതിരെ കേസെടുത്തിരുന്നു.

മുസാഫർ നഗർ വർഗീയ കലാപത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പങ്കിനെ കുറിച്ച് പറയുന്ന 'മുസാഫർനഗർ ബാക്കി ഹെ' എന്ന ഡോക്യുമെന്ററി അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ(എഎസ്എ) പ്രദർശിപ്പിച്ചതാണ് സർവകലാശാലയെ സംഘർഷഭരിതമാക്കിയതിന്റെ തുടക്കം. പ്രദർശനം എ.ബി.വി.പി തടസ്സപ്പെടുത്തുകയും എ.എസ്.എ വിദ്യാർത്ഥികൾക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇതോടെ ഇവർ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് എ.ബി.വി.പി പ്രവർത്തകർക്ക് മാപ്പ് എഴുതി നൽകേണ്ടിവന്നു. ഇതിന്റെ നാണക്കേട് മറയ്ക്കാനാണ് കേന്ദ്രമന്ത്രി ഇടപെട്ട് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.

എഎസ്എയ്‌ക്കെതിരെ എബിവിപിയും ബിജെപിആർഎസ്എസ് പ്രവർത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും നടപടി എടുക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വി സിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങൾ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാർത്ഥികളെ പുറത്താക്കുന്നതായി വിസി നോട്ടീസ് പുറപ്പെടുവിച്ചു. ഹോസ്റ്റലിൽ പ്രവേശിക്കാൻ പാടില്ലെന്നും വിദ്യാർത്ഥികളുടെ കൂട്ടായ്മകളിൽ പങ്കെടുക്കരുതെന്നും നോട്ടീസിൽ നിർദേശിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ ഉത്തരവ് പിൻവലിച്ചു.

എന്നാൽ ഈ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എംപിയും തൊഴിൽ മന്ത്രിയുമായ ബന്ധാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു. എഎസ്എ പ്രവർത്തകരായ വിദ്യാർത്ഥികൾ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ആരോപിച്ച് ഇദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്തവരാണ് വിദ്യാർത്ഥികളെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് യാക്കൂബ് മേമൻ കേസിൽ എ.എസ്.എ വിദ്യാർത്ഥികൾ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സംഘപരിവാർ ശക്തികൾ വി സിയെ സമീപിച്ചു. ഇക്കാര്യത്തിൽ യാതൊരു വിശദീകരണം തേടാതെ വി സി ദളിത് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് രോഹിത് വെമൂല ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP