Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുപിയിലെ കാട്ടിൽ കണ്ടെത്തിയ എട്ട് വയസുകാരിയെ ഇതുവരെ കാത്തത് വാനരസംഘമെന്ന് സൂചന; രക്ഷിക്കാൻ ശ്രമിച്ചവരെ കുരങ്ങന്മാർ ആക്രമിച്ചു; രണ്ട് മാസം മുമ്പ് കണ്ടെത്തിയ ഇന്ത്യൻ മൗഗ്ലിക്ക് ഇപ്പോഴും മനുഷ്യന്മാരെ പേടി

യുപിയിലെ കാട്ടിൽ കണ്ടെത്തിയ എട്ട് വയസുകാരിയെ ഇതുവരെ കാത്തത് വാനരസംഘമെന്ന് സൂചന; രക്ഷിക്കാൻ ശ്രമിച്ചവരെ കുരങ്ങന്മാർ ആക്രമിച്ചു; രണ്ട് മാസം മുമ്പ് കണ്ടെത്തിയ ഇന്ത്യൻ മൗഗ്ലിക്ക് ഇപ്പോഴും മനുഷ്യന്മാരെ പേടി

വിശ്രുത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിംഗിന്റെ ഇതിഹാസ സമാനമായ പുസ്തകം ദി ജംഗിൾ ബുക്കിലെ മൗഗ്ലിയെ പോലുള്ള കുട്ടിയെ കാണണമെങ്കിൽ ഇപ്പോൾ ഉത്തർ പ്രദേശിലെ ഈ ആശുപത്രിയിലേക്ക് വരുക. കാട്ടിലകപ്പെട്ട മൗഗ്ലിയെ മൃഗങ്ങൾ വളർത്തിയത് പോലെ ഈ എട്ട് വയസുകാരി ഇതുവരെ വളർന്നതുകൊടുങ്കാട്ടിൽ കുരങ്ങുകൾക്കൊപ്പമായിരുന്നു. യുപിയിലെ കട്ടാർനിയഗട്ട് വന്യജീവി സങ്കേതത്തിൽ നിന്നും രണ്ട് മാസം മുമ്പ് ഈ പെൺകുട്ടിയെ കണ്ടെത്തി രക്ഷിച്ച് മനുഷ്യർക്കിടയിലേക്കെത്തിച്ചെങ്കിലും പെൺകുട്ടിക്ക് ഇപ്പോഴും മനുഷ്യരുടെ ഭാഷ സംസാരിക്കാനോ രണ്ട് കാലിൽ നിവർന്ന് നിന്ന് നടക്കാനോ സാധിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആശയവിനിമയത്തിനായി കുരങ്ങന്മാരെ പോലെ പ്രത്യേക ശബ്ദമാണ് പെൺകുട്ടി പുറപ്പെടുവിക്കുന്നത്. നടക്കുന്നത് കൈകാലുകൾ നിലത്ത് കുത്തിയാണ്.

വന്യജീവി സങ്കേതത്തിൽ പട്രോളിംഗിനിറങ്ങിയ പൊലീസായിരുന്നു പെൺകുട്ടിയെ യാദൃശ്ചികമായി കണ്ടെത്തുകയും കടുത്ത പ്രയത്നത്തിലൂടെ വാനരസംഘത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തിരുന്നത്. രക്ഷിക്കാൻ ചെന്ന സംഘത്തെ കുരങ്ങുകൾ കൂട്ടത്തോടെ ആക്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ രണ്ട് മാസം മുമ്പ് കണ്ടെത്തിയ ഈ ഇന്ത്യൻ മൗഗ്ലിക്ക് ഇപ്പോഴും മനുഷ്യരെ പേടിയാണ്. നേപ്പാളിനോട് ചേർന്നുള്ള വനത്തിൽ ഈ പെൺകുട്ടി സുഖകരമായിട്ടായിരുന്നു കഴിഞ്ഞിരുന്നതെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. പെൺകുട്ടി ആരാണെന്നും എങ്ങനെയാണ് കാട്ടിൽ അകപ്പെട്ടതെന്നുമറിയാനുള്ള തീവ്രപരിശ്രമത്തിലാണ് അധികൃതരിപ്പോൾ.

സബ് ഇൻസ്പെക്ടർ സുരേഷ യാദവ് പെൺകുട്ടിയെ കണ്ടുപിടിക്കുന്നതിന് മുമ്പ് വനത്തിൽ തടി വെട്ടാനെത്തിയവരായിരുന്നു പെൺകുട്ടിയെ ആദ്യമായി കണ്ടിരുന്നത്. തുടർന്ന് നിരവധി പേർ ചേർന്ന് പെൺകുട്ടിയെ വാനരസംഘത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ആശുപത്രിലെത്തിക്കുകയുമായിരുന്നു. തുടർന്ന് നാളിതുവരെ പെൺകുട്ടി ആശുപത്രിയിലാണ്. ആശുപത്രിയിൽ എത്തിയ ഉടൻ പെൺകുട്ടി തികച്ചും ഒരു മൃഗത്തെപ്പോലെയാണ് പെൺകുട്ടി പെരുമാറിയിരുന്നത്. ഭക്ഷണം നിലത്ത് നിന്ന് കൈകൾ കൊണ്ടെടുക്കാതെ നേരിട്ട് വായ ഉപയോഗിച്ച് അകത്താക്കുകയാണ് ചെയ്തിരുന്നത് . എന്നാൽ ഇപ്പോൾ അവൾ അത്യാവശ്യം രണ്ട് കാലിൽ നടക്കാനും ഭക്ഷണം കൈകൊണ്ടെടുത്ത് കഴിക്കാനുമാരംഭിച്ചുവെന്നാണ് ഈ ഗവൺമെന്റ് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡി.കെ.സിങ് വെളിപ്പെടുത്തുന്നു.

എന്നാൽ ഇപ്പോഴും മനുഷ്യരെ പോലെ സംസാരിക്കാനാവുന്നില്ല. പക്ഷേ മറ്റുള്ളവർ പറയുന്നത് മനസിലാക്കാനാവുമെന്നും സിങ് വെളിപ്പെടുത്തുന്നു. പെൺകുട്ടിയെ കാട്ടിൽ കണ്ടെത്തിയപ്പോൾ പൂർണ നഗ്‌നയായിരുന്നുവെന്നും കുരങ്ങന്മാരുടെ സഹവാസത്തിൽ അവൾ തികച്ചും സൗഖ്യമനുഭവിച്ചിരുന്നുവെന്നുമാണ് പൊലീസ് ഓഫീസറായ ദിനേഷ് ത്രിപാദി വെളിപ്പെടുത്തുന്നത്. മരം വെട്ടുകാർ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കുരങ്ങന്മാർ അവരെ ആക്രമിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. തുടർന്നായിരുന്നു പൊലീസ് ഓഫീസർ സുരേഷ യാദവ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ രക്ഷിച്ച് പൊലീസ് കാറിൽ കൊണ്ടു വരുമ്പോഴും കുരങ്ങന്മാർ ആക്രമണാസക്തരായി പിന്തുടർന്നിരുന്നുവെന്നും ത്രിപാദി പറയുന്നു. പെൺകുട്ടിയെ സാധാരണ മനുഷ്യരെപ്പോലെയാക്കാൻ ആശുപത്രി ജീവനക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചു വരുന്നുവെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP