Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശുവിനെ ദേശീയ മൃഗമാക്കാൻ ചിലർ; പെൺമക്കളെ തുടലിൽ കെട്ടി മറ്റു ചിലർ; ഹിന്ദു മതത്തിലേക്ക് തിരിച്ചു പരിവർത്തനം നടത്താൻ വേറെ ചിലർ; യുപിയിൽ എങ്ങും ഹിന്ദു വർഗീയത അഴിഞ്ഞാടുന്നു: ഏതു നിമിഷവും പൊട്ടാവുന്ന ബോംബെന്ന ഭയത്തിൽ കേന്ദ്രം

പശുവിനെ ദേശീയ മൃഗമാക്കാൻ ചിലർ; പെൺമക്കളെ തുടലിൽ കെട്ടി മറ്റു ചിലർ; ഹിന്ദു മതത്തിലേക്ക് തിരിച്ചു പരിവർത്തനം നടത്താൻ വേറെ ചിലർ; യുപിയിൽ എങ്ങും ഹിന്ദു വർഗീയത അഴിഞ്ഞാടുന്നു: ഏതു നിമിഷവും പൊട്ടാവുന്ന ബോംബെന്ന ഭയത്തിൽ കേന്ദ്രം

ലഖ്‌നോ: ബിജെപിക്ക് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്താൻ വഴിയൊരുക്കിക്കൊടുത്ത ഉത്തർ പ്രദേശിൽ ഇപ്പോൾ ഹിന്ദുത്വ മന്ത്രങ്ങളുമായി രംഗത്തുള്ളത് കാവി നേതാക്കൾ മാത്രമല്ല. ശക്തിപ്രാപിച്ചു വരുന്ന ഹിന്ദുത്വരുടെ പ്രവർത്തനങ്ങൾ യുപിയിലുടനീളം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ എട്ട് നിയമസഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടമായ പുതിയ സാഹചര്യത്തിൽ ഹിന്ദുത്വ അജണ്ടയുമായി കാവി സംഘം യുപിയിൽ ഇനിയും മുന്നേറുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അക്‌ബറുമാരെ ഇനി മുതൽ ജോധമാർ വിവാഹം ചെയ്യില്ലെന്ന ഗൊരഖ്പൂർ എംപി യോഗി ആദിത്യനാഥിനെ പോലുള്ളവർ തീവ്രാവേശത്തിൽ പാർലമെന്റിൽ നടത്തുന്ന പ്രസംഗങ്ങൾക്ക് ഹിന്ദുത്വത്തിന്റെ കാലാൾപ്പടയാണ് വൻ പ്രചാരണം കൊടുക്കുന്നത്.

പരമ്പരാഗത സംസ്‌കാരം അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി ധീരരായ ഇന്ത്യൻ വനിതകളുടെ കഥകളാണ് വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗാ വാഹിനി സംഘടിപ്പിക്കുന്ന സപ്തഹിക് സത്സംഗ് എന്ന പരിപാടിയിൽ നടക്കുന്നത്. മതം മാറ്റുക എന്ന ലക്ഷത്തോടെ വിവാഹം ചെയ്യാനെത്തുന്നവരിൽ നിന്നും പെൺമക്കളെ രക്ഷപ്പെടുത്തേണ്ടതിനുള്ള മാർഗങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ശക്തി ഉപാസന കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് ലാത്തി, കത്തി, വാൾ, തോക്ക് എന്നിവ സ്വയം പ്രതിരോധത്തിനായി ഉപയോഗിക്കുന്നത് എങ്ങനെ എന്നും പഠിപ്പിക്കുന്നു. വിവാഹഭ്യർത്ഥന നടത്തുന്ന യുവാക്കൾ യഥാർത്ഥ ഹിന്ദുക്കളാണോ എന്നു തിരിച്ചറിയേണ്ട്ത് എങ്ങനെ എന്നും ഇവർ വിശദീകരിച്ചു കൊടുക്കുന്നുണ്ട്.

ഹിന്ദുത്വ പ്രശ്‌നങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങൾ യുപിയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കൂൺ പോലെ മുളച്ചു പൊങ്ങിക്കൊണ്ടിരിക്കുന്നു. ഓഗസ്റ്റിൽ പുറത്തിറങ്ങിയ നാല് പേജ് ഫുൾ കളർ പത്രമായ 'നാരദ പരികർമ'യിൽ പശുവിനെ അറക്കുന്നത് നിരോധിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഹിന്ദുയിസത്തിന്റെ തത്വങ്ങൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പത്രം വ്യക്തമാക്കുന്നു.

ആർഎസ്എസിന്റെ പോഷക സംഘടനയായ ധർമ ജാഗരൺ, സ്വാമി ശ്രദ്ധാനന്ദ് ബലിദാൻ ദിവസമായ ഡിസംബർ 23-ന് വലിയ പുനർ-മതപരിവർത്തനത്തിനുള്ള പദ്ധതികൾ തയാറാക്കുന്ന തിരക്കിലാണിപ്പോൾ. ഇസ്ലാം മതം സ്വീകരിച്ച 5000 പേരെ ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വരാനാണ് പദ്ധതിയെന്ന് സംഘടനയുടെ പടിഞ്ഞാറൻ യുപി ചുമതല വഹിക്കുന്ന രാജേശ്വർ സിങ് പറഞ്ഞു. 1500 പേരെ മതം മാറ്റാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസം അലീഗഢിൽ ക്രിസ്ത്യൻ വിശ്വാസത്തിലേക്കു പോയ 72 വാൽമീകി വിഭാഗക്കാരെ തിരിച്ചു മതപരിവർത്തനം നടത്തുകയും ഇവരുടെ ചർച്ച് ക്ഷേത്രമാക്കി മാറ്റുകയും ചെയ്തതോടെയാണ് ഇവരുടെ പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങിയത്. ധർമ ജാഗരണിന്റെ നേതൃത്വത്തിൽ നടന്ന ഈ സംഭവം ഇവർ തിരിച്ചു വരവ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ബജ്‌റംഗ് ദളും തങ്ങളുടെ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ഒരുക്കത്തിലാണ്. വാർഷിക ബലിദാന ദിനമായി ആചരിക്കുന്ന നവംബർ രണ്ടിന് ഇത്തവണ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചാണ് ഇവർ രംഗത്തിറങ്ങുക. കർസേവകർക്കെതിരെ ആദ്യ വെടിവയ്‌പ്പുണ്ടായ ദിവസമാണിത്. സാധാരണ 5000 പേർ പങ്കെടുക്കാറുള്ള ക്യാമ്പിൽ ഇത്തവണ ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് പദ്ധതി. അടുത്ത മാസം പ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനായി ഹരിദ്വാറിൽ മൂന്ന് ദിവസത്തെ ക്യാമ്പും ഇവർ സംഘടിപ്പിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP