Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്ത് കോൺഗ്രസ്സിൽ പ്രതിസന്ധി; ശങ്കർ സിങ്ങ് വഗേലയെ പുറത്താക്കി; തന്നെ പുറത്താക്കിയ തീരുമാനം അറിയിച്ച് വഗേല പൊതുവേദിയിൽ; കോൺഗ്രസ്സിന്റെ തീരുമാനം വിനാശകാലേ വിപരീത ബുദ്ധിയെന്ന് വഗേലയുടെ പരിഹാസം; വഗേല ബിജെപിയിലേക്ക് മടങ്ങുന്നതായി സൂചന

ഗുജറാത്ത് കോൺഗ്രസ്സിൽ പ്രതിസന്ധി; ശങ്കർ സിങ്ങ് വഗേലയെ പുറത്താക്കി; തന്നെ പുറത്താക്കിയ തീരുമാനം അറിയിച്ച് വഗേല പൊതുവേദിയിൽ; കോൺഗ്രസ്സിന്റെ തീരുമാനം വിനാശകാലേ വിപരീത ബുദ്ധിയെന്ന് വഗേലയുടെ പരിഹാസം; വഗേല ബിജെപിയിലേക്ക് മടങ്ങുന്നതായി സൂചന

അഹമ്മദാബാദ് : മുതിർന്ന നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ശങ്കർസിങ് വഗേലയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി.വഗേല തന്നെയാണ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയ കാര്യം അറിയിച്ചത്. ഇന്ന് 77ാം ജന്മദിനം ആഘോഷിക്കുന്ന വഗേല, ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഗാന്ധിനഗറിൽ നടത്തിയ റാലിയിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പാർട്ടിക്ക് 'അഹിതമായത്' എന്തെങ്കിലും പറയുമെന്ന ആശങ്ക കൊണ്ടാണ് ജന്മദിനത്തിന്റെ തലേന്ന് തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്നും വഗേല ആരോപിച്ചു.ഏറെക്കാലമായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ശങ്കർസിങ് വഗേല

ബിജെപിയിലായിരുന്ന വഗേല 1996-97ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വഗേല ഗുജറാത്തിലെ ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് പാർട്ടി സെക്രട്ടറിയായിരുന്നു ഇപ്പോൾ പ്രധാനമന്ത്രിയായ മോദി. പിന്നീടു പാർട്ടി വിട്ട വഗേല നിലവിൽ പ്രതിപക്ഷ നേതാവാണ്. അതേസമയം, തന്റെ മുൻ രാഷ്ട്രീയ തട്ടകമായ ബിജെപിയിലേക്ക് വഗേല മടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്. വഗേല ബിജെപിയിലേക്ക് മടങ്ങുന്ന പക്ഷം, അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ ബിജെപിക്കത് വലിയരീതിയിൽ ഗുണം ചെയ്യുമെന്നുറപ്പാണ്. കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ വഗേല, ട്വിറ്ററിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പിന്തുടരുന്നതു അവസാനിപ്പിച്ചിരുന്നു. ബിജെപിക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കംചെയ്യുകയും ചെയ്തു.

ജന്മദിനാഘോഷ വേളയിൽ താൻ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാനുള്ള ക്ഷമ കാട്ടാൻ പോലും പാർട്ടി തയാറായില്ലെന്ന് വഗേല കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ 'വിനാശകാലേ വിപരീത ബുദ്ധി'യെന്നും വഗേല വിശേഷിപ്പിച്ചു. പാർട്ടിയിൽനിന്ന് പുറത്താക്കിയതിന്റെ പേരിൽ രാഷ്ട്രീയത്തിൽനിന്ന് താൻ വിരമിക്കില്ലെന്നും വഗേല പ്രഖ്യാപിച്ചു. അധികാരവും സ്ഥാനമാനങ്ങളും ഒരിക്കലും തന്നെ ആകർഷിച്ചിട്ടില്ല. ഇപ്പോഴും 77 നോട്ടൗട്ടായി തുടരുകയാണ് താൻ. വിധിയിൽ വിശ്വസിക്കുന്നയാളാണ് താനെന്നും വഗേല വ്യക്തമാക്കി.

ഈ വർഷാവസാനം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്തു വഗേലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. നിയമസഭയിലെ 57 കോൺഗ്രസ് എംഎൽഎമാരിൽ 36 പേർ കഴിഞ്ഞ മാസം വഗേലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിനു മുൻപു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്ലെന്നു നേതൃത്വം വ്യക്തമാക്കിയതോടെയാണു വഗേല ഇടഞ്ഞത്.

തുടർന്ന് ഈ ആവശ്യം ഉന്നയിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരുമായി വഗേല കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ബിജെപിയിൽനിന്ന് കൂടുമാറിയെത്തിയ വഗേലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ അത് വർഷങ്ങളായി പാർട്ടിക്കൊപ്പമുള്ള നേതാക്കളെ നിരുത്സാഹപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വം ഈ ആവശ്യം തള്ളുകയായിരുന്നു. തന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേൽ വഴി സോണിയ ഇക്കാര്യം വഗേലയെ അറിയിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP