Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'വർധ'യെടുത്തത് ഏഴു ജീവൻ; തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി 16,000 പേരെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രത; ആയിരക്കണക്കിനു മരങ്ങൾ കടപുഴകി വീണു; ട്രെയിനുകൾ റദ്ദാക്കി; ബഹുനില കെട്ടിടങ്ങളുടെ ഗ്ലാസ് പാളികൾ കാറ്റത്ത് ഇളകിപ്പറന്നു; കഴിഞ്ഞ ഡിസംബറിലെ പ്രളയദുരന്തം ആവർത്തിക്കുമോ എന്ന ഭീതിയിൽ തമിഴകം; മലയാളികളും ആശങ്കയിൽ; കാറ്റും മഴയും ശക്തിപ്പെടാൻ സാധ്യത

'വർധ'യെടുത്തത് ഏഴു ജീവൻ; തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി  16,000 പേരെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രത; ആയിരക്കണക്കിനു മരങ്ങൾ കടപുഴകി വീണു; ട്രെയിനുകൾ റദ്ദാക്കി; ബഹുനില കെട്ടിടങ്ങളുടെ ഗ്ലാസ് പാളികൾ കാറ്റത്ത് ഇളകിപ്പറന്നു; കഴിഞ്ഞ ഡിസംബറിലെ പ്രളയദുരന്തം ആവർത്തിക്കുമോ എന്ന ഭീതിയിൽ തമിഴകം; മലയാളികളും ആശങ്കയിൽ; കാറ്റും മഴയും ശക്തിപ്പെടാൻ സാധ്യത

ചെന്നൈ: ആഞ്ഞുവീശുന്ന വർധ ചുഴലിക്കാറ്റ് ഇതിനകം കവർന്നതു രണ്ടു ജീവൻ. തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി 16,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു മരങ്ങളാണു കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ കടപുഴകി വീണത്. ചെന്നൈയിൽ 140 കിലോമീറ്ററിലേറെ വേഗതയിലാണു കാറ്റു വീശിയത്.

വൈകുന്നേരത്തോടെ കാറ്റിന്റെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ കാറ്റു തമിഴ്‌നാടു തീരം വിടുമെന്നാണു വിലയിരുത്തൽ. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറുകളിൽ ശക്തി വീണ്ടെടുക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിലുണ്ടായ പ്രളയം ചെന്നൈ നഗരത്തിനു കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. 2015 ഡിസംബർ ആദ്യ വാരമായിരുന്നു ചെന്നൈയിൽ പ്രളയമുണ്ടായത്. അന്നു കനത്ത മഴ പെയ്തതോടെ റിസർവോയറുകളിൽ വെള്ളം ഉയർന്നത് ഇക്കുറിയും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. വീണ്ടുമൊരു പ്രളയദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

മണിക്കൂറിൽ 120-150 കിലോമീറ്റർ വേഗത്തിലാണ് കാറ്റടിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കൊടുക്കാറ്റ് തീരത്തെത്തിയത്. കനത്ത കാറ്റിൽ റെയിൽപാളങ്ങളും വൈദ്യുതിബന്ധവും പലയിടത്തും തകർന്നു. വൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണതോടെ പലയിടത്തും റോഡ് ഗതാഗതവും താറുമാറായി. തകർന്ന റെയിൽപാളങ്ങൾ ഗതാഗത യോഗ്യമാക്കാൻ ശ്രമം തുടരുകയാണ്. നിരവധി ട്രെയിനുകൾ റദ്ദാക്കി. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12695) റദ്ദാക്കിയവയിൽപ്പെടും. ചെന്നൈ-മംഗലാപുരം (22637), ചെന്നൈ- കോയമ്പത്തൂർ (12679), ചെന്നൈ-മംഗലാപുരം (12685) എന്നീ ട്രെയിനുകൾ റദ്ദാക്കി.

ചെന്നൈ സെൻട്രലിൽനിന്നു റദ്ദാക്കിയ ട്രെയിനുകൾ

  • 22637- മാംഗ്ലൂർ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്
  • 56001 ആരക്കോണം പാസഞ്ചർ
  • 12609 കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ്
  • 12712 വിജയവാഡ പിനാകിനി എക്സ്‌പ്രസ്
  • 16053 തിരുപ്പതി എക്സ്‌പ്രസ്
  • 12679 കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്‌പ്രസ്
  • 12695 ട്രിവാൻഡ്രം എക്സ്‌പ്രസ്
  • 12607 കെഎസ്ആർ ബെംഗളൂരു ലാൽബാഗ് എക്സ്‌പ്രസ്
  • 57239 ഗുഡൂർ പാസഞ്ചർ
  • 22860 പുരി വീക്ലി എക്സ്‌പ്രസ്
  • 16203 തിരുപ്പതി ഗരുഡദിരി എക്സ്‌പ്രസ്
  • 12603 ഹൈദരാബാദ് എക്സ്‌പ്രസ്
  • 12685 മാംഗ്ലൂർ എക്സ്‌പ്രസ്

ചെന്നൈ എഗ്മോറിൽനിന്നു റദ്ദാക്കിയ ട്രെയിനുകൾ

  • 11042 സിഎസ്ടിഎം എക്സ്‌പ്രസ്
  • 12635 മധുര വൈഗ എക്സ്‌പ്രസ്
  • 12605 കരൈക്കുടി പല്ലവൻ എക്സ്‌പ്രസ്
  • 16105 തിരുച്ചെന്തൂർ എക്സ്‌പ്രസ്

ചെന്നൈയിലെ മുന്തിയ ഹോട്ടലായ ഹയാത്തിന്റെ മേൽപ്പാളികൾ ശക്തമായ കാറ്റിൽ ഇളകിപ്പറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. ചെന്നൈ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇലക്ട്രോണിക്‌സ് സാധനങ്ങൾ ചാർജ് ചെയ്തു സൂക്ഷിക്കുകയെന്നു ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പു വന്നിട്ടുണ്ട്. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുത്. ജലാശയങ്ങളിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുത്. ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിവ കരുതിവെക്കുക. തീരദേശ മേഖലയിൽ താമസിക്കുന്നവർ താൽക്കാലികമായി മാറണമെന്നും നിർദ്ദേശമുണ്ട്.

ഭക്ഷണവും ശുദ്ധജലവും മെഡിക്കൽ സംഘവുമായി നാവികസേനയുടെ രണ്ടു കപ്പലുകളും സജ്ജമാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. കാറ്റും മഴയും ശക്തമായതോടെയാണു ചെന്നൈ വിമാനത്താവളം അടച്ചത്. ചെന്നൈയിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതിനെ പുറമേ ഇവിടെയ്ക്ക് വരേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. അടുത്ത 48 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെയും കൂട്ടി പുറത്തിറങ്ങരുതെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജനങ്ങൾ തയാറായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്. രക്ഷാപ്രവർത്തനത്തിന് അർധ സൈനിക വിഭാഗവും രംഗത്തുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പർ: 04425619206, 25619511, 25384965.

മലയാളികളും കടുത്ത ആശങ്കയിലാണുള്ളത്. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ യാത്രാസൗകര്യം പോലും ഇല്ലാതെ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേരാണു ചെന്നൈയിൽ കുടുങ്ങിയത്. നാട്ടിലെത്താൻ കഴിയാതെ വിഷമിച്ച ആയിരങ്ങൾ ജീവൻ പോലും നഷ്ടമാകുമോ എന്ന ഭീതിയിലാണു കഴിഞ്ഞിരുന്നത്. വർധ ചുഴലിക്കാറ്റും ശക്തിപ്രാപിക്കുന്നതു വീണ്ടുമൊരു ദുരന്തത്തിലേക്കു കൊണ്ടു ചെന്നെത്തിക്കുമോ എന്ന ആശങ്കയിലാണു ജനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP