Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

12 ഹെലികോപ്ടറുകൾ വാങ്ങാൻ മന്മോഹൻ സർക്കാർ കൊടുത്തത് 3600 കോടി! കോൺഗ്രസ് നേതാക്കൾ കൈപ്പറ്റിയത് 125 കോടി കമ്മീഷൻ; ഇറ്റാലിയൻ കോടതി വിധിയിൽ സോണിയയുടെ പേരും പരാമർശിച്ചു; അപ്രതീക്ഷിത ആയുധം പരമാവധി പ്രയോജനപ്പെടുത്താൻ ബിജെപി

12 ഹെലികോപ്ടറുകൾ വാങ്ങാൻ മന്മോഹൻ സർക്കാർ കൊടുത്തത് 3600 കോടി! കോൺഗ്രസ് നേതാക്കൾ കൈപ്പറ്റിയത് 125 കോടി കമ്മീഷൻ; ഇറ്റാലിയൻ കോടതി വിധിയിൽ സോണിയയുടെ പേരും പരാമർശിച്ചു; അപ്രതീക്ഷിത ആയുധം പരമാവധി പ്രയോജനപ്പെടുത്താൻ ബിജെപി

ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം ബിജെപി എക്കാലവും രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചിട്ടുള്ളതാണ്. പലപ്പോഴും കേന്ദ്രസർക്കാർ തന്നെ പ്രതിരോധത്തിലായിരിക്കുന്ന വേളയിൽ കോൺഗ്രസിന് വാ തുറക്കാൻ പറ്റാത്ത വിധത്തിൽ പഴയകാല രാഷ്ട്രീയ ബന്ധങ്ങൾ ആയുധമാക്കാറുണ്ട്. ഇന്നലെ പാർലമെന്റ് സമ്മേളനം ആരംഭിച്ചതോടെ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങൾ ഉന്നയിച്ച് ആക്രമിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുമ്പോൾ സോണിയയെയും മുൻ സർക്കാറിനെയും ആക്രമിച്ച് പ്രതിരോധിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിന് കഴിഞ്ഞ സർക്കാറിന്റെ കാലത്തു നടന്ന വിവിഐപി ഹെലികോപ്ടർ ഇടപാടിലെ ഇറ്റാലിയൻ കോടതിവിധി ആയുധമാക്കാണ് ബിജെപി നീക്കം.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ചു പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇടപാടിൽ പ്രചോദകയായത് സോണിയ എന്നാണ് വിധിയിൽ പരാമർശിച്ചത്. ഈ റിപ്പോർട്ട് രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോപ്ടർ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി അംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണത്തിനാവശ്യമായ നിർണായക വിവരങ്ങൾ നൽകാൻ ഇന്ത്യൻ സർക്കാർ തയ്യാറായില്ലെന്ന കോടതി പരാമർശവും കോൺഗ്രസിനെതിരായി ബിജെപി ഉയർത്തിക്കാട്ടിയിട്ടുണ്ട്.

ആരോപണം നിഷേധിച്ച കോൺഗ്രസ് ഇടപാടിന് തുടക്കം കുറിച്ചത് കഴിഞ്ഞ എൻ.ഡി.എ സർക്കാരാണെന്നും അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് കമ്പനിയെ കരിമ്പട്ടികയിൽ നിന്നൊഴിവാക്കിയതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ യു.പി.എ സർക്കാർ അഴിമതി നടത്തിയെന്ന് ഇറ്റാലിയൻ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ബിജെപി ആരോപണം. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻസിങ് എന്നിവർക്കെതിരെയാണ് ബിജെപിയുടെ ഒളിയമ്പ്. കോഴ കൊടുക്കേണ്ടവരുടെ പേരുകൾ പരാമർശിച്ച് ഇടനിലക്കാരായ ക്രിസ്റ്റിയൻ മൈക്കേലും പീറ്റർ ഹ്യൂലറ്റും തമ്മിലുള്ള കത്തിൽ ഇന്ത്യൻ നേതാക്കളുടെ പേരുണ്ട്. അഗസ്റ്റാ കമ്പനിയുടെ മുൻ സിഇഒ ഗുസപ്പി ഓർസി ജയിലിൽ നിന്നയച്ച കത്തിൽ മന്മോഹന്റെ പേരുമുണ്ട്.

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തെ നേരിടുകയാണ് ബിജെപി ലക്ഷ്യം. കൈക്കൂലി നൽകിയവർ ഇറ്റലിയിൽ ശിക്ഷ നേരിടുമ്പോൾ കൈക്കൂലി വാങ്ങിയവർ ഇന്ത്യയിൽ സുരക്ഷിതരായി ഇരിക്കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസിനെതിരെ വന്ന ആരോപണങ്ങൾ നിഷേധിച്ച രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ്മ അഗസ്റ്റ കമ്പനിക്ക് കരാർ ലഭിക്കാൻ ഇളവുകൾ ചെയ്തത് വാജ്‌പേയി സർക്കാരിന്റെ കാലത്താണെന്ന് പറഞ്ഞു. 6000 അടി ഉയരെ പറക്കാൻ കഴിവുള്ള ഹെലികോപ്ടറുകൾക്കാണ് ആദ്യം ടെൻഡർ വിളിച്ചത്. അഗസ്റ്റയ്ക്ക് കരാർ ലഭിക്കാനായി 4000 അടിയായി കുറച്ചു.

ഇടപാടിനെക്കുറിച്ച് പരാതി വന്നയുടൻ ഇറ്റലിയിൽ ചെന്ന് കേസ് നടപടി ആരംഭിച്ചത് യു.പി.എ സർക്കാരാണ്. കരാർ റദ്ദാക്കുകയും ഗാരന്റി പണം തിരിച്ചുപിടിക്കുകയും ചെയ്തു. കമ്പനിയെ കരിമ്പട്ടികയിൽ നിന്നൊഴിവാക്കിയതും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലേക്ക് ക്ഷണിച്ചതും മോദി സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. സംശയങ്ങളുണ്ടെങ്കിൽ യു.പി.എ സർക്കാർ തീരുമാനിച്ച സിബിഐ അന്വേഷണവുമായി മുന്നോട്ടു പോകാൻ മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ബിജെപിയെ വെല്ലുവിളിച്ചു.

3,600 കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇന്ത്യയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ സ്വാധീനിച്ചതിന്റെ വിശദാംശങ്ങൾ കോടതി വിധിയിലുണ്ടെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കേസിൽ ഫിന്മെക്കാനിക്ക കമ്പനിയുടെ മുൻ മേധാവി ഗിസപ്പെ ഓർസിക്കു നാലരവർഷത്തെയും ഫിന്മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് മുൻ സിഇഒ ബ്രൂണോ സ്പഗ്‌നോലിനിക്കു നാലുവർഷത്തെയും തടവുശിക്ഷയാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്.

12 വിവിഐപി കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ 125 കോടി രൂപയോളം കമ്മിഷൻ കൈപ്പറ്റിയെന്ന് ഇടനിലക്കാരിൽനിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളുടെ അടിസ്ഥാനത്തിൽ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 225 പേജുള്ള കോടതി വിധിയുടെ 193, 205 പേജുകളിൽ സോണിയയെക്കുറിച്ചും 163,164 പേജുകളിൽ മന്മോഹൻ സിങിനെക്കുറിച്ചും പരാമർശമുണ്ടെന്നാണു റിപ്പോർട്ട്. വ്യോമസേനാ മുൻ മേധാവി എസ്‌പി. ത്യാഗിയുടെ കുടുംബം കമ്മിഷൻ കൈപ്പറ്റിയതായും ഇടനിലക്കാരനായ ഗ!ുയിഡോ ഹാഷ്‌കെയിൽനിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളിലുണ്ട്. സോണിയയുടെ വിശ്വസ്തരായിരുന്ന ഓസ്‌കർ ഫെർണാണ്ടസ്, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണൻ എന്നിവരെക്കുറിച്ചും കോടതി വിധിയിൽ പരാമർശമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇടപാടിൽ സോണിയ ഉൾപ്പെടെയുള്ളവർക്കെതിരേ എന്തെങ്കിലും തെളിവുള്ളതായി കോടതി നിരീക്ഷിച്ചിട്ടില്ല.

അഴിമതി സംബന്ധിച്ച് ഇന്ത്യയിൽ വിവാദം ഉയർന്നതിനെത്തുടർന്നു കോപ്റ്റർ ഇടപാട് കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു. അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്ക് ഉപയോഗിക്കാൻ പന്ത്രണ്ട് എഡബ്ല്യു101 ഹെലികോപ്റ്ററുകൾ വാങ്ങാനാണു കോപ്റ്റർ നിർമ്മാണ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാൻഡുമായി 2010ൽ കരാറുണ്ടാക്കിയത്. ഈ ഇടപാടിൽ ഇടനിലക്കാർക്കു 450 കോടി രൂപയോളം കോഴ നൽകിയതായി ആരോപണം ഉയർന്നിരുന്നു. വൻ വിമാന നിർമ്മാണ കമ്പനിയായ ഫിന്മെക്കാനിക്ക മേധാവിയായിരിക്കെ ഗിസപ്പെ ഓർസിയെ ഇറ്റലിയിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു കോഴയുടെ വിവരങ്ങൾ വെളിയിൽവന്നത്.

ആരോപണം ഉയർന്ന ഉടൻ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും കമ്പനിക്കു തുക നൽകുന്നതു മരവിപ്പിക്കുകയും ചെയ്തിരുന്നു. കരാർ പ്രകാരം മൂന്നു കോപ്റ്ററുകൾ ഇന്ത്യയിലെത്തിയിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിക്ക് 1300 കോടി രൂപ ഇന്ത്യ നൽകുകയും ചെയ്തു. ഇറ്റലി സർക്കാരിനു 30 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണു ഫിന്മെക്കാനിക്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP