Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വ്യാപം ഉദ്യോഗതട്ടിപ്പ് കേസ് അന്വേഷണത്തിനിടെ മരണം 46 ആയി; പൊലീസ് ഇൻസ്‌പെക്ടർ ട്രെയിനിക്കു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനും ദുരൂഹ സാഹചര്യത്തിൽ മരിച്ചു

വ്യാപം ഉദ്യോഗതട്ടിപ്പ് കേസ് അന്വേഷണത്തിനിടെ മരണം 46 ആയി; പൊലീസ് ഇൻസ്‌പെക്ടർ ട്രെയിനിക്കു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനും ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ന്യൂഡൽഹി: മധ്യപ്രദേശിലെ വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട ഒരാൾ കൂടി ദുരൂഹസാഹചര്യത്തിൽ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ രമാകാന്ത് പാണ്ഡെയാണു മരിച്ചത്.

ഇയാളെ വ്യാപം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 46 ആയി.

സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെയും ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. മധ്യപ്രദേശിലെ പൊലീസ് സബ് ഇൻസ്‌പെക്ടർ ട്രെയിനി അനാമിക കുശ്‌വാഹയെയാണു തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്‌ടെത്തിയത്. തടാകത്തിലാണു അനാമികയുടെ മൃതദേഹം കണ്‌ടെത്തിയത്. അനാമികയ്ക്കു ജോലി ലഭിച്ചതു വ്യാപം പ്രവേശന തട്ടിപ്പിലൂടെയാണന്നു നേരത്തേ ആക്ഷേപമുണ്ടായിരുന്നു. ഫെബ്രുവരിയിൽ സെലക്ഷൻ നേടിയ അവർ സാഗർ പൊലീസ് അക്കാദമി ഹോസ്റ്റലിലായിരുന്നു താമസം.

ജബൽപുരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽകോളേജ് ഡീൻ ഡോ. അരുൺ ശർമയെ (64) ഡൽഹിയിലെ ഹോട്ടൽമുറിയിലാണ് ഞായറാഴ്ച മരിച്ചനിലയിൽ കണ്ടത്. പ്രതികളും സാക്ഷികളും പത്രപ്രവർത്തകനുമടക്കം 45 പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 48 മണിക്കൂറിനുള്ളിൽ ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ മരണമാണിത്. ജബൽപുരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽകോളേജ് ഡീൻ ഡോ. അരുൺ ശർമയെ ഞായറാഴ്ചയും മാദ്ധ്യമപ്രവർത്തകൻ അക്ഷയ് സിങിനെ ശനിയാഴ്ചയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

മധ്യപ്രദേശ് പ്രൊഫഷണൽ എക്‌സാമിനേഷൻ ബോർഡ് (വ്യാവസായിക് പരീക്ഷാ മണ്ഡൽ) ഏതാണ്ട് ആറുവർഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളിൽ നടത്തിയ ക്രമക്കേടുകളാണ് വ്യാപം അഴിമതി. ഇതിന്റെ ചരിത്രം 2007ൽ തുടങ്ങുന്നു. 2013ൽ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങൾ പുറത്തുവന്നതും അന്വേഷണം തുടങ്ങിയതും. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നൽകപ്പെട്ടതെന്ന് കണ്ടെത്തി. രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേർക്കായി തിരച്ചിൽ നടക്കുന്നു.

ഗവർണർ രാംനരേഷ് യാദവിന്റെ ഓഫീസുൾപ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിലുൾപ്പെട്ടിട്ടുണ്ട്. ഇതിലുൾപ്പെട്ടവരുടെ ദുരൂഹമരണം പുറത്തായതോടെയാണ് കേസ് ദേശീയ ശ്രദ്ധയിലെത്തിയത്. മരിച്ചവരിലേറെയും 25നും 30നുമിടയിൽ പ്രായമുള്ളവരാണ്. റോഡപകടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളും. രാംനരേഷ് യാദവിന്റെ മകൻ ശൈലേഷ് യാദവിന്റെ മരണമാണ് ഇതിൽ പ്രധാനം. രാംനരേഷിന്റെ ലഖ്‌നൗവിലെ ഔദ്യോഗികവസതിയിൽ ഇക്കഴിഞ്ഞ മാർച്ച് 15നാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കാണപ്പെട്ടത്.

വ്യാപം (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡൽ) അഴിമതിയെന്നുകൂടി അറിയപ്പെടുന്ന നിയമന അഴിമതിക്കേസുമായി ബന്ധമുള്ള കോളേജാണ് കഴിഞ്ഞ ദിവസം മരിച്ച ശർമ നേതൃത്വംനൽകുന്ന ജബൽപുർ മെഡിക്കൽകോളേജ്. ഇതിന്റെ മുൻ ഡീൻ ഡോ. ഡി.കെ. സാകല്ലെ കഴിഞ്ഞവർഷം ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെത്തുർന്നാണ് ശർമ ചുമതലയേറ്റത്. കേസിലുൾപ്പെട്ട മെഡിക്കൽവിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുമായി അഭിമുഖം നടത്തിയ മാദ്ധ്യമപ്രവർത്തകൻ അക്ഷയ് സിങ് (38) ശനിയാഴ്ച ദുരൂഹസാഹചര്യത്തിൽ മരിച്ചതിനുപിന്നാലെയാണ് ശർമയുടെ മരണം.

വ്യാപം കേസന്വേഷണവുമായി സഹകരിച്ചുവന്ന ശർമ, എം.ബി.ബി.എസ്. പ്രവേശനപ്പരീക്ഷയെഴുതിയ വ്യാജന്മാരെക്കുറിച്ചുള്ള തെളിവുകൾ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കൈമാറിയിരുന്നു. ഏതാണ്ട് ഇരുനൂറോളം രേഖകൾ രണ്ടുദിവസം മുമ്പ് ശർമ കൈമാറിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജബൽപുർ ജില്ലാ അധ്യക്ഷൻ സുധീർ തിവാരി പറഞ്ഞു. ശർമ ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു. രേഖ കൈമാറ്റവുമായി ശർമയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് സംഭവത്തിന്റെ എല്ലാ വശവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് ജോയന്റ് കമ്മീഷണർ ദീപേന്ദർ പഥക് പറഞ്ഞു.

എം.ബി.ബി.എസ്. പ്രവേശനപ്പരീക്ഷാർഥികൾക്കുവേണ്ടി പരീക്ഷയെഴുതിയ വ്യാജന്മാരെക്കുറിച്ച് അന്വേഷിച്ചുവരവേയാണ് ജബൽപുർ മെഡിക്കൽ കോളേജിലെ മുൻഡീൻ ഡി.കെ. സാകല്ലെയും മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെ പുൽത്തകിടിയിൽ കത്തിക്കരിഞ്ഞനിലയിൽ കാണപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP