Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിന്നാൻ വന്ന പുള്ളിപ്പുലിയെ അരിവാളും കൈക്കോടാലിയും ഉപയോഗിച്ച് തല്ലിക്കൊന്നു; പരിക്കുകളോടെ രക്ഷപ്പെട്ട ഉത്തരാഖണ്ഡിലെ വീട്ടമ്മയ്ക്ക് ലോകമെങ്ങും പ്രശംസ

തിന്നാൻ വന്ന പുള്ളിപ്പുലിയെ അരിവാളും കൈക്കോടാലിയും ഉപയോഗിച്ച് തല്ലിക്കൊന്നു; പരിക്കുകളോടെ രക്ഷപ്പെട്ട ഉത്തരാഖണ്ഡിലെ വീട്ടമ്മയ്ക്ക് ലോകമെങ്ങും പ്രശംസ

ഡെറാഡൂൺ: 54 കാരിയായ കമലാ ദേവിക്ക് പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. എങ്ങനെയും പുലിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടുക. ഇത് തന്റെ അവസാന ദിവസമല്ലെന്നുറപ്പിച്ച് അവർ പോരാടി. കയ്യിലുണ്ടായിരുന്ന അരിവാളും കൈക്കോടാലിയുമുപയോഗിച്ചായിരുന്നു അവളുടെ പോരാട്ടം. ഒടുവിൽ ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിനിനൊടുവിൽ അവർ പുള്ളിപ്പുലിയെ കോടാലികൊണ്ട് വകവരുത്തി. ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ എതിരിട്ട് വകവരുത്തിയ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് സ്വദേശിയായ കമലാദേവിയെന്ന വീട്ടമ്മയ്ക്ക് ഇപ്പോൾ എങ്ങും നിന്നും ആശംസാപ്രവാഹമാണ്.

രുദ്രപ്രയാഗിലെ കോത്തി ഗ്രാമവാസിയായ കമല എല്ലാ ദിവസത്തേയും പോലെ ഞായറാഴ്ചയും പ്രാതൽ കഴിഞ്ഞ് കൃഷിയിടത്തിൽ ജോലിക്കിറങ്ങി. മണിക്കൂറുകൾക്ക് ശേഷം ഉച്ചഭക്ഷണമുണ്ടാക്കാനായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കമലയുടെ മുന്നിലേക്ക് പുള്ളിപ്പുലി ചാടിവീണത്. മരണത്തെ മുഖാമുഖം കണ്ട കമല തന്റെ കൈയിലിരുന്ന കൈക്കോടാലിയും അരിവാളും ഉപയോഗിച്ച് സുധീരമായ ചെറുത്തുനില്പു നടത്തി. ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം കമലയ്ക്കായിരുന്നു. ഇരയുടെ മാരകമായ ചെറുത്തുനില്പിൽ പിടിച്ചുനിൽക്കാനാവാതെ പുലി അവരെ ഉപേക്ഷിച്ചു മടങ്ങി. പിന്നീട് കമലയുടെ വീടിന് സമീപത്തായി വെട്ടേറ്റ പുലിയുടെ ശവം നാട്ടുകാരാണ് കണ്ടെത്തിയത്.

കോടാലിയും അരിവാളും കൊണ്ട് പുലിയെ നേരിട്ട കമലയ്ക്ക് ഗുരുതര പരുക്കുണ്ട്. ഇവർ ശ്രീനഗർ ഗർവാൾ ബേസ് ആശുപത്രിയിൽ ചികിൽസയിലാണ്. ഒരു മണിക്കൂറോളം പുലിയോട് എതിരിട്ട ശേഷം ചോരയൊലിപ്പിക്കുന്ന ശരീരവുമായി ഒരു കിലോമീറ്റർ നടന്നാണ് കമല തന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഇതിനിടയിൽ മുറിവുകളിൽ നിന്ന് ധാരാളം രക്തം നഷ്ടപ്പെടുകയും ചെയ്തു. ഇവരുടെ കൈകളിൽ മൂന്ന് ഒടിവും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്. മുറിവുകൾക്ക് നൂറിൽ കൂടുതൽ തുന്നലുകൾ വേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഏതായാലും കമലയുടെ നിലയിൽ ഇപ്പോൾ പുരോഗതിയുണ്ട്. 

കമല പുള്ളിപ്പുലിയെ വകവരുത്തിയെന്ന വാർത്ത ഗ്രാമത്തിൽ പലർക്കും വിശ്വസിക്കാനാവുന്നില്ല. ഒരു മണിക്കൂറോളം പോരാട്ടം എങ്ങനെ നീണ്ടു എന്നാണ് വന്യജീവികളെ കുറിച്ച് പഠനം നടത്തുന്ന ലഖ്പത് റാവത്ത് അത്ഭുതത്തോടെ ചോദിക്കുന്നത്. എതിരാളി ശക്തരാണെന്ന് ബോധ്യം വരുമ്പോഴാണ് പുള്ളിപ്പുലി പൊതുവെ ഒരു ആക്രമണത്തിൽ നിന്ന് പിൻവാങ്ങുന്നതെന്ന് ഇദ്ദേഹം പറയുന്നു. മാത്രമല്ല സാധാരണ ഈ ആക്രമണം കുറച്ചു സമയത്തേക്കേ നീണ്ടു നിൽക്കാറുള്ളൂ, കൂടിപ്പോയാൽ 10 മിനിട്ട്. അതിനുള്ളിൽ എതിരാളിയെ അത് വകവരുത്തും. ഇവിടെ പ്രായം കുറഞ്ഞ, പുള്ളിപ്പുലിയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP