Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശിക്ഷ നടപ്പിലാക്കിയത് 53-ാം ജന്മദിനത്തിൽ; വധശിക്ഷയെ എതിർത്ത അബ്ദുൾ കലാമിന് രാജ്യം വിട നൽകുന്ന അതേ ദിവസവും; വധശിക്ഷ വിരോധികളെ പിന്തുണയ്ക്കുന്നത് ഈ രണ്ട് വാദങ്ങൾ

വധശിക്ഷ നടപ്പിലാക്കിയത് 53-ാം ജന്മദിനത്തിൽ; വധശിക്ഷയെ എതിർത്ത അബ്ദുൾ കലാമിന് രാജ്യം വിട നൽകുന്ന അതേ ദിവസവും; വധശിക്ഷ വിരോധികളെ പിന്തുണയ്ക്കുന്നത് ഈ രണ്ട് വാദങ്ങൾ

മീപകാലത്തൊന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇത്രയേറെ മുൾമുനയിൽനിന്ന മറ്റൊരു അവസരമുണ്ടായിട്ടില്ല. മുംബൈ സ്‌ഫോടനക്കേസ്സിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടുണ്ടായ വാദപ്രതിവാദങ്ങളും ഒടുവിൽ പുലർച്ചെവരെ നീണ്ട വാദത്തിനൊടുവിൽ വധശിക്ഷ നടപ്പാക്കാൻ വധിച്ചതും ഇനി ചരിത്രത്തിന്റെ ഭാഗമാണ്. യാക്കൂബ് മേമനെ നാഗ്പുർ ജയിലിൽ രാവിലെ ഏഴുമണിയോടെ തൂക്കിലേറ്റി.

മേമന്റെ വധശിക്ഷ നീട്ടിവെക്കുകയെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ സുഹൃത്തുക്കൾക്കും മനുഷ്യാവകാശപ്രവർത്തകർക്കും ഉണ്ടായിരുന്നു. രാഷ്ട്രപതി ഇന്നലെ ദയാ ഹർജി വീണ്ടും തള്ളിയെങ്കിലും രാത്രി പുതിയൊരു ഹർജിയുമായി സുപ്രീം കോടതിയെ അവർ സമീപിച്ചത് അതുകൊണ്ടാണ്. വധശിക്ഷയെ എതിർത്തിരുന്ന ഡോ.എ.പി.ജെ. അബ്ദുൾ കലാമിന് രാഷ്ട്രം വിട നൽകുന്ന ദിവസം തന്നെ വധശിക്ഷ നടപ്പാക്കുന്നതിലെ അസ്വാഭാവികതയും ഈ കേസ്സിൽ തുണയാകുമെന്ന് അവർ കരുതിയിരിക്കാം.

എന്നാൽ, അണുവിട തെറ്റാതെ നിയമം നടപ്പാക്കുകയെന്ന സുപ്രീം കോടതിയുടെ തീരുമാനം തൂക്കുകയർ ഇന്നുതന്നെ ഒരുക്കുകയായിരുന്നു. വധശിക്ഷയെ തുറന്നെതിർത്തും മേമന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടിയും സോഷ്യൻ മീഡിയകളിലും മറ്റും ഉയർന്ന വാദഗതികൾ കോടതിയുടെ മനസ്സുമാറ്റിയില്ല. ഒരുപക്ഷേ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇത്രയേറെ ചെറുത്തുനിൽപ്പുകൾ നേരിട്ട മറ്റൊരു സംഭവവും ഉണ്ടാകില്ല.

മേമന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിലൂടെ ഒട്ടേറെപ്പേരാണ് മുന്നോട്ടുവന്നത്. വധശിക്ഷയെ തുറന്നെതിർക്കുന്നവരും മുംബൈ സ്‌ഫോടനക്കേസിൽ യാക്കൂബ് മേമന്റെ പങ്ക് വധശിക്ഷ വിധിക്കാൻ മാത്രം പര്യാപ്തമാണോ എന്ന് സംശയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 'ഭരണകൂട ഭീകരത'യായിപ്പോലും ഇത് വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ, ആ വാദങ്ങളൊക്കെ അപ്രസക്തമാക്കി മേമനെ മഹാരാഷ്ട്ര സർക്കാർ തൂക്കിലേറ്റി.

തന്റെ 53-ാം ജന്മദിനത്തിലാണ് മേമനെ തൂക്കുകയർ തേടിയെത്തിയത്. അതും മുൻ പ്രസിഡന്റ് അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ രാജ്യം ദുഃഖാചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ. വധശിക്ഷയെ തുറന്നെതിർത്തിരുന്ന ആളുമാണ് കലാം. വധശിക്ഷ ഇല്ലാതാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ദൈവം നൽകിയ ജീവൻ തിരിച്ചെടുക്കാൻ മനുഷ്യന് അവകാശമില്ലെന്നു പറഞ്ഞ കലാം വധശിക്ഷയോടുള്ള തന്റെ വിയോജിപ്പ് പൊതുവേദികളിൽ തുറന്നു പറയുടയും ചെയ്തിരുന്നു.

രാഷ്ട്രപതിയായിരിക്കെ തന്റെ മുന്നിലെത്തിയ അമ്പതോളം വധശിക്ഷാ കേസുകൾ പുനഃപരിശോധനയ്ക്കായി കലാം തിരിച്ചയച്ചിരുന്നു. ഇളവു പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ശുപാർശ. എന്നാൽ, ഈ കേസുകളിലെല്ലാം കലാമിന്റെ ശുപാർശ തള്ളാനായിരുന്നു അന്നത്തെ യു.പി.എ. സർക്കാരിന്റെ തീരുമാനം. എന്നാൽ രണ്ടാം യു.പി.എ. സർക്കാർ ഇതിൽ മിക്കവരുടെയും വധശിക്ഷ ഇളവു ചെയ്തു.

രാഷ്ട്രപതിയായിരിക്കെ അഞ്ചു വർഷത്തിനിടെ 28 ദയാ ഹർജികളാണ് കലാമിന്റെ പരിഗണയ്ക്ക് മുന്നിൽവന്നത്. അതിൽ അദ്ദേഹം തീരുമാനമെടുത്തത് രണ്ടെണ്ണത്തിൽമാത്രം. കൊൽക്കത്തയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നകേസിലെ കുറ്റക്കാരൻ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജി അദ്ദേഹം തള്ളിയെങ്കിലും അർധമനസ്സോടെയാണ് താനത് ചെയ്തതെന്ന് അബ്ദുൾ കലാം പിന്നീടു പറഞ്ഞു.

നിയമ കമ്മിഷനു നൽകിയ കത്തിലും വധശിക്ഷയ്‌ക്കെതിരായ തന്റെ നിലപാടുകൾ കലാം വിശദീകരിച്ചു. എന്തുകൊണ്ടാണ് പാവപ്പെട്ട ആളുകൾ മാത്രം വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നതെന്നും ഹൈദരാബാദിലെ നാഷണൽ പോളിസി അക്കാഡമിയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ കലാം ചോദിച്ചിരുന്നു. എന്നാൽ, കലാമിന് രാജ്യം വിട നൽകുന്ന ദിവസം ഒരുപക്ഷേ ഏറ്റവും കൂടുതൽ എതിർക്കപ്പെട്ട വധശിക്ഷ ഭരണകൂടം നടപ്പിലാക്കിയെന്ന വിരോധാഭാസമാണ് ബാക്കിയാകുന്നത്.

നാഗ്പുർ ജയിലിൽ പാക് ഭീകരർ അജ്മൽ കസബിനെ തൂക്കിലേറ്റിയ അതേ ആരാച്ചാർ തന്നെയാണ് യാക്കൂബ് മേമന്റെയും വധശിക്ഷ നടപ്പാക്കിയത്. ഇന്നു രാവിലെ ഏഴുമണിക്കായിരുന്നു വധശിക്ഷ നടപ്പാക്കിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങൾ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു.

1962 ജൂലൈ 30-ന് മുംബൈയിൽ ജനിച്ച യാക്കൂബ് പഠനത്തിൽ ഏറെ മിടുക്കനായിരുന്നു. കൊമേഴ്‌സായിരുന്നു മേമന്റെ ഇഷ്ടവിഷയം. ബുരാനി കൊളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ആർട്‌സിൽ ബിരുദം പൂർത്തിയാക്കിയ മേമൻ ചാർച്ചേഡ് അക്കൗണ്ട്‌സ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും 1990-ൽ ചാർട്ടേഡ് അക്കൗണ്ടന്റായി ഇറങ്ങി. പിന്നീട് 1991-ൽ ബാല്യകാല സുഹൃത്തായ ചേതൻ മേത്തയുമായി മേത്ത ആൻഡ് മേമൻ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP