Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രമുഖ നടിമാർ നൃത്തം പരിശീലിക്കുന്ന ഡാൻസ് സ്‌കൂളിൽ വമ്പൻ കഞ്ചാവ് വേട്ട; ന്യൂ ജനറേഷൻ നായികമാരും സംശയപ്പട്ടികയിൽ

പ്രമുഖ നടിമാർ നൃത്തം പരിശീലിക്കുന്ന ഡാൻസ് സ്‌കൂളിൽ വമ്പൻ കഞ്ചാവ് വേട്ട; ന്യൂ ജനറേഷൻ നായികമാരും സംശയപ്പട്ടികയിൽ

കൊച്ചി: പ്രമുഖ ന്യൂ ജനറേഷൻ സിനിമക്കാർക്കിടയിൽ മയക്കുമരുന്നുപയോഗമുണ്ടെന്ന സൂചന നൽകുന്നതാണ് നടിമാർ നൃത്തം പഠിക്കുന്ന പനമ്പള്ളിനഗറിലെ നക്ഷത്രസൗകര്യമുള്ള കെട്ടിടത്തിലെ താണ്ഡവം നൃത്തസ്‌കൂളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് നൽകുന്ന സൂചന. നടൻ ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും കൊക്കൈനുമായി പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തന്നെയാണ് താണ്ഡവിലേക്കും കാര്യങ്ങൾ എത്തിച്ചത്. ഒരു കിലോഗ്രാം കഞ്ചാവാണ് ഇവിടെ നിന്ന് ഷാഡോ പൊലീസ് പിടിച്ചെടുത്തത്.

കൊക്കെയ്ൻ കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ചിലർ ഇവിടെ സ്ഥിരമായി നൃത്ത പരിശീലനത്തിനെത്തിയിരുന്നു. അതോടെ കൊച്ചി സിറ്റി പൊലീസ് വിശദമായി അന്വേഷണം നടത്താൻ തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ എറണാകുളം നസ്രത്ത് രാജേഷ് കുമാറിനെ ( 35) അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനായി സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലും പരിസരത്തും താമസിക്കുന്ന താരങ്ങളാണ് ഇവിടെ നൃത്തം പരിശീലിക്കുന്നത്.

നൃത്ത വിദ്യാലയത്തിലെ ഹാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ സമയം ഓഫീസിലുണ്ടായിരുന്ന രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നൃത്ത പരിശീലനത്തിനെത്തുന്ന ചിലർക്ക് നൽകാനായി കഞ്ചാവ് ശേഖരിച്ചതാണെന്ന് രാജേഷ് മൊഴി നൽകി. സിനിമാ താരങ്ങളെ ഉദ്ദേശിച്ചാണ് ഇതെന്നാണ് സൂചന. അതുകൊണ്ട് തന്നെ വിശദ ചോദ്യം ചെയ്യൽ വേണ്ടിവരും. അന്വേഷണം വഴി തെറ്റിക്കാനാണോ ഇത്തരമൊരു മൊഴിയെന്നും സംശയമുണ്ട്. ആർക്കൊക്കെയാണെന്നും കഞ്ചാവിന്റെ ഉറവിടവും അയാൾ വെളിപ്പെടുത്തിയില്ല. അടുത്തകാലത്ത് ന്യൂജനറേഷൻ ചലച്ചിത്രതാരങ്ങൾ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവർ എത്തുന്ന കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.

കേരളത്തിന് വെളിയിൽ നിന്ന് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച് താണ്ഡവ് കുറച്ചുനാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കുറച്ച് ദിവസം മുമ്പ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാത്തുനിന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം താണ്ഡവിന്റെ ഓഫീസിൽ വിശദമായ പരിശോധന നടത്തി. ഡാൻസ് സ്‌കൂൾ എന്നാണ് വിലാസത്തിലുള്ളതെങ്കിലും ഇവിടെ നൃത്തപഠനം നടക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

സ്റ്റേജ് ഷോകളിലെയും മറ്റും നൃത്ത ഇനങ്ങളിൽ താരങ്ങൾക്കൊപ്പം പങ്കെടുക്കുന്നവരാണ് താണ്ഡവിലെ അംഗങ്ങൾ മിക്കവരും. 16 പേർ സംഘത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് ഉയർന്ന നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്നാണ് കഞ്ചാവ് എത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP