Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കാർത്തിക്കിന്റെ തല പിടിച്ചു ചുമരിലിടിച്ചു; 'നിനക്കൊരു അടയാളമിരിക്കട്ടെ' എന്നാക്രോശിച്ചു കൊടുവാൾ കൊണ്ടു വെട്ടി; പക വീട്ടാൻ അച്ഛനെ തേടിയെത്തിയവർ രണ്ടാം ക്ലാസുകാരൻ മകനെ വീഴ്‌ത്തിയതിങ്ങനെ

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കാർത്തിക്കിന്റെ തല പിടിച്ചു ചുമരിലിടിച്ചു; 'നിനക്കൊരു അടയാളമിരിക്കട്ടെ' എന്നാക്രോശിച്ചു കൊടുവാൾ കൊണ്ടു വെട്ടി; പക വീട്ടാൻ അച്ഛനെ തേടിയെത്തിയവർ രണ്ടാം ക്ലാസുകാരൻ മകനെ വീഴ്‌ത്തിയതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഷ്ട്രീയ പ്രതിയോഗിയായ അച്ഛനെ കിട്ടാതായപ്പോൾ ഏഴു വയസ്സുകാരനെ വെട്ടി പ്രതികാരം തീർത്തു. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ കാക്കയങ്ങാട്ടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കാർത്തിക്കിന് വെട്ടേറ്റത് ഇങ്ങനെ.

തിരഞ്ഞെടുപ്പിനു ശേഷം സിപിഐ.(എം).- ബിജെപി. അക്രമസംഭവത്തിൽ ഒരു ബിജെപിക്കാരന് വെട്ടേറ്റിരുന്നു. ഈ സംഭവത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം നൽകിയത് ബിജെപിക്കാരനായ രാഹുലാണെന്ന് ധരിച്ചാണ് രാഹുലിനോടു പ്രതികാരം തീർക്കാനെത്തി ഏഴു വയസ്സുകാരനു വെട്ടേൽക്കാനിടയായത്. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സനു എന്ന സിപിഐ.(എം). പ്രവർത്തകൻ ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ രാഹുലിനെത്തേടി വീട്ടിലെത്തുകയായിരുന്നു.

രാഹുൽ ഇല്ല എന്നറിഞ്ഞതിനാൽ വീടിനു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. തിരിച്ചുപോകുമ്പോൾ മുറ്റത്തുകളിച്ചു കൊണ്ടിരിക്കുന്ന കാർത്തിക്കിനെ പിടിച്ച് ചുമരിൽ തലയടിച്ചു. അതിനു ശേഷം നിനക്കൊരു അടയാളമിരിക്കട്ടെ എന്നാക്രോശിച്ച് കൊടുവാൾകൊണ്ട് ഇടതു കൈക്ക് ആഞ്ഞു വെട്ടുകയായിരുന്നു. കരച്ചിൽ കേട്ട് പുറത്തുവന്ന കാർത്തിക്കിന്റെ അമ്മ രമ്യ, സനുവും മറ്റു രണ്ടു പേരും കൃത്യം നിർവ്വഹിച്ചു തിരിച്ചുപോകുന്നതാണ് കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികളും ഓടിയെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

സന്തോഷ് എന്ന ബിജെപി. പ്രവർത്തകന്റെ ഇരുകാലുകളും വെട്ടി പരുക്കേൽപ്പിച്ചതു കേസിലെ പ്രതി സനുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമായിരുന്നു. ഇടതു കൈക്ക് സാരമായി പരിക്കേറ്റ കാർത്തിക്കിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമത്തിനു തൊട്ടു മുമ്പ് രാഹുലിനെ കൊല്ലുമെന്നു പറഞ്ഞ് വീട്ടിൽ ടെലിഫോൺ വഴി ഭീഷണിപ്പെടുത്തിയിരുന്നതായി രമ്യ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളിൽ കുട്ടികൾ ഇരയാവുന്നത് തുടർക്കഥയാവുകയാണ്. കാർത്തിക്കിന്റെ അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. പാലാ ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അക്രമത്തിൽ പരിക്കേറ്റ കാർത്തിക്ക്. നാളെ സ്‌ക്കുളിൽ പോകേണ്ട കാർത്തിക്കിന് ഇനി ഏറെ നാൾ ചികിത്സയിൽ കഴിയേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP