Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ഇമേജ് ഉയർത്താൻ കടുവാ സംഘം; ആരേയും എപ്പോഴും വീട്ടിൽ നിന്ന് പൊക്കാനുള്ള സംഘത്തിന് സഫാരി സ്യൂട്ട് നൽകി പ്രത്യേക സേനയാക്കി; 21 കേസുകളിൽ പ്രതികളെ പിടിച്ചത് ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ; എവി ജോർജിന്റെ കടുവാ സംഘം നിയമവിരുദ്ധം തന്നെ; വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ ജോർജിനെ കുടുക്കാൻ നിരവധി തെളിവുകൾ; ഐപിഎസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കില്ല; എവി ജോർജിന് പണി പോകുമെന്ന് ഉറപ്പായി

ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ഇമേജ് ഉയർത്താൻ കടുവാ സംഘം; ആരേയും എപ്പോഴും വീട്ടിൽ നിന്ന് പൊക്കാനുള്ള സംഘത്തിന് സഫാരി സ്യൂട്ട് നൽകി പ്രത്യേക സേനയാക്കി; 21 കേസുകളിൽ പ്രതികളെ പിടിച്ചത് ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ; എവി ജോർജിന്റെ കടുവാ സംഘം നിയമവിരുദ്ധം തന്നെ; വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ ജോർജിനെ കുടുക്കാൻ നിരവധി തെളിവുകൾ; ഐപിഎസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കില്ല; എവി ജോർജിന് പണി പോകുമെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തോടെ വിവാദത്തിലായ ആലുവ മുൻ റൂറൽ എസ്‌പി എവി ജോർജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കില്ല. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ജോർജിനെ പ്രതിയാക്കിയാലും ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമേ ചുമത്തൂ. ജോർജിനെതിരായ തെളിവുകള് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരിശോധിക്കുകയാണ്. ഇതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. അതിനിടെ ജോർജിനെതിരെ വകുപ്പ് തല നടപടി ഉറപ്പായി. ഇതിന്റെ ഭാദമായി ജോർജിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തേയക്കും.

ബുധനാഴ്ച ഉച്ചയോടെ എ.വി. ജോർജിനെ പ്രത്യേക അന്വേഷണസംഘത്തലവൻ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തിരുന്നു. എസ്‌പി.യുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച, രേഖ ചമയ്ക്കാൻ കൂട്ടുനിൽക്കൽ, ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാനായി കീഴുദ്യോഗസ്ഥർക്കുമേൽ അനാവശ്യസമ്മർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളായിരിക്കും പ്രധാനമായും എസ്‌പി.യുടെ പേരിൽ ചുമത്തുക. കോടതിയിൽനിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത്.

എവി ജോർജിന്റെ ടൈഗർ ഫോഴ്‌സ് രൂപീകരണവും അതിലെ അംഗങ്ങളെ ഉപയോഗിച്ച രീതിയും ക്രമവിരുദ്ധമാണെന്ന് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ടെത്തി. എസ്‌പിയുടെ സ്‌ക്വാഡിലെ അംഗങ്ങളെ കേസ് അന്വേഷണത്തിനു നിയോഗിക്കണമെങ്കിൽ എസ്‌പി ഉത്തരവിറക്കണം. വാക്കാൽ നിർദ്ദേശിച്ചാൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ അക്കാര്യം കേസ് ഡയറിയിൽ രേഖപ്പെടുത്തിയ ശേഷം അവരെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കാം.എന്നാൽ ശ്രീജിത്തിന്റെ അറസ്റ്റിൽ ഇതുരണ്ടും ഉണ്ടായില്ല.

ഓഫിസിന്റെ ടൈഗർ ഫോഴ്‌സ് നേരത്തെ 21 കേസുകളിൽ അനധികൃതമായി പ്രതികളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം. പ്രാദേശിക സ്റ്റേഷനിലെ എസ്‌ഐയോ സിഐയോ അറിയാതെയാണിത്. ഈ സാഹചര്യത്തിലാണ് വകുപ്പ് തല നടപടി. റൂറൽ സായുധ ബറ്റാലിയനിലെ 22 ഇടിവീരന്മാരെ ചേർത്തു സംഘടിപ്പിച്ച കടുവാ സംഘത്തിനു പൊലീസിന്റെ രഹസ്യ ഫണ്ട് ഉപയോഗിച്ചു സഫാരി സ്യൂട്ട് തയ്‌പ്പിച്ചു നൽകിയതു വിവാദമായിട്ടുണ്ട് കൂടാതെ വാരിക്കോരി ഗുഡ് സർവീസ് എൻട്രി നൽകിയതും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഇത്തരത്തിൽ ഏറ്റവുമധികം ഗുഡ് സർവീസ് ലഭിച്ചത് ശ്രീജിത്ത് വധക്കേസിലെ ഒന്നാം പ്രതിയായ ടൈഗർ ഫോഴ്‌സിലെ പി.പി.സന്തോഷ് കുമാറിന്- 70. മറ്റു രണ്ടു പ്രതികളായ ജിതിൻ രാജിനും എം.എസ്.സുമേഷിനും 40 മുതൽ 45 വരെ ഗുഡ് സർവീസ് ലഭിച്ചു. നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് എ.വി. ജോർജ് റൂറൽ ടൈഗർ ഫോഴ്‌സ് എന്ന പേരിൽ സമാന്തര സേന രൂപീകരിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ ആവേശത്തിലായിരുന്നു ഇത്. എസ്‌പി സമ്മാനിച്ച സഫാരി സ്യൂട്ട് ധരിച്ചാണു കള്ളന്മാരെയും പിടിച്ചുപറിക്കാരെയും പിടിക്കാൻ പോയത്. അതിനുശേഷം എസ്‌പിക്കു നേരിട്ടു ലഭിക്കുന്ന പരാതികളിലും പാർട്ടി നേതൃത്വം ആവശ്യപ്പെടുന്ന സംഭവങ്ങളിലും പ്രതികളെ പിടിക്കാൻ ഈ സംഘത്തിനായിരുന്നു ചുമതല. അവർ രാത്രിയെന്നോ പകലെന്നോ നോക്കാതെ വീട്ടിൽ കയറി പറഞ്ഞവരെ പിടിക്കും. ഇതാണ് ശ്രീജിത്തിന്റെ മരണത്തിന് കാരണമായത്.

പിടികൂടുന്നവരെ ബന്ധപ്പെട്ട സ്റ്റേഷനിൽ എത്തിച്ച ശേഷം 'എസ്‌പി പറഞ്ഞ പ്രതികളാണ്, കേസ് എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്' എന്നറിയിക്കും. അപ്പോഴാണ് ആ സ്റ്റേഷനിലെ എസ്‌ഐയും സിഐയുമൊക്കെ സംഭവം അറിയുന്നത്. ഇത്തരത്തിൽ 21 സംഭവങ്ങളിലാണ് ഇവർ ചട്ടവിരുദ്ധമായി പലരെയും പിടിച്ചത്. എസ്‌പി അറിയാതെയും ഈ സംഘത്തിലുള്ളവർ ചില കേസിൽ ഇടപെട്ടെന്നു പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതുമുതൽ എസ്‌പി. ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ള ഫോൺകോളുകൾ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിച്ച വിവരങ്ങളും കീഴുദ്യോഗസ്ഥരെയും ശ്രീജിത്തിനൊപ്പം കസ്റ്റഡിയിൽ ഉണ്ടായിരുന്നവരെയും ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുമാണ് എസ്‌പി.യെ കേസിൽ പ്രതിചേർക്കുന്നതിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. എന്നാൽ, എസ്‌പി.യെ കസ്റ്റഡിമരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയില്ല. അറസ്റ്റിന് മുൻപുതന്നെ അദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP