Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പറയുന്നത് അനുസരിച്ചില്ലെങ്കിൽ കുടുംബം നശിക്കുമെന്നും വലിയ നാശമുണ്ടാകുമെന്നും ഭീഷണി; മകളെ 'തങ്ങൾ'ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന സ്വപ്‌നം കണ്ടതായി പറഞ്ഞ് ജാബിറും ഭാര്യയും കൂട്ടാളികളായി; എടക്കര സ്വദേശിനിയേയും മൂന്ന് പെൺമക്കളേയും തട്ടിക്കൊണ്ട് പോയത് സിദ്ധൻ തന്നെ; എല്ലാത്തിന് സഹായിയായി നിന്നത് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇൻഫോടെക് ജീവനക്കാരനും; മുത്തുകോയ തങ്ങൾക്കും കൂട്ടാളിക്കുമെതിരെ മനുഷ്യക്കടത്തിന് കേസ്; കുടുങ്ങുമെന്നായപ്പോൾ ദിവ്യൻ ഒളിവിൽ

പറയുന്നത് അനുസരിച്ചില്ലെങ്കിൽ കുടുംബം നശിക്കുമെന്നും വലിയ നാശമുണ്ടാകുമെന്നും ഭീഷണി; മകളെ 'തങ്ങൾ'ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന സ്വപ്‌നം കണ്ടതായി പറഞ്ഞ് ജാബിറും ഭാര്യയും കൂട്ടാളികളായി; എടക്കര സ്വദേശിനിയേയും മൂന്ന് പെൺമക്കളേയും തട്ടിക്കൊണ്ട് പോയത് സിദ്ധൻ തന്നെ; എല്ലാത്തിന് സഹായിയായി നിന്നത് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇൻഫോടെക് ജീവനക്കാരനും; മുത്തുകോയ തങ്ങൾക്കും കൂട്ടാളിക്കുമെതിരെ മനുഷ്യക്കടത്തിന് കേസ്; കുടുങ്ങുമെന്നായപ്പോൾ ദിവ്യൻ ഒളിവിൽ

എംപി റാഫി

മലപ്പുറം: കരിപ്പൂർ പുളിയംപറമ്പിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കാണാതായതിനു പിന്നിൽ 18 തികയാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള സിദ്ധന്റെ ആസൂത്രിത നീക്കങ്ങൾ തന്നെ. വീട്ടമ്മയും മൂന്ന് പെൺമക്കളും കാണാതായ സംഭവത്തിൽ അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ( 38) എന്ന സിദ്ധനെതിരെയും കൂട്ടാളി നിലമ്പൂർ എടക്കര സ്വദേശി ജാബിറി(36)നെതിരെയും കരിപ്പൂർ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തു. ഒളിവിൽ പോയ ഇരുവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിൽ മനംനൊന്താണ് താൻ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരിൽ നിന്നും മൂന്നു പെൺമക്കളുമായി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതി വെളിപ്പെടുത്തിയിരുന്നു. സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കൾ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധൻ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിർത്തി. എന്നാൽ ഇവർ തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ സംസാരം പരന്നു. ഈ സാഹചര്യത്തിൽ താൻ മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്ന് സൗദാബി പൊലീസിനോടു പറഞ്ഞിരുന്നു.

എന്നാൽ ഇതെല്ലാം സിദ്ധന്റെ തന്ത്രങ്ങളായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിയുന്നത്. ഈ സാഹചര്യത്തിലാണ് സിദ്ധനെതിരെ മനുഷ്യക്കടത്തിന് കേസെടുക്കുന്നത്. സൗദാബിയെ കൊണ്ടു പോയത് സിദ്ധനായിരുന്നു. എന്നാൽ ഒളിവിൽ പോയെന്ന സംശയത്തിൽ ചോദ്യം ചെയ്തിട്ടും സിദ്ധൻ സത്യം പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യക്കടത്തിന് കേസെടുക്കുന്നത്.

കരിപ്പൂർ പുളിയംപറമ്പ് സ്വദേശി സൗദാബിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതോടെ പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സിദ്ധനും ജാബിറും ജാബിറിന്റെ ഭാര്യയും നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരമാണ് സൗദാബിയെയും കുട്ടികളെയും തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ എത്തിച്ചത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഇൻഫോടെക് ജീവനക്കാരനാണ് സിദ്ധന്റെ കൂട്ടാളിയായ ജാബിർ. ഇയാൾ ഭാര്യയുമായി തിരുവനന്തപുരം ബീമാപള്ളിക്കു സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

സൗദാബിയെ കാണാതാകുന്നതിനു മുമ്പ് തന്നെ കഴക്കൂട്ടത്തിനു സമീപത്തെ കേൺഫിഡന്റ് ഗ്രൂപ്പിന്റെ മറ്റൊരാളുടെ പേരിലുള്ള ഫ്‌ളാറ്റ് ഇവർ വാടകക്ക് എടുത്തിരുന്നു. സിദ്ധന്റെ നിർദ്ദേശപ്രകാരം യുവതി മൊബൈൽ വീട്ടിൽ വെച്ച ശേഷമായിരുന്നു കൊണ്ടോട്ടിയിലെ ജാറത്തിനടുത്ത് ഓട്ടോയിൽ എത്തിയത്.

ഈ സമയം ജാബിറും ഭാര്യയും എടക്കരയിൽ നിന്നും കൊണ്ടോട്ടിയിൽ എത്തിയിരുന്നു. സൗദാബിയും കുട്ടികളും ഇവരോടൊപ്പം കോഴിക്കോട് എത്തുകയും ഇവിടെ നിന്ന് ട്രൈനിൽ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. സിദ്ധനിലുള്ള അമിതഭക്തിയായിരുന്നു യുവതി ഇയാളെ വിശ്വസിക്കാൻ ഇടയാക്കിയത്. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കുടുംബം നശിക്കുമെന്നും വലിയ നാശമുണ്ടാകുമെന്നും പറഞ്ഞായിരുന്നു സിദ്ധൻ പേടിപ്പിച്ചിരുന്നത്.

യുവതിയെ കാണാതാകുന്നതിന്റെ ഒന്നരമാസം മുമ്പ് സൗദാബിയും ഭർത്താവും കുട്ടികളും സിദ്ധനോടൊപ്പം ബീമാപള്ളി ജാറത്തിൽ എത്തിയിരുന്നു. ജാബിറിന്റെ വാടക വീട്ടിലായിരുന്നു അന്ന് ഇവർ തങ്ങിയിരുന്നത്. ഇവിടെ വെച്ച് ജാബിറിന്റെ ഭാര്യ സൗദാബിയുടെ മകളെ സിദ്ധനു വേണ്ടി വിവാഹാലോചന നടത്തിയിരുന്നു. ' തങ്ങൾ 'ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് താൻ സ്വപ്നം കണ്ടുവെന്നായിരുന്നു ജാബിറിന്റെ ഭാര്യ സൗദാബിയുടെ ഭർത്താവിനോടു പറഞ്ഞിരുന്നത്.

മുമ്പ് സൗദാബിയും ഇതേ സ്വപ്നം കണ്ടിരുന്നതായി ഭർത്താവിനോടും കുടുംബങ്ങളോടും പറഞ്ഞിരുന്നു. നബി സ്വപ്നത്തിൽ ഇക്കാര്യം കാണിച്ചു തന്നതായി സിദ്ധൻ തന്നെ പറഞ്ഞിരുന്നു. സൗദാബിയെ പൊലീസും കുടുംബാംഗങ്ങളും ചോദ്യം ചെയ്തപ്പോഴാണ് എല്ലാം സിദ്ധൻ പറഞ്ഞ് ചെയ്യിക്കുകയായിരുന്നെന്ന് വ്യക്തമായത്.

മുമ്പ് ബീമാപള്ളിയിൽ എത്തിയപ്പോൾ താമസിച്ച വിവരമറിഞ്ഞ പൊലീസ് അന്വേഷണം ജാബിറിനെ കേന്ദ്രീകരിച്ച് നടത്തുകയായിരുന്നു. ഇതോടെ കുടുങ്ങുമെന്നായ ജാബിർ കഴിഞ്ഞാഴ്ച യുവതിയെയും കുട്ടികളെയും നാട്ടിലേക്ക് ട്രെയിൻ കയറ്റി വിട്ടു. എന്നാൽ, വീട്ടമ്മയുടെയും പെൺമക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ചോദ്യം ചെയ്യലിൽ തനിക്ക് ബന്ധമില്ലെന്നായിരുന്നു സിദ്ധൻ പറഞ്ഞിരുന്നത്.

ബന്ധമില്ലെന്ന് പൊലീസിനെ വിശ്വസിപ്പിക്കാനായി സിദ്ധൻ തിരുവനന്തപുരത്തെത്തി യുവതിക്കു വേണ്ടി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. സൗദാബിയെയും പെൺമക്കളെയും കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം സിദ്ധനിലേക്കും കൂട്ടാളിയിലേക്കും തിരിച്ചു. ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

മനുഷ്യക്കടത്ത് ഉൾപ്പടെ ഐപിസി 345, 346, 347,370,176 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. രണ്ട് പേരും ഒളിവിൽ പോയിരിക്കുകയാണ്. പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയതായി കരിപ്പൂർ എസ്‌ഐ കെ.ബി ഹരികൃഷ്ണൻ മറുനാടൻ മലയാളിയോടു പറഞ്ഞു. യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP