Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിമന്യുവിനെ കുത്തികൊന്ന കേസിൽ മൊത്തം 15 പ്രതികളുണ്ടെന്ന് ദൃക്സാക്ഷികൾ; ഒന്നാം പ്രതി മഹാരാജാസിലെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥി മുഹമ്മദ് ഒളിവിൽ പോയി; കൊലയാളികൾ എത്തിയെന്ന് കരുതുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു; പെട്ടന്നുള്ള പ്രകോപനമല്ല, ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം; പ്രതികൾ താമസിച്ച വാടക വീട്ടിലും പൊലീസ് എത്തി; സിസി ടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകൾ പരിശോധിക്കുന്നു

അഭിമന്യുവിനെ കുത്തികൊന്ന കേസിൽ മൊത്തം 15 പ്രതികളുണ്ടെന്ന് ദൃക്സാക്ഷികൾ; ഒന്നാം പ്രതി മഹാരാജാസിലെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥി മുഹമ്മദ് ഒളിവിൽ പോയി; കൊലയാളികൾ എത്തിയെന്ന് കരുതുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു; പെട്ടന്നുള്ള പ്രകോപനമല്ല, ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം; പ്രതികൾ താമസിച്ച വാടക വീട്ടിലും പൊലീസ് എത്തി; സിസി ടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകൾ പരിശോധിക്കുന്നു

അർജുൻ സി വനജ്

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് കേസിൽ പൊലീസ് പ്രതികൾക്ക് പിന്നാലെ. കേസിൽ ആകെ 15 പ്രതികൾ ഉണ്ടെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് പിന്നാലെയാണ് പൊലീസ്. വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് അറിയിച്ചു. കോളേജിലെ മൂന്നാം വർഷ അറബിക് ബിരുദ വിദ്യാർത്ഥിയായ ഇയാൾ ഇപ്പോൾ ഒളിവിലാണ്. പ്രതികളായവർ കൊച്ചി വിട്ടെന്നാണ് പൊലീസ് നിഗമനം.

വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച നിഗമനം. ആസൂത്രിത കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും വ്യക്തമാക്കി. കേരളത്തിലെ ക്യാംപസുകളിൽ പൊതുവിൽ സമാധാന അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അതു തകർക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സർക്കാർ കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ബൈക്കുകൾ അടക്കമുള്ളവയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മഹാരാജാസ് കോളേജിൽ നിന്നാണ് ബൈക്കുകൾ കസ്റ്റഡിയിലെടുത്തത്. പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന സ്ഥലത്തും പൊലീസ് എത്തിയിട്ടുണ്ട്. ആറോള പേർ വാടകയ്ക്ക് താമസിച്ച വീട്ടിലാണ് അന്വേഷണ സംഘം എത്തിയത്. ഇതിൽ ഓൺലൈൻ ഫുഡ് സപ്ലൈ തൊഴിലാളിയുമുണ്ട്. സെൻട്രൽ സിഐ അനന്ദലാലിന്റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷം. മൊബൈൽ ലൊക്കേഷൻ, വാഹന നമ്പർ, സിസിടിവി ദൃശ്യങ്ങൾ , സാക്ഷിമൊഴി , ഫോറൻസിക് തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്.

എൻ ഡി എഫിന് സ്വാധീനമുള്ള പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, പള്ളുരുത്തി, കോട്ടയത്തേയും പത്തനംതിട്ടയിലേയും കായംകുളത്തേയും പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഭൂരിഭാഗവും തിരിച്ചറിഞ്ഞുവെന്നാണ് സെൻട്രൽ പൊലീസ് സ്റ്റേഷൻ നൽകുന്ന വിവരം. കൊലപാതകത്തിന് ശേഷം എൻഡിഎഫ് സ്വാധീന മേഖലയിലേക്ക് അവർ തിരിച്ചു പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.

അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്നും എറണാകുളം റേഞ്ച് ഐജി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും ബെഹ്‌റ കൂട്ടിച്ചർത്തു. നേരത്ത, സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇതിന് പൊലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

അതേസമയം, മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസിൽ ഉണ്ടായത്. കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണം.

പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് തകർക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സർക്കാർ കർശനമായി നേരിടും. ക്യാമ്പസുകളിൽ സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും പിണറായി അഭ്യർത്ഥിച്ചു. എസ്എഫ്‌ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വട്ടവട മേഖലാകമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

എസ്എഫ്‌ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അർജുന്റെ നില ഗുരുതരമാണ്. ആസൂത്രിതമായ ആക്രമണവും കൊലപാതകവുമാണ് ഉണ്ടായത്. നവാഗതരെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കോളജിലേക്ക് ഇരച്ചു കയറി അക്രമം നടത്തിയത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകളുൾപ്പെടെ അക്രമി സംഘത്തിൽ ഉണ്ടായിരുന്നു.

ആക്രമണം ആസൂത്രണം ചെയ്ത മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ക്യാമ്പസുകളെ കുരുതിക്കളമാക്കാനുള്ള മത മൗലികവാദ, തീവ്രാവാദ സ്വഭാവമുള്ള സംഘടനകളുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കണം. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് എല്ലാ ബ്ലോക്ക,് മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

കൊലപാതകവുമായി ബന്ധമുള്ള രണ്ട് ക്യാമ്പസ് ഫ്രണ്ടുകാർ നേരത്തെ അറസ്റ്റിലായിരുന്നു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാമ്പസിനുള്ളിൽ വെച്ച് കുത്തിക്കൊന്നത്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനും കുത്തേറ്റു. മരിച്ച അഭിമന്യു എസ്എഫ്‌ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമാണ്. രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയാണ് അഭിമന്യു. ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം നടന്നത്.

ഒരു തൂണിൽ എസ്എഫ്‌ഐ ബുക്ഡ് എന്ന എഴുത്ത് വകവയ്ക്കാതെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു. എസ്എഫ്‌ഐ പ്രവർത്തകർ ഇതു ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിന് ശേഷം എണ്ണത്തിൽ കുറവായ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുപോയി പോപുലർ ഫ്രണ്ട്കാരുമായി എത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയായി. ഇതിനിടെ പോപുലർ ഫ്രണ്ട് പ്രവർത്തകർ കത്തിയെടുത്തു കുത്തി. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന്യുവിന്റെ വയറിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു വെച്ചു തന്നെ അഭിമന്യു അബോധവസ്ഥയിലായി. കൂടെ ഉണ്ടായിരുന്ന അർജുൻ എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റു. അഭിമന്യുവിനെ ഉടൻ സമീപത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP