Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈസൻസും ഹെൽമറ്റുമില്ലാതെ വാഹനമോടിച്ച് പിടിയിലായപ്പോൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് എതിരെ തട്ടിക്കയറി; വീട്ടുകാർ വന്ന് പിഴ ഒടുക്കിയതിന് പിന്നാലെ വാട്‌സ് ആപ് വഴി ഉദ്യോഗസ്ഥന് എതിരെ അസഭ്യ പ്രചരണം; പിന്നാലെ മദ്യപിച്ച് പരിശോധന നടത്തിയെന്ന് വിജിലൻസിന് വ്യാജപരാതിയും; വെഹിക്കിൾ ഇൻസ്‌പെക്ടർ പൊലീസിനെ സമീപിച്ചതോടെ പട്ടണക്കാട്ടുകാരനായ യുവാവ് അറസ്റ്റിൽ

ലൈസൻസും ഹെൽമറ്റുമില്ലാതെ വാഹനമോടിച്ച് പിടിയിലായപ്പോൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് എതിരെ തട്ടിക്കയറി; വീട്ടുകാർ വന്ന് പിഴ ഒടുക്കിയതിന് പിന്നാലെ വാട്‌സ് ആപ് വഴി ഉദ്യോഗസ്ഥന് എതിരെ അസഭ്യ പ്രചരണം; പിന്നാലെ മദ്യപിച്ച് പരിശോധന നടത്തിയെന്ന് വിജിലൻസിന് വ്യാജപരാതിയും; വെഹിക്കിൾ ഇൻസ്‌പെക്ടർ പൊലീസിനെ സമീപിച്ചതോടെ പട്ടണക്കാട്ടുകാരനായ യുവാവ് അറസ്റ്റിൽ

അരുൺ ജയകുമാർ

ആലപ്പുഴ: ലൈസൻസും ഹെൽമറ്റുമില്ലാതെ ഇരുചക്ര വാഹനമോടിച്ചത് പിടികൂടിയ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് എതിരെ യുവാവ് പക തീർത്തത് മദ്യപിച്ച് വാഹന പരിശോധന നടത്തിയെന്ന് വിജിലൻസിന് പരാതി നൽകികൊണ്ട്. അന്വേഷണത്തിൽ ഉദ്യോഗസ്ഥനെതിരെ നൽകിയത് വ്യാജ പരാതി ആണെന്നും സോഷ്യൽ മീഡിയ വഴി മോശം പ്രചരണം നടത്തിയെന്നും വ്യക്തമായതോടെ യുവാവ് പൊലീസ് പിടിയിലായി.

വാഹന പരിശോധന നടത്തിയതിന് ഉദ്യോഗസ്ഥനെതിരെ ഇയാൾ വാട്സാപ്പ് വഴി അസഭ്യ പ്രചരണം നടത്തിയെന്ന് കാണിച്ച് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോസ് ആന്റണി പൊലീസിന് പരാതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ ഇരുപതിന് വൈകുന്നേരമാണ് സംഭവം നടന്നത്. പട്ടണക്കാട് സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് ആലപ്പുഴ പട്ടണക്കാട് പൊലീസ് പറയുന്നത് ഇങ്ങനെ

ഡിസംബർ ഇരുപതിന് വൈകുന്നേരം 4.15നാണ് സംഭവം നടന്നത്. ചേർത്തല അസി. മോട്ടോർ വാഹന ഇൻസ്‌പെക്ടറായ ജോസ് ആന്റണിയും സംഘവും വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയമാണ് രാഹുലും സാലിമോൻ എന്ന സുഹൃത്തും ഹോണ്ട മൊട്ടോർബൈക്കിൽ അത് വഴി വന്നത്.

വണ്ടി തടഞ്ഞ് നിർത്തിയ ശേഷം പരിശോധന നടത്തി. ഹെൽമറ്റും ലൈസൻസും ഇല്ലായിരുന്നു. ഉടൻ തന്നെ ഇതിന് പിഴ ഒടുക്കാൻ പറഞ്ഞപ്പോൾ രാഹുൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയായിരുന്നു. പിഴ അടയക്കാൻ പറ്റില്ലെന്ന് രാഹുൽ പറഞ്ഞെങ്കിലും പിന്നീട് വീട്ടുകാർ സ്ഥലത്തെത്തി പിഴ ഒടുക്കി.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയ കേസിലാണ് പട്ടണക്കാട് കോതമംഗലത്തു വീട്ടിൽ കുഞ്ഞുമോന്റെ മകൻ രാഹുലിനെ (23) ആണ് പട്ടണക്കാട് പൊലീസ് പിടികൂടിയത്. പിഴ ഒടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തർക്കമുണ്ടാകുന്നതിനിടെ ഇയാൾ ജോസ് ആന്റണിയേയും മറ്റ് ഉദ്യോഗസ്ഥരേയും അസഭ്യം പറഞ്ഞു. പിന്നീട് ഇയാൾ ചെക്കിങ്ങിനിടെ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്ത് വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

രാത്രിയോടെ ഇൻസ്‌പെക്ടർക്കെതിരെയും മോട്ടോർ വാഹന വകുപ്പിനെതിരെയും യുവാവ് മോശമായ തരത്തിലുള്ള വിഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്നാണ് കേസ്. പിന്നീട് പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടെന്നു വിജിലൻസിലടക്കം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു പരാതി നൽകുകയും ചെയ്തു. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം ജോസ് ആന്റണിയെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടില്ലെന്നു മനസിലായി.

വാഹന പരിശോധന നടത്തിയതിന്റെ പേരിൽ തനിക്കെതിരെ വ്യാജപരാതി വിജിലൻസിന് നൽകിയതോടെയാണ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസ് ആന്റണി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്നെയും തന്റെ ഡിപ്പാർട്മെന്റനേയും അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ടുവെന്നും കൃത്യനിർവഹണത്തെ തടസ്സപെടുത്തിയെന്നും കാണിച്ചായിരുന്നു പരാതി നൽകിയത്.

മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. പട്ടണക്കാട് പൊലീസിനു കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ ഐപിസി 353,2 94ബി, 500 എന്നീ വകുപ്പുകളും ഐടി ആക്റ്റ് 66എ പ്രകാരവും കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP