Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശിക്കാറിൽ' എത്തിയത് നായകന്റെ സൂഹൃത്താകാൻ; ലാലു അലക്‌സ് പകരമെത്തിയപ്പോൾ ആർക്കും വേണ്ടാത്തവനായി; മോഹൻലാലും കൂട്ടരും താമസിച്ച ഹോട്ടലിൽ പോലും കയറ്റിയില്ല; കരാർ ഒപ്പിട്ട തുക ചോദിച്ചപ്പോൾ കലാപം തുടങ്ങി; മരിച്ചെന്ന് ഉറപ്പായിട്ടും ലോഡ്ജിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് തെളിവ് നശിപ്പിക്കാൻ; ശ്രീനാഥിന്റെ മരണത്തിന് പിന്നിലും സിനിമയിലെ മാഫിയയോ?

'ശിക്കാറിൽ' എത്തിയത് നായകന്റെ സൂഹൃത്താകാൻ; ലാലു അലക്‌സ് പകരമെത്തിയപ്പോൾ ആർക്കും വേണ്ടാത്തവനായി; മോഹൻലാലും കൂട്ടരും താമസിച്ച ഹോട്ടലിൽ പോലും കയറ്റിയില്ല; കരാർ ഒപ്പിട്ട തുക ചോദിച്ചപ്പോൾ കലാപം തുടങ്ങി; മരിച്ചെന്ന് ഉറപ്പായിട്ടും ലോഡ്ജിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് തെളിവ് നശിപ്പിക്കാൻ; ശ്രീനാഥിന്റെ മരണത്തിന് പിന്നിലും സിനിമയിലെ മാഫിയയോ?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നടൻ ശ്രീനാഥിന്റെ മരണം പുലർച്ചെ രണ്ടംഗസംഘം താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ. ഇവർ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാഫിയ സംഘാംഗങ്ങളാണെന്നും സംശയം. സംഭവം പുറത്തായിട്ടും പൊലീസ് അന്വേഷിച്ചില്ല. മരിച്ചെന്ന് ഉറപ്പിച്ചിട്ടും മൃതദേഹം തിടുക്കപ്പെട്ട് സംഭവസ്ഥലത്തു നിന്ന് നീക്കി. കേസുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തര വകുപ്പു പുറത്തുവിട്ടുമില്ല.

നടൻ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സജീവ ചർച്ചയായ പ്രാധാന വെളിപ്പെടുത്തലുകൾ ഇങ്ങനെ.

ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആറിന്റെ കോപ്പിയും മറ്റ് രേഖകളും ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം ഈ വർഷം ഏപ്രിൽ 17 -ന് മൂവാറ്റുപുഴ ആർ ഡി ഒ ഓഫീസിൽ ഭാര്യ ലതാ ശ്രീനാഥ് അപേക്ഷ നൽകുകയും ഇതിനുള്ള ഫീസ് അടയ്ക്കുകയും ചെയ്‌തെങ്കിലും ബന്ധപ്പെട്ടവർ ഇത് നൽകാൻ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ അഭിനയിച്ചുവരവെ 2010 ഏപ്രിൽ 23-ന് കോതമംഗലത്ത് ഹോട്ടൽ മുറിയിലാണ് ശ്രീനാഥിന്റെ ജഡം കാണപ്പെട്ടത്.

ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കോതമംഗലത്ത് ആവശ്യമായ സഹായങ്ങൾ നൽകിയ, അന്നത്തെ മോഹൻലാൽ ഫാൻസ് അസോസീയേഷൻ ജില്ലാ പ്രസിഡന്റും ഇന്ന് എച്ച് എം എസിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മനോജ് ഗോപിശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും പുറത്തു വരാത്ത സംഭവങ്ങൾ മറുനാടനുമായി പങ്കുവച്ചു. ശിക്കാറിന്റെ ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായിരുന്നു മനോജ്.

സംഭവത്തെ കുറിച്ച് മനോജ് നൽകുന്ന വിവരങ്ങൾ .... 

നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടാണെന്നും പറഞ്ഞാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെന്ന് പരിചയപ്പെടുത്തി സഞ്ജു, മനോജ് എന്നിവർ എന്നെ കാണാൻ വന്നത്. ലൊക്കേഷൻ കാണാൻ ഒരാഴ്ചയോളം ഇവർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. കുട്ടമ്പുഴ, നേര്യമംഗലം, വാളറ എന്നീ സ്ഥലങ്ങളാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്. ലൊക്കേഷനിലേക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിനായി കുത്തുകുഴിക്കടുത്ത് വീട് തരപ്പെടുത്തിയതും ഞാനാണ്.

കുട്ടമ്പുഴയിൽ ചിത്രീകരണം നടക്കുമ്പോഴാണ് ഞാൻ ശ്രീനാഥുമായി പരിചയപ്പെടുന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കാണുമ്പോൾ അദ്ദേഹം ഏറെ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് പെരുമാറ്റത്തിൽ നിന്നും മനസ്സിലായി. ആരുമായും കാര്യമായി സംസാരിക്കാതെ, ആരും ശ്രദ്ധിക്കപ്പെടാനില്ലാതെ ലൊക്കേഷനിൽ ആളൊഴിഞ്ഞ ഭാഗത്ത് ശ്രീനാഥ് കാഴചക്കാരനായിരുന്നത് ഇന്നും ഓർമ്മയിലുണ്ട്.

അടുത്ത ദിവസങ്ങളിലാണ് കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ എനിക്ക് വ്യക്തമായത്. ചിത്രത്തിൽ മുഴുനീളം നിറഞ്ഞുനിൽക്കുന്ന നായകന്റെ സുഹൃത്തിന്റെ വേഷമായിരുന്നു അണിയറ പ്രവർത്തകർ ശ്രീനാഥിനെ ഏൽപ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച് കരാറിൽ ഒപ്പുവയ്ക്കുകയും അഡ്വാൻസ് നൽകുകയും ചെയ്തിരുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. ശ്രീനാഥിനെ മാറ്റി ഈ വേഷം ലാലു അലക്‌സിന് നൽകിയതായി പിന്നീടുള്ള അണിയറ പ്രവർത്തകരുടെ നീക്കത്തിൽ നിന്നും എനിക്ക് മനസ്സിലായി. ലാലു അലക്‌സ് അഭിനയിക്കാനെത്തുകയും ചെയ്തു.

ഇതോടെ സിനിമക്കാരുടെ ശ്രീനാഥിനോടുള്ള പെരുമാറ്റം ശത്രുവിനോടെന്നതുപോലെയായി എന്നതാണ് വാസ്തവം. മദ്യപാനിയെന്ന പ്രചാരണമായിരുന്നു ഇതിൽ മുന്നിട്ടുനിന്നത്. ലൊക്കേഷനിൽ ഞാൻ കാണുമ്പോഴേല്ലാം തികച്ചും സാധാരണ പ്രതികരണവും ഇടപെടലുകളുമാണ് അദ്ദേഹത്തിൽ കാണാനായത്. മറ്റുള്ള കാര്യങ്ങളിൽ പറഞ്ഞുകേട്ടുള്ള അറിവ് മാത്രമേയുള്ളു. സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മോഹൻലാൽ ഉൾപ്പെടെ പ്രമുഖർ താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥിന് മുറി നൽകിയിരുന്നില്ല. കുറച്ചു മാറി മറ്റൊരു ഹോട്ടലിലാണ് ഇദ്ദേഹത്തിന് സിനിമക്കാർ മുറിയെടുത്ത് നൽകിയിരുന്നത്.

സിനിമയിൽ നിന്നും അകാരണമായി ഒഴിവാക്കിയപ്പോൾ കരാർപ്രകാരമുള്ള തുക നൽകണമെന്ന് ശ്രീനാഥ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നതായി ഒരു വിവരവും അന്ന് പരക്കെ പ്രചരിച്ചിരുന്നു. ഈ തുക നൽകാതെ മുറിയിൽ നിന്നും പോകില്ലെന്ന നിലപാടിൽ ശ്രീനാഥ് ഉറച്ചുനിന്നതോടെ മുറിവാടകയുൾപ്പെടെ ശ്രീനാഥിന് വേണ്ടി ഒരു രൂപ പോലും ഇനി നൽകില്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നതായും പലരും പറഞ്ഞറിഞ്ഞു. ഈ സാഹചര്യത്തിലും ഹോട്ടലിലെ മുറി ഒഴിയാൻ സന്നദ്ധനാവാതിരുന്ന ശ്രീനാഥിനെ മരണം സ്ഥിരീകരിച്ച ദിവസം പുലർച്ചെ താമസസ്ഥലത്തെത്തി രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.

ഇതിനും പുറമേ മരണം സംഭവിച്ചെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായിട്ടും ഹോട്ടൽ മുറിയിൽ നിന്നും ബന്ധപ്പെട്ടവർ ജഡം പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ശ്രീനാഥിനെ ഇല്ലായ്മ ചെയ്യാൻ ആരോ കരുതിക്കൂട്ടി ഇടപെടലുകൾ നടത്തിയോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സിനിമയിലെ മാഫിയ ബന്ധങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ശ്രീനാഥിന്റെ മരണവും ഇത്തരക്കാരുടെ ഇടപെടൽ മൂലമുണ്ടായതാണെന്ന് സംശയമുയരാൻ കാരണം. ഇക്കാര്യത്തിൽ ശ്രീനാഥിന്റെ ഭാര്യ ലത നടത്തുന്ന നിയമ പോരാട്ടത്തിന് ഒപ്പം ഉറച്ചു നിൽക്കുമെന്നു മനോജ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP