Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ആക്രമിക്കപ്പെട്ടതിൽ പ്രമുഖ നടനു പങ്കില്ലെന്നും മറ്റൊരു നടിയുടെ പങ്കു സംശയിക്കുന്നതായും കുടുംബം പറഞ്ഞതായി സോഷ്യൽ മീഡിയയിലടക്കം പ്രചരണം; തൊട്ടു പിന്നാലെ അഭ്യൂഹങ്ങൾ തള്ളി ആക്രമിക്കപ്പെട്ട നടിയുടെ കുടുംബവും രംഗത്ത്; മറ്റൊരു നടിക്കു പങ്കുണ്ടെന്ന് ആരോപിച്ചിട്ടില്ലെന്നും വിശദീകരണം

നടി ആക്രമിക്കപ്പെട്ടതിൽ പ്രമുഖ നടനു പങ്കില്ലെന്നും മറ്റൊരു നടിയുടെ പങ്കു സംശയിക്കുന്നതായും കുടുംബം പറഞ്ഞതായി സോഷ്യൽ മീഡിയയിലടക്കം പ്രചരണം; തൊട്ടു പിന്നാലെ അഭ്യൂഹങ്ങൾ തള്ളി ആക്രമിക്കപ്പെട്ട നടിയുടെ കുടുംബവും രംഗത്ത്; മറ്റൊരു നടിക്കു പങ്കുണ്ടെന്ന് ആരോപിച്ചിട്ടില്ലെന്നും വിശദീകരണം

തൃശൂർ: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ മറ്റൊരു നടിക്ക് പങ്കുണ്ടെന്ന തരത്തിൽ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം. സംഭവത്തിൽ പ്രമുഖ നടന്റെ പങ്കു തള്ളിക്കളഞ്ഞും പേരു വെളിപ്പെടുത്താത്ത ഒരു നടിയുടെ പങ്കു സംശയിച്ചും കുടുംബം രംഗത്തെത്തിയെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബാംഗങ്ങൾ വിശദീകരണം നല്കിയിരിക്കുന്നത്.

നടനല്ല ഒരു നടി ഇതിന് പിന്നിലുള്ളതായി തങ്ങൾ സംശയിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ അഭിപ്രായപ്പെട്ടതായായിരുന്നു വാർത്ത. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും തങ്ങൾ അത്തരത്തിൽ ഒരാരോപണം ഉന്നയിച്ചിട്ടില്ലെന്നും നടിയുടെ മാതാപിതാക്കളുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

നടിക്കു നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങൾ പലതും ശരിയല്ലെന്നും നടിയുടെ കുടുംബം പറഞ്ഞതായി പ്രചരിക്കപ്പെട്ട വാർത്തയിലുണ്ടായിരുന്നു. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ടുപോകും. കേസ് പിൻവലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ പ്രതികരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ചെന്പൂക്കാവിലെ ശിവൻ എന്നൊരാളാണു നേരത്തെ വാഹനം ഓടിച്ചിരുന്നത്. അടുത്തയിടെയാണ് മാറിയത്. ശിവന്റെ അഭാവത്തിലാണു പുതിയ ഡ്രൈവറെ കണ്ടെത്തേണ്ടിവന്നത്. ഒരു പ്രമുഖ നടനു സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച കുടുംബാംഗങ്ങൾ ഒരു നടിക്ക് ഇതിൽ പങ്കുണ്ടോയെന്നു സംശയിക്കുന്നതായും സൂചിപ്പിച്ചു. എന്നാൽ, നടിയുടെ പേരു വെളിപ്പെടുത്താൻ കുടുംബാംഗങ്ങൾ തയാറായില്ല. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും കുടുംബാംഗങ്ങൾ പറഞ്ഞതായി വാർത്തയിലുണ്ടായിരുന്നു. .

സോഷ്യൽ മീഡിയയിൽ ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചത് ആരാണെന്നു വ്യക്തമല്ല. ഇതിനു പിന്നാലെയാണ് നടിയുടെ മാതാപിതാക്കളുമായി അടുത്ത ബന്ധമുള്ളവർ വിശദീരണം നല്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയിൽ വച്ചാണ് നടിയുടെ കാറിലേക്ക് ഒരു സംഘം ഇരച്ചുകയറി വാഹനം തട്ടിയെടുത്തത്. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീർത്തിപരമായ ചിത്രങ്ങളെടുക്കാൻ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോൾ ഇവർ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നുവെന്നാണ് നടിയുടെ മൊഴി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP