Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വത്തിലെ തർക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷം; ആവശ്യപ്പെട്ടത് സംവിധായക സുഹൃത്തിന്റെ പേരിൽ എല്ലാം തിരികെ എഴുതിക്കാൻ; മുൻ ഭാര്യയ്ക്ക് മാത്രമേ നൽകൂവെന്ന് പറഞ്ഞത് വൈരാഗ്യമുണ്ടാക്കി; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ വഴിയേ നടിയുടെ മൊഴിയും; നടിയെ ആക്രമിച്ച കേസ് അന്വേഷണം ബംഗളുരുവിലെ ഭൂമി ഇടപാടുകളിലേക്ക്

സ്വത്തിലെ തർക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷം; ആവശ്യപ്പെട്ടത് സംവിധായക സുഹൃത്തിന്റെ പേരിൽ എല്ലാം തിരികെ എഴുതിക്കാൻ; മുൻ ഭാര്യയ്ക്ക് മാത്രമേ നൽകൂവെന്ന് പറഞ്ഞത് വൈരാഗ്യമുണ്ടാക്കി; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ വഴിയേ നടിയുടെ മൊഴിയും; നടിയെ ആക്രമിച്ച കേസ് അന്വേഷണം ബംഗളുരുവിലെ ഭൂമി ഇടപാടുകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ ബിനാമി സ്വത്ത് സംബന്ധിച്ച നടിയുടെ മൊഴിയുമായി ബന്ധപ്പെ വസ്തുതകൾ സ്ഥിരീകരിക്കാൻ പൊലീസ് ബംഗളൂരുവിലേക്ക്. എന്തിനാണ് നടിയെ ആക്രമിച്ചതെന്നും ആരാണ് ഗൂഢാലോചന നടത്തിയെന്നും പൾസർ സുനി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പൂരകമായ മൊഴിയാണ് നടിയും നൽകിയത്. ഈ സാഹചര്യത്തിലാണ് ബംഗളുരുവിലെത്തി രേഖകളും മറ്റും പരിശോധിക്കാനുള്ള തീരുമാനം എടുത്തത്. ഈ രേഖകൾ വിലയിരുത്തിയ ശേഷം മാത്രമേ നടന്റെയും സുഹൃത്തായ സംവിധായകന്റേയും അറസ്റ്റിൽ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലെ സംഘം തീരുമാനം എടുക്കൂ.

ആരോപണവിധേയനായ നടന്റെ ആത്മമിത്രമാണ് സംവിധായകൻ. അറിയപ്പെടുന്ന മിമിക്രിക്കാരനുമായിരുന്നു സംവിധായകനുമായി ബിസിനസും നടത്തുന്നു. ഇത്തരത്തിലെ കച്ചവട താൽപ്പര്യമാണ് സംവിധായകനെ ഈ കേസുമായി അടുപ്പിക്കുന്നത്. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടെ ഈ സ്വത്തുകൾ നടന്റെ പങ്കാളിയായ സംവിധായകന്റെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ താൻ അതിനു വഴങ്ങിയില്ല. ആദ്യഭാര്യയുടെ പേരിലേക്ക് മാത്രമേ താൻ ഇവ കൈമാറ്റം ചെയ്യുകയോ എഴുതി നൽകുകയോ ചെയ്യൂവെന്നും താൻ നിർബന്ധം പിടിച്ചു. ഇതാണ് ഈ നടനുമായി ഉണ്ടായ വൈരാഗ്യത്തിന്റെ മൂല കാരണം. ഈ ദേഷ്യമാണോ പൾസർ സുനിയെ കൊണ്ട് തന്നെ ആക്രമിക്കാൻ കാരണമെന്ന് അറിയില്ല. നടന് ഈ സംഭവത്തിൽ പങ്കുണ്ടോയെന്നും വ്യക്തമല്ലെന്ന് നടി മൊഴി നൽകി.

നടന്റെ പല റിയൽ എസ്റ്റേറ്റ് ബിസിനസിൽ താനും ഉൾപ്പെട്ടിരുന്നു. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, ചെന്നൈ, ബാംഗ്ലൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകൾ വാങ്ങിയിട്ടുള്ളതും തന്റെ പേരിലാണ്. ആദായനികുതി വെട്ടിപ്പിനു വേണ്ടിയാണ് ഇത്തരം പല ഇടപാടുകളും നടൻ ചെയ്തെന്നും മൊഴിയിൽ പറയുന്നു. ഈ സ്വത്തുക്കളിലുള്ള തർക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷമാണ്. ഇതിന് ശേഷം തന്നെ സിനിമയിൽ നിന്ന് ഒതുക്കാനും ശ്രമം നടന്നു. ഇതിനെല്ലാം സംവിധായക സുഹൃത്തിന്റേയും പിന്തുണയുണ്ടായിരുന്നു. തന്നെ സിനിമയിൽ നിന്നും പുറത്താക്കുവാനും പലരോടും ഈ നടൻ ആവശ്യപ്പെട്ടിരുന്നു. ഈ ഭീഷണികൾ ഒന്നും ഫലം കണ്ടില്ല. ഇത് മാത്രമാണ് സിനിമാ രംഗത്ത് തനിക്കുള്ള ഏക ശത്രുതയുടെ മൂലകാരണം. അതുകൊണ്ട് തന്നെ അന്വേഷണം നടക്കട്ടേയെന്നാണ് നടിയുടെ നിലപാട്.

അക്രമി 'മാഡം ഇത് ക്വട്ടേഷനാണ് സഹകരിക്കണം' എന്ന് പറഞ്ഞാണ് അക്രമം ആരംഭിച്ചതെന്നു പറയുന്നുണ്ട്. ആരുടെ ക്വട്ടേഷൻ എന്ന ചോദ്യം പൊലീസ് ചോദിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. നടനെ രക്ഷിക്കാൻ ബോധപൂർവ്വം പൊലീസ് ചെയ്തതാണിതെന്ന വിലയിരുത്തലുണ്ടായിരുന്നു. പൾസർ സുനിയിലേക്ക് മാത്രം അന്വേഷണം ഒതുക്കാനാണ് ശ്രമിച്ചത്. എന്നാൽ പെട്ടന്ന് എല്ലാം മാറി. ഏതാണ്ട് 22 കോടി രൂപയോളം വരുന്ന സ്വത്ത് തന്റെ പേരിൽ എഴുതി വയ്്ക്കാൻ പറഞ്ഞെന്ന മൊഴി കേസിനെ ആകെ മാറ്റി മറിക്കും. നടന്റെ ആദ്യ ഭാര്യ, അക്രമിക്കപ്പെട്ട നടിയെ സ്വന്തം സഹോദരിയായാണ് കരുതിപ്പോന്നത്. ആ ബന്ധത്തെ ദുരുപയോഗം ചെയ്താണ് സാമ്പത്തിക കുറ്റകൃത്യത്തിന് തന്നെ ഉപയോഗിച്ചതെന്നും നടി വ്യക്തമാക്കുന്നു. ഇതോടു കൂടി നടന്റെ ആദ്യഭാര്യയും കേസിൽ സാക്ഷിയാകും. ഇവരേയും പൊലീസ് മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയേക്കും.

കേസിലെ പ്രധാന പ്രതിയായ പൾസർ സുനി സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ കേസിൽ വീണ്ടും അന്വേഷണം തുടങ്ങിയത്. സാമ്പത്തിക പ്രശ്‌നങ്ങൾ സുനിയും തുറന്നു പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ആലുവ പൊലീസ് ക്ലബ്ബിൽ വെച്ച് എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് മൊഴിയെടുത്തത്. നടി വിദേശത്തേക്കു പോകുന്നതിന് മുമ്പ് തിടുക്കപ്പെട്ട് മൊഴിയെടുക്കുകയായിരുന്നു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണം തുടരുന്ന പൊലീസ് സുനിയുടെ ചില വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്. അക്രമണത്തെക്കുറിച്ചും പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുമാണ് സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയത്. ഇതറിഞ്ഞ ജയിൽ അധികൃതർ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കേസിൽ പൊലീസ് ഉടൻ അനുബന്ധ കുറ്റപത്രം നൽകുമെന്നും സൂചനകളുണ്ട്.

നേരത്തേ സുനിക്കൊപ്പം ജയിൽമുറിയിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവിട്ടതും നിർണായകമാണ്. ജയിലിനുള്ളിൽവെച്ച് സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിൻസണായിരുന്നു. ഈ കത്തിലെ വിവരങ്ങളും നടിയുടെ മൊഴിയും കൂട്ടിയിണക്കുന്ന തെളിവുകൾ കിട്ടിയാൽ കൂടുതൽ അറസ്റ്റ് നടക്കും. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിച്ചെന്നായിരുന്നു എല്ലാവരും കരുതിയത്. പ്രതികളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ച ശേഷം പൊലീസ് ഇവരുടെ ഫോൺവിളികൾ നീരീക്ഷിക്കുകയായിരുന്നു. ജയിലിൽനിന്ന് പ്രതികൾ പുറത്തേക്ക് വിളിച്ച ഫോൺകോളുകൾ മൂന്നുമാസമായി നിരീക്ഷണത്തിലായിരുന്നു. ഇതിലൂടെ കേസിന്റെ ആദ്യഘട്ടത്തിൽ ഇല്ലാതിരുന്ന ഗൂഢാലോചന സാധ്യതകളെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 17 -ന് രാത്രി ഒൻപത് മണിയോടെ അങ്കമാലി അത്താണിക്ക് സമീപത്തുനിന്നാണ് നടിയെ തട്ടിക്കൊണ്ടുപോയത്. തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കു വരികയായിരുന്നു അവർ. രണ്ട് മണിക്കൂറോളം വിവിധ സ്ഥലങ്ങളിലൂടെ കാറിൽ കറങ്ങിയശേഷം പതിനൊന്ന് മണിയോടെ പാലാരിവട്ടം ഭാഗത്തുവെച്ച് മോചിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP