Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ഭാര്യ ഗർഭിണിയെന്നത് ഞാൻ അറിഞ്ഞതു പോലും സോഷ്യൽ മീഡിയയിൽ നിന്ന്! എല്ലാം ഗൂഢാലോചനയെന്ന് ആവർത്തിച്ച് ദിലീപ്; ബ്ലാക് മെയിൽ കേസിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; നാദിർഷായുമായുള്ള ഫോൺ സംഭാഷണം സ്ഥിരീകരിക്കാൻ ഇനി ഫോറൻസിക് പരിശോധന

എന്റെ ഭാര്യ ഗർഭിണിയെന്നത് ഞാൻ അറിഞ്ഞതു പോലും സോഷ്യൽ മീഡിയയിൽ നിന്ന്! എല്ലാം ഗൂഢാലോചനയെന്ന് ആവർത്തിച്ച് ദിലീപ്; ബ്ലാക് മെയിൽ കേസിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; നാദിർഷായുമായുള്ള ഫോൺ സംഭാഷണം സ്ഥിരീകരിക്കാൻ ഇനി ഫോറൻസിക് പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നാദിർഷയെ ഫോണിൽ ബന്ധപ്പെട്ട വിഷ്ണുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി സൂചന. ഫോൺ സംഭാഷണം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി വിഷ്ണുവിന്റേയും നാദിർഷയുടേയും മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ സാമ്പിൾ റെക്കോഡ് ചെയ്ത് പരിശോധനയ്ക്ക് അയയ്ക്കും. ഈ ഫോൺ സംഭാഷണം വ്യാജമാണെന്ന സംശയം ഉള്ളതിനാലാണ് ഇത്. ആലുവ പൊലീസ് ക്ലബ്ബിൽ വിഷ്ണുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെന്നാണ് അറിയുന്നത്. ഈ ചോദ്യം ചെയ്യലിൽ വിഷ്ണു ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. കത്ത് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നാണ് വിഷ്ണു പറയുന്നത്.

ഈ സാഹചര്യത്തിലാണ് പൊലീസിന് ദിലീപും നാദിർഷായും നൽകിയ ഓഡിയോയിലെ ശബ്ദം പരിശോധിക്കുന്നത്. അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അതിനിടെ സിനിമയിലെ മറ്റൊരു വിഭാഗവും ഈ ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. എന്നാൽ കുറ്റപത്രം നൽകിയ കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം നിലനിൽക്കാത്തതാണെന്ന വിലയിരുത്തലുമുണ്ട്. ഇത്തരം കേസുകൾ സിബിഐ ഏറ്റെടുക്കാറില്ലെന്നാണ് സൂചന.

അതിനിടെ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ദിലീപ്. തനിക്ക് ആരോടും ശത്രുതയില്ല. എന്തിനാണ് തന്നെ ഇങ്ങനെ ടാർഗറ്റ് ടെയ്യുന്നത്. ഞാൻ ആരേയും ഒതുക്കാൻ ശ്രമിച്ചിട്ടില്ല. പീഡിപ്പിക്കപ്പെട്ടത് തന്റെ സഹപ്രവർത്തകയാണ്. സ്ത്രീകളെ വളരെ അധികം റെസ്‌പെക്ട് ചെയ്യുന്നയാളാണ് ഞാൻ. തന്റെ പേരിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും താരം പറഞ്ഞു.

എന്റെ ഭാര്യ ഗർഭിണിയെന്നത് ഞാൻ അറിഞ്ഞതു പോലും സോഷ്യൽ മീഡിയയിൽ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രേക്ഷകരാണ് തന്റെ ശക്തി. അവർ എന്നെ മനസിലാക്കുമെന്നാണ് ഞാൻ കരുതുന്നതെന്നും ദിലപീ പറയുന്നു. നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ദിലീപിന്റെ പരാതി. ഏപ്രിൽ 20ന് ഡിജിപിക്ക് പരാതി നൽകിയെന്നും ദിലീപ് വെളിപ്പെടുത്തി. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് വിഷ്ണു എന്നയാൾ വിളിച്ചതായി സംവിധായകൻ നാദിർഷായും പറഞ്ഞു. അതിനിടെ, ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനെഴുതിയതായി പറയപ്പെടുന്ന കത്തും പുറത്തായി.

ഈ കത്തിന്റെ ആധികാരികത പൊലീസ് അന്വേഷിച്ച് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ദിലീപിന്റെ മറ്റ് വാദങ്ങൾ പൊലീസ് ഇനിയും അംഗീകരിക്കുന്നില്ല. തന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും വിഷ്ണുവാണ് വിളിച്ചതെന്ന് ദിലീപ് പറഞ്ഞു. പൾസർ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും കേസിൽ ദിലീപിന്റെ പേരു പറയാതിരിക്കാൻ ഒന്നരക്കോടി രൂപ നൽകണമെന്നുമാണ് അയാൾ പറഞ്ഞത്. റെക്കാഡ് ചെയ്ത ഫോൺ സംഭാഷണം അടക്കമാണ് പരാതി നൽകിയതെന്നും ദിലീപ് പറഞ്ഞു.

മലയാള സിനിമയിലെ ചില നടിമാരും നിർമ്മാതാക്കളും ഉൾപ്പെടെ ദിലീപിന്റെ പേരു പറഞ്ഞാൽ രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അങ്ങനെ പറയാതിരിക്കണമെങ്കിൽ ഒന്നരക്കോടി നൽകണമെന്നുമായിരുന്നു ഭീഷണിയെന്ന് ദിലീപ് പറയുന്നു. കത്തെഴുതിയ കടലാസ് കാക്കനാട് ജില്ലാ ജയിലിൽ നിന്ന് നൽകിയതാണെന്ന് തെളിഞ്ഞു. അതിൽ ജയിൽ സൂപ്രണ്ടിന്റെ മുദ്രയുണ്ട്. എന്നാൽ ശബ്ദത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നുമില്ല.

ഏപ്രിൽ ആദ്യവാരം ബെംഗളൂരുവിലായിരിക്കെയാണ് വിഷ്ണു വിളിച്ചതെന്ന് നാദിർഷാ പറഞ്ഞു. സംശയം തോന്നി സംഭാഷണം റെക്കോഡ് ചെയ്തു. തുടർന്ന് ദിലീപിനെ അറിയിച്ചു. അമേരിക്കൻ പര്യടനത്തിനു പുറപ്പെടും മുമ്പ് ഡിജിപിക്ക് പരാതി നൽകി. സുനി ദിലീപിന് എഴുതിയതെന്നു പറയുന്ന കത്തിൽ തനിക്ക് വാഗ്ദാനം ചെയ്ത പണം നൽകണമെന്നാണ് ആവശ്യം. കത്തിൽ നിന്ന്: ''ദിലീപേട്ടാ ഞാൻ സുനിയാണ്. ജയിലിൽ നിന്നാണ് കത്തെഴുതുന്നത്. കേസിൽപ്പെട്ടതോടെ എന്റെ ജീവൻ തന്നെ അവസാനിച്ച പോലെയാണ്. എന്നെ വിശ്വസിച്ച് കൂട്ടത്തിൽ നിന്ന അഞ്ചു പേരെ എനിക്ക് രക്ഷിച്ചേ പറ്റൂ. പലരും എന്നെ നിർബന്ധിക്കുന്നു. നീ എന്തിനാ ബലിയാടാകുന്നതെന്ന്. നീ നിന്നെ ഏൽപ്പിച്ച ആളിന്റെ പേരു പറയുകയാണെങ്കിൽ നടി പോലും മാപ്പു പറയുമായിരുന്നു. ഞാൻ നാദിർഷയെ വിളിച്ച് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. എനിക്ക് മറുപടിയൊന്നും വന്നില്ല. എനിക്കിപ്പോൾ പൈസയാണ് ആവശ്യം.

ഈ കത്ത് കിട്ടി മൂന്നു ദിവസം ഞാൻ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതൽ ജോസേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുമല്ലോ. എനിക്ക് ചേട്ടൻ തരാമെന്നു പറഞ്ഞ പൈസ ഫുൾ ആയിട്ട് ഇപ്പോൾ വേണ്ട. അഞ്ചു മാസം കൊണ്ട് തന്നാൽ മതി. ഞാൻ നേരിട്ട് നാദിർഷയെ വിളിക്കും. എനിക്ക് അനുകൂലമായുള്ള കാര്യങ്ങളാണ് കത്ത് വായിച്ചിട്ട് പറയാനുള്ളതെങ്കിൽ ഈ കത്തുകൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. എനിക്ക് ഇപ്പോൾ പൈസ അത്യാവശ്യമായതുകൊണ്ടു മാത്രമാണ് ഞാൻ ബുദ്ധിമുട്ടിക്കുന്നത്.''-എന്നാണ് കത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP