Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഡിജിപി സന്ധ്യ മേൽനോട്ടം വഹിക്കും; ക്രൈംബ്രാഞ്ച് ഐജിയും റേഞ്ച് ഐജിയും ചേർന്ന് അന്വേഷണ സംഘത്തെ നയിക്കും; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശ പ്രകാരം ഒരു നിമിഷം പോലും പാഴാക്കാതെ അന്വേഷണം തുടങ്ങി; നടിയുടെ മൊഴി നിർണ്ണായകം

എഡിജിപി സന്ധ്യ മേൽനോട്ടം വഹിക്കും; ക്രൈംബ്രാഞ്ച് ഐജിയും റേഞ്ച് ഐജിയും ചേർന്ന് അന്വേഷണ സംഘത്തെ നയിക്കും; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശ പ്രകാരം ഒരു നിമിഷം പോലും പാഴാക്കാതെ അന്വേഷണം തുടങ്ങി; നടിയുടെ മൊഴി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ കാറിൽ അതിക്രമിച്ചു കയറി അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയ കേസിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. സമാനസംഭവങ്ങൾ സിനിമാ മേഖലയിൽ മുമ്പ് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. താരസംഘടനയുടേയും സിനിമാ പ്രവർത്തകരുടേയും സഹകരണത്തോടെയാണ് അന്വേഷണം. അതിവേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം കൊടുത്തു. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്. നടിയുടെ മുൻ ഡ്രൈവറായ പൾസർ സുനിയെന്ന സുനിൽകുമാറാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പൊലീസ് നിഗമനം.

കാറിൽതട്ടിക്കൊണ്ട് പോയി ക്രൂരമായി അക്രമിക്കപ്പെട്ട നടി കളമശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി. ഇന്നലെ വൈകിട്ട് 5.15 നു കനത്ത പൊലീസ് സുരക്ഷയിലാണ് നടി കോടതിയിലെത്തിയത്. മൊഴി നൽകിയ ശേഷം 7.25 ഓടെയാണ് കോടതിയിൽനിന്നു പുറത്തിറങ്ങിയത്. നടി എത്തുമെന്നറിഞ്ഞ് കോടതി പരിസരത്ത് ജനങ്ങൾ തടിച്ച് കൂടിയതിനാൽ ഏറെ പണിപ്പെട്ടാണു നടിയുമായെത്തിയ വാഹനം പുറത്തേക്കിറക്കാനായത്. ഈ മൊഴിയിൽ പറയുന്ന എല്ലാ കാര്യവും പൊലീസ് അന്വേഷിക്കും. കേസ് ഗൗരവത്തോടെ എടുക്കുന്നതിന്റെ ഭാഗമായാണ് മജിസ്‌ട്രേട്ടിന് മുമ്പിൽ നടിയെ എത്തിച്ച് രഹസ്യമൊഴി എടുപ്പിച്ചത്. അതിനിടെ എറണാകുളത്ത് മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയും ചെയ്തു. സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വച്ചു പൊറുപ്പിക്കില്ല. പൊലീസ് പ്രതികൾക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ക്രൈംബ്രാഞ്ച് ഐജി: ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചി റേഞ്ച് ഐജിയും എറണാകുളം റൂറൽ എസ്‌പിയും സംഘത്തിലുണ്ട്. അന്വേഷണത്തിന്റെ മേൽനോട്ടചുമതല എഡിജിപി: ബി. സന്ധ്യയ്ക്കാണ്. സംഭവത്തിൽ ഏഴു പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിൽ നാലുപേരെ തിരിച്ചറിഞ്ഞു. ഒരാൾ അറസ്റ്റിലായി. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും ആലുവ എസ്‌പി അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു. കേസിൽ കൊരട്ടി സ്വദേശിയായ ഡ്രൈവർ അറസ്റ്റിലായിരുന്നു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ എന്നയാളാണ് അറസ്റ്റിലായത്.  ഇയാളാണു തനിക്കു പകരം ഡ്രൈവറായി മാർട്ടിനെ നിർദ്ദേശിച്ചത്. മാല മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണു പെരുമ്പാവൂർ സ്വദേശിയായ സുനിൽകുമാർ. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു സംശയം. മാർട്ടിനും സുനിൽകുമാറും തമ്മിൽ നാൽപ്പതിലേറെത്തവണ ഫോൺ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മാർട്ടിൻ പലവട്ടം സുനിയുമായി ഫോണിൽ സംസാരിച്ചതിനു തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒട്ടേറെ എസ്എംഎസുകളും അവർ തമ്മിൽ അയച്ചിട്ടുണ്ട്. കാർ ഓടിക്കുന്നതിനിടെ മാർട്ടിൻ ആർക്കോ എസ്എംഎസ് അയയ്ക്കുന്നത് കണ്ടതായി നടി മൊഴി നൽകി. ക്വട്ടേഷൻ അംഗങ്ങളെന്ന പേരിലാണു ഭീഷണിപ്പെടുത്തിയതെന്നും മൊഴിയിൽ പറയുന്നു. ഇതേത്തുടർന്ന് പ്രതികൾക്കു ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടി പരാതി നൽകില്ലെന്ന പ്രതീക്ഷയിലാണ് അക്രമം ഉണ്ടായതെന്നും വിലയിരുത്തുന്നു. എസ് എം എസുകളും ഫോൺ വിളികളുമെല്ലാം ഈ സാഹചര്യത്തിലായിരുന്നു. ഈ സംഘം സമാന രീതിയിൽ മറ്റാരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശാധിക്കുന്നുണ്ട്.

തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോൾ വെള്ളിയാഴ്ച രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണു നടി കൊച്ചിയിലേക്കു വന്നിരുന്നത്. ഐജി പി. വിജയനോടു ടെലിഫോണിൽ കാര്യങ്ങൾ വിശദീകരിച്ചതോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണർ എം. ബിനോയ് തുടങ്ങിയവർ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഈ കേസിൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. കുറ്റകൃത്യം പരിപൂർണ്ണമായി തെളിയിച്ച് കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉൽകണ്ഠാജനകമാണ്. സംഭവിക്കാൻ പാടില്ലാത്തതാണത്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയും അവർക്ക് താവളമൊരുക്കുന്നവരെയും നിർദാക്ഷിണ്യം നേരിടും. അതിൽ ഒരു വീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിട്ടില്ല. രമേശ് ചെന്നിത്തലയുടെ ഉപവാസം മറ്റുപല ആവശ്യങ്ങൾക്കാണെന്നും പിണറായി നേരത്തെ പ്രതികരിച്ചിരുന്നു.

കേസ് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് പറയരുതെന്ന് ഡി.ജി.പി. കർശന നിർദ്ദേശം നൽകി. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഐ.ജി. പി. വിജയനെ നേരിട്ട് വിളിച്ച് സംഭവത്തെക്കുറിച്ച് ആരാഞ്ഞു. പ്രതികളെ വലയിലാക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ നിർദ്ദേശവും നൽകി. മാർട്ടിൻ ഡബിൾ റോളിൽ അഭിനയിക്കുകയായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ഇതോടെ പ്രതികളിലേക്കെത്താൻ പെട്ടെന്ന് കഴിഞ്ഞു. കാറ്ററിങ്ങിനും മറ്റും ഉപയോഗിക്കുന്ന വിധത്തിലുള്ള ട്രാവലർ ഉപേക്ഷിക്കപ്പെട്ട നിലയിൽ തമ്മനത്തു നിന്ന് രാവിലെ തന്നെ കണ്ടെത്തുകയും ചെയ്തു.

നേരത്തെ തന്നെ പ്ലാൻ ചെയ്താണ് പദ്ധതി നടപ്പാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. മാർട്ടിൻ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ സുനിക്ക് മെസേജ് അയച്ചിരുന്നതായാണ് വിവരം. പിന്നീട് യാത്രാവിവരങ്ങൾ മെസേജ് ആയി അറിയിച്ചു കൊണ്ടിരുന്നു. കറുകുറ്റി മുതലാണ് ട്രാവലറിൽ സംഘം കാറിനെ പിന്തുടർന്നതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP