Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാലുവിനെ കൊലപ്പെടുത്തിയ പ്രതികൾ നിരവധി തട്ടിപ്പു കേസുകളിലെ പ്രതികൾ; കൊലപാതകം കാമുകനോട് അകലുന്നതിലും സാമ്പത്തിക ഇടപാടുകളിലുമുള്ള അതൃപ്തിയിൽ; പാസ്റ്റർ സലിയും ജയിംസ് സ്വാമിയും കള്ളപ്പണം വെളുപ്പിക്കാമെന്ന് പറഞ്ഞു പണം തട്ടി; വീട്ടമ്മയുടെ ജഡം കണ്ടെത്താൻ മുല്ലപ്പെരിയാറിൽ നിന്നുള്ള ഒഴുക്ക് തടയേണ്ടിവരും

സാലുവിനെ കൊലപ്പെടുത്തിയ പ്രതികൾ നിരവധി തട്ടിപ്പു കേസുകളിലെ പ്രതികൾ; കൊലപാതകം കാമുകനോട് അകലുന്നതിലും സാമ്പത്തിക ഇടപാടുകളിലുമുള്ള അതൃപ്തിയിൽ; പാസ്റ്റർ സലിയും ജയിംസ് സ്വാമിയും കള്ളപ്പണം വെളുപ്പിക്കാമെന്ന് പറഞ്ഞു പണം തട്ടി; വീട്ടമ്മയുടെ ജഡം കണ്ടെത്താൻ മുല്ലപ്പെരിയാറിൽ നിന്നുള്ള ഒഴുക്ക് തടയേണ്ടിവരും

ഇടുക്കി: യുവതിയായ വീട്ടമ്മയെ കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ കനാലിൽ തള്ളിയ കേസിൽ പിടിയിലായ പ്രതികൾ രണ്ടുപേരും ലക്ഷക്കണക്കിന് രൂപയുടെ തട്ടപ്പുകേസുകളിലെ പ്രതികൾ. ഇവരെ യഥാസമയം അറസ്റ്റ് ചെയ്യാൻ പൊലിസ് തയാറായിരുന്നെങ്കിൽ വീട്ടമ്മയുടെ കൊലപാതകം ഒഴിവാക്കാൻ കഴിഞ്ഞേനെയെന്നു തട്ടിപ്പിനിരയായവർ പറയുന്നു.

കൊന്നത്തടി തിങ്കൾക്കാട് സ്വദേശി പൊന്നെടുത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലു(42)വിനെ കൊലപ്പെടുത്തിയ കേസിൽ ഉപ്പുതറ കരുന്തരുവി സ്വദേശി കരുന്തരുവി എസ്റ്റേറ്റ് 40 മുറി ലയത്തിലെ താമസക്കാരൻ പാസ്റ്റർ സലി എന്ന സലിൻ (40), തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജെയിംസ് (42) എന്നിവരാണ് പിടിയിലായത്. വീട് വച്ചു നൽകുമെന്നു വാഗ്ദാനം ചെയ്തും പണം കുറഞ്ഞ പലിശയ്ക്ക് വാങ്ങി നൽകാമെന്നു പറഞ്ഞും പീരുമേട് മേഖലയിലെ നിരവധി പേരിൽനിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവങ്ങൾക്ക് നേതൃത്വം നൽകിയവരാണിവർ.

ഇവരുടെ തട്ടിപ്പു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് നൽകുകയും ഇതേ തുടർന്ന് സംഭവം സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും പ്രചരിക്കുകയും ചെയ്‌തെങ്കിലും പൊലിസ് കേസിൽ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയിരുന്നില്ല. തട്ടിപ്പിനിരയായവർ നൽകിയ പരാതിപ്രകാരം പൊലിസിൽ ഹാജരായ പാസ്റ്റർ സലിൻ, തട്ടിയെടുത്ത പണത്തിന് പകരം തുക നൽകാമെന്നു സമ്മതിക്കുകയും ഇതിനായി ചെക്ക് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തശേഷം കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പുകളുടെ സൂത്രധാരൻ ജെയിംസ് സ്വാമി എന്നറിയപ്പെടുന്ന, പിടിയിലായ ജെയിംസാണ്.

നിരവധി തട്ടിപ്പുകൾക്കിടെയാണ് സാലുവിനെ കൊലപ്പെടുത്തിയത്. സാലുവുമായി മൂന്നു വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു സലിൻ. മറ്റുള്ളവരിൽനിന്ന് തട്ടിയെടുത്ത പണത്തിൽനിന്നും രണ്ടു ലക്ഷത്തോളം രൂപ ഇയാൾ സാലുവിന്റെ ഭർത്താവ് ബാബുവിന് വായ്പയായി നൽകിയിരുന്നു. എഗ്രിമെന്റ് എഴുതിയുണ്ടാക്കിയാണ് പണം നൽകിയത്. സാലുവുമായി അടുക്കുന്നതിനും മറ്റുമുള്ള ഉപാധിയായാണ് ഇയാൾ പണം നൽകിയതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം മൂന്നിന് സാലുവിനെ വീട്ടിൽനിന്ന് കാണാതാകുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. തുടർന്ന് വെള്ളത്തൂവൽ പൊലിസിൽ പരാതി നൽകുകയായിരുന്നു.

പൊലിസിന്റെ അന്വേഷണം സാലുവിൽ എത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നതും രണ്ട് പേരും പിടിയിലായതും. കാണാതായ ദിവസം സാലുവിനെ കൂട്ടി ഉത്തമപാളയത്ത്് എത്തിയ എത്തിയ സലിൻ അവിടെ റൂമെടുത്തു താമസിച്ചു. സാലുവിനെ കൊലപ്പെടുത്താൻ സലിനും ജെയിംസും പദ്ധതി തയാറാക്കുകയും ചെയ്തു. സാലു സലിനിൽനിന്ന് അകന്നുപോകുന്നതായ ചിന്തയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുണ്ടായ തർക്കങ്ങളുമാണ് കൊപാതകം ആസൂത്രണം ചെയ്യാൻ കാരണം. നാലാം തീയതി സാലുവും സലിനും ജെയിസും ഒരുമിച്ച് കുമളിയിലേക്ക് വരികയും യാത്രാമധ്യേ ഇരൈച്ചിൽ പാലത്തിനടത്തുവച്ച് കഴുത്തിൽ ഷാൾ മുറുക്കി സാലുവിനെ കൊലപ്പെടുത്തി വെള്ളച്ചാട്ടിൽ എറിയുകയുമായിരുന്നെന്നാണ് പ്രതികൾ നൽകിയ മൊഴി. മുല്ലപ്പെരിയിൽ അണക്കെട്ടിൽനിന്ന് വെള്ളം തിരിച്ചു വിടുന്ന കനാലാണ് ഇരൈച്ചിൽ പാലത്തിനടിയിലൂടെ കടന്നുപോകുന്നത്. ഇവിടെ ശക്തമായ ഒഴുക്കുമൂലം തെരച്ചിൽ അസാധ്യമാണ്. വെള്ളം ഒഴുക്കി വിടുന്നത് തടഞ്ഞശേഷം മാത്രമേ തെരച്ചിൽ നടത്താനാകൂ.

സലിന്റെ തട്ടിപ്പുകൾക്ക് ഇരയായവരിലധികവും പീരുമേട് താലൂക്കിലെ തോട്ടം തൊഴിലാളികളാണ്. മൂന്നു വർഷമായി പാസ്റ്റർമാർ തൊഴിലാളികളുടെ അജ്ഞതയും ദാരിദ്ര്യവും ചൂഷണം ചെയ്തു പണം തട്ടിയെടുക്കുന്ന വിവരമാണ് മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്നത്. ഏലപ്പാറ മേഖലയിലെ പത്തോളം തൊഴിലാളി കുടുംബങ്ങൾക്ക് വീടിന് ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഇതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴലുന്ന ഇടത്തരക്കാർക്ക് സഹായമായി വൻതുക നൽകാമെന്നു പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചെടുക്കുകയും ചെയ്തു.

വീട് വയ്ക്കാൻ അഞ്ച് ലക്ഷം രൂപ വീതം വാങ്ങി നൽകാമെന്നു പറഞ്ഞ് ഇയാൾ ഇവരിൽനിന്ന് 5000 രൂപ വീതം മൂന്നു വർഷം മുമ്പ് വാങ്ങി. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തുനിന്നാണ് പണം ലഭിക്കുന്നതെന്ന് തൊഴിലാളികളെ വിശ്വസിപ്പിച്ചു. ഏതാനും മാസം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് വീട് വയ്ക്കാൻ പണം കിട്ടിയില്ല. തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോൾ, ഉത്തമപാളയത്ത് ഇതുസംബന്ധിച്ച് ചില കേസുകൾ ഉണ്ടായെന്നും പിന്നീട് പണം കിട്ടുമെന്നും പറഞ്ഞ് മടക്കിയയച്ചു. പിന്നീട് ഏതാണ്ട് ഒന്നര വർഷം മുമ്പ് തൊഴിലാളികളെ പാസ്റ്റർ സലിൻ വീണ്ടും സമീപിച്ച് അര ലക്ഷം രൂപ വീതം നൽകിയാലേ 5 ലക്ഷം ലഭിക്കൂ എന്നറിയിച്ചൂ.

ഇതു വിശ്വസിച്ച തൊഴിലാളികൾ 50000 രൂപ വീതം കൂടി നൽകി. പിന്നീട് പണം ശരിയായിട്ടുണ്ടെന്നും ഇത് വാങ്ങാൻ 5000 രൂപയുമായി ഓരോരുത്തരും ഉത്തമപാളയത്തെത്തണമെന്നും പറഞ്ഞു. ഇപ്രകാരം ചെയ്ത തൊഴിലാളികൾക്ക് പണമടങ്ങിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഓരോ ബാഗ് നൽകി തിരിച്ചയച്ചു. ജെയിംസാണ് ബാഗ് നൽകിയത്. ബാഗിന്റെ താക്കോൽ ഒരാഴ്ചക്കുശേഷം നൽകുമെന്നും അതിനുമുമ്പ് ബാഗ് തുറക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. തൊഴിലാളികൾ ഇത് സത്യമാണെന്നു ധരിച്ച് ബാഗ് വീട്ടിലെത്തിച്ച് ഭദ്രമായി സൂക്ഷിച്ചുവച്ചു. പിന്നീട് ഒരാഴ്ചക്കുശേഷം 5000 രൂപ കൂടി വാങ്ങി താക്കോൽ നൽകുകയും 20 ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നു നിർദ്ദേശിക്കുകയും ചെയ്തിു. ഒടുവിൽ ബാഗ് തുറന്നപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി തൊഴിലാളികൾക്ക് ബോധ്യപ്പെട്ടത്. തമിഴ് പത്രങ്ങൾ മുറിച്ച് ബാഗിനുള്ളിൽ കനത്തിൽ അടുക്കി വച്ചിരിക്കുകയായിരുന്നു.

വഞ്ചിതരായവർ സലിനെ വീണ്ടും സമീപിച്ചപ്പോൾ സംഭവം പുറത്തറിയിക്കേണ്ടെന്നും ബാഗുകൾ മാറിപ്പോയതാകാമെന്നും പണം വാങ്ങി നൽകാമെന്നും പറഞ്ഞു. ബാഗുകൾ പുഴയിൽ ഒഴുക്കിക്കളയാനും നിർദ്ദേശിച്ചു. തുടർന്നു പല തവണ തൊഴിലാളികളുമായി തമിഴ്‌നാട്ടിൽ പോയെങ്കിലും പണം മാത്രം കിട്ടിയില്ല. ഇക്കാര്യം തൊഴിലാളികളിൽ ചിലർ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഉപ്പുതറ പൊലിസിലും കട്ടപ്പന ഡിവൈ. എസ്. പിക്കും പരാതി നൽകിയെങ്കിലും തൊഴിലാളികൾക്ക് നഷ്ടമായ പണം തിരിച്ചു കിട്ടിയില്ല.

സാമ്പത്തിക ബാധ്യതയിലായ ഏലപ്പാറയിലെ വ്യാപാരിയായ ഫിലോമിനയിൽനിന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സലിന്റെ നേതൃത്വത്തിൽ 5 ലക്ഷം തട്ടിയെടുത്ത സംഭവവും പുറത്തു വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ 5 ലക്ഷത്തിനു പകരം 50 ലക്ഷം തരാമെന്ന വാഗ്ദാനത്തിലാണ് ഇവർ വീണുപോയത്. ഇവർക്കും തമിഴ്‌നാട്ടിലെത്തിച്ച് ബാഗ് നൽകി മടക്കി അയയ്ക്കുകയും പിന്നീട് താക്കോൽ നൽകുകയും ചെയ്തു. ഇവരുടെ ബാഗിൽ പത്രക്കടലാസുകൾക്കു പുറമേ കുറെ പൂക്കളുമാണുണ്ടായിരുന്നത്. ഏലപ്പാറയിലെ ഏതാനും വ്യാപാരികൾകൂടി കെണിയിൽ വീണെങ്കിലും മാനഹാനി മൂലം ഇതുവരെ പരാതിപ്പെടാൻ തയാറായില്ല. ഈ തട്ടിപ്പുകൾ അരങ്ങ് തകർക്കുന്നതിനിടെയാണ് സാലുവിന്റെ കൊലപാതകം.

പിടിയിലായ ജെയിംസ് ദുർമന്ത്രവാദിയും പൊടിക്കൈകൾ കാട്ടി ആളുകളെ ആകർഷിക്കുന്ന ജാലവിദ്യക്കാരനുമാണ്. പ്രതികളുടെ അറസ്റ്റ്് രേഖപ്പെടുത്തിയശേഷം ഇന്ന് രാവിലെ അടിമാലി കോടതിയിൽ ഹാജരാക്കി പൊലിസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തുടരന്വേഷണം നടത്തും. സാലുവിന്റെ ജഡം കണ്ടെത്താൻ ഇരൈച്ചൽ പാലത്തിലെ ഒഴുക്ക് നിയന്ത്രിക്കുകയോ, തടയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് അധികൃതർക്ക് കേരള പൊലിസ് അപേക്ഷ നൽകും. ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോർജിന്റെ നിർദ്ദേശപ്രകാരം അടിമാലി സി. ഐ : ടി. യു യൂനസ്, വെള്ളത്തൂവൽ എസ്. ഐ: വി ശിവലാൽ, എ. എസ്. ഐമാരായ സി. വി ഉലഹന്നാൻ, സജി എൻ പോൾ, സി. ആർ സന്തോഷ്, കെ. ഡി മണിയൻ, സി. പി. ഒ: ഇ. ബി ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP