Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്കേറ്റത്തിൽ തോറ്റെന്ന് തോന്നിയപ്പോൾ പകതീർക്കാൻ രാത്രി കറിക്കത്തിയുമായി എത്തി മുറിച്ചത് കുതിഞരമ്പുകൾ; ചായ്പിൽ ഉറങ്ങിക്കിടന്ന ശങ്കരന്റെ കൊലപാതകത്തിലെ പ്രതിയാരെന്നറിയാതെ നെട്ടോട്ടമോടി പൊലീസ്; ഒടുവിൽ അയൽവാസി പ്രകാശനെ അകത്താക്കിയത് ഡിവൈഎസ്‌പിയുടെ കൂർമബുദ്ധി; അടൂർ ഇടത്തിട്ടയെ നടുക്കിയ കൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

വാക്കേറ്റത്തിൽ തോറ്റെന്ന് തോന്നിയപ്പോൾ പകതീർക്കാൻ രാത്രി കറിക്കത്തിയുമായി എത്തി മുറിച്ചത് കുതിഞരമ്പുകൾ; ചായ്പിൽ ഉറങ്ങിക്കിടന്ന ശങ്കരന്റെ കൊലപാതകത്തിലെ പ്രതിയാരെന്നറിയാതെ നെട്ടോട്ടമോടി പൊലീസ്; ഒടുവിൽ അയൽവാസി പ്രകാശനെ അകത്താക്കിയത് ഡിവൈഎസ്‌പിയുടെ കൂർമബുദ്ധി; അടൂർ ഇടത്തിട്ടയെ നടുക്കിയ കൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

അടൂർ: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനും അസഭ്യ വർഷത്തിനും പകരം വീട്ടാൻ ബന്ധുവീടിന്റെ ചായ്പിൽ ഉറങ്ങിക്കിടന്ന മധ്യവയസ്‌കനെ ഇരുകാലിന്റെയും കുതി ഞരമ്പ് മുറിച്ചു കൊലപ്പെടുത്തി. സംഭവ സ്ഥലത്ത് പൊലീസ് എത്തിയതു കണ്ടപ്പോൾ പുറമേ നിന്ന് സ്വന്തം വീടുപൂട്ടി അതിനുള്ളിൽ ഒളിച്ച് നാടുവിട്ടു പോയെന്ന് പ്രതീതിയുണ്ടാക്കി. പ്രതിയെ തിരക്കി പൊലീസ് നാടുമുഴുവൻ അരിച്ചു പെറുക്കി നെട്ടോട്ടമോടുമ്പോൾ ഡിവൈഎസ്‌പിക്ക് തോന്നിയ ചെറിയ സംശയം വഴിത്തിരിവായി. പുറമേ നിന്ന് പൂട്ടിയ കതക് ചവിട്ടിത്തുറന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

ഇടത്തിട്ട എന്ന കൊച്ചു ഗ്രാമത്തെ നടുക്കിയ കൊലപാതകത്തിന് തുമ്പുണ്ടാക്കിയത് അടൂർ ഡിവൈഎസ്‌പി ആർ. ജോസ്.കൈപ്പട്ടൂർ വട്ടമുരുപ്പേൽ ശങ്കരൻ (50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇടത്തിട്ട ഗവ. എൽ.പി.എസിന് സമീപം തറയിൽ ദേവകിയുടെ വീടിന് പിന്നിലെ ചായ്പിൽ മകൾ ശ്രീകുമാരിയാണ് രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ ഡിവൈഎസ്‌പി ആർ ജോസാണ് പ്രതി ഇടത്തിട്ട തറയിൽ വീട്ടിൽ പ്രകാശനെ(48) കസ്റ്റഡിയിൽ എടുത്തത്.

പ്രകാശൻ കുതികാൽ വെട്ട് ഹരമാക്കിയിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. ശങ്കരനെ കൊലപ്പെടുത്തിയതും സമാന രീതിയിൽ തന്നെ. കൃത്യത്തിന് ശേഷം താൻ നാടുവിട്ടെന്ന പ്രതീതി ജനിപ്പിച്ച പ്രകാശനെ കുടുക്കിയതാകട്ടെ അടൂർ ഡിവൈഎസ്‌പി ആർ ജോസിന് തോന്നിയ ചെറിയ സംശയവും. സ്വന്തം വീട് പുറമേ നിന്ന് പൂട്ടി അതിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രകാശൻ. സംശയം തോന്നിയ ഡിവൈഎസ്‌പി വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറി പരിശോധിപ്പോഴാണ് പ്രതി പിടിയിലായത്.

ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കൊലപാതക വിവരമറിഞ്ഞ് ഡിവൈഎസ്‌പി, കൊടുമൺ എസ്ഐ ആർ രാജീവ് എന്നിവർ സ്ഥലത്ത് ചെന്നത്. വെള്ളിയാഴ്ച പകൽ പ്രകാശനും ശങ്കരനുമായി വാക്കേറ്റവും വെല്ലുവിളിയും ഉണ്ടായെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പ്രതി പ്രകാശൻ തന്നെയാകാമെന്ന് നിഗമനത്തിലേക്ക് പൊലീസ് സംഘം എത്തിയത്.

കൊലപാതകം നടന്ന വീടിന്റെ ഉടമ ദേവകിയുടെ മകൾ സുന്ദരാംഗിയെ ആണ് പ്രകാശൻ വിവാഹം കഴിച്ചത്. ഒരു മകനുമുണ്ട്. അടൂർ ജനറൽ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായിരുന്ന സുന്ദരാംഗി രണ്ടു വർഷം മുൻപ് മരിച്ചു. തൊട്ടടുത്തു തന്നെയാണ് പ്രകാശന്റെ വീട്. സ്ഥലത്തുണ്ടായിരുന്ന പ്രകാശന്റെ മകനെ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രകാശനെ തിരഞ്ഞു ചെന്നപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നത് കണ്ടത്. ഇയാൾ അധികദൂരം പോയിരിക്കാൻ ഇടയില്ലെന്ന് മനസിലാക്കിയ ഡിവൈഎസ്‌പി നാനാ ദിക്കിലേക്കും ബൈക്കിലും കാറിലുമായി പൊലീസുകാരെ അന്വേഷണത്തിന് അയച്ചു.

തുടർന്ന് പ്രകാശന്റെ വീട്ടിൽ അന്വേഷിച്ച് ചെന്ന ഡിവൈഎസ്‌പിക്കും ആദ്യം മറിച്ചൊന്നും തോന്നിയില്ല. പുറമേ നിന്ന് പൂട്ടിയിരിക്കുന്ന വീട് കണ്ട് തിരിച്ചു പോരാൻ തുനിഞ്ഞ ഡിവൈഎസ്‌പി ഒരു ഉൾവിളി പോലെയാണ് കതക് തകർത്ത് അകത്തു കടന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. തൊട്ടടുത്ത പറമ്പിൽ നിന്ന് ഒരു കരിങ്കല്ലെടുത്ത് അതു കൊണ്ടാണ് പൊലീസ് സംഘം മുൻവാതിൽ തകർത്തത്. അകത്തു കയറി നോക്കുമ്പോൾ ഒന്നാം നിലയിലേക്കുള്ള സ്റ്റെയർ കേസിന്റെ അടിയിൽ പതുങ്ങിയിരിക്കുന്ന പ്രകാശനെ കണ്ടു. കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ ഇയാൾ കുറ്റവും സമ്മതിച്ചു.

തന്നെ ചീത്ത വിളിച്ചതിലുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വീട്ടിനുള്ളിൽ തന്നെ ഒളിച്ചിരുന്ന ശേഷം രാത്രിയിൽ ഇറങ്ങി നാടുവിട്ടു പോകാനായിരുന്നു പദ്ധതി. അങ്ങനെ നടന്നിരുന്നുവെങ്കിൽ മൊബൈൽ ഫോൺ ഒന്നും ഉപയോഗിക്കാത്ത പ്രകാശനെ കണ്ടെത്താൻ പൊലീസ് ഏറെ വിയർക്കുമായിരുന്നു. തികഞ്ഞ മദ്യപനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാളുമാണ് പ്രകാശനെന്ന് ഇയാളുടെ മുൻകാല ചരിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് മനസിലായി. ആരോട് വഴക്കിട്ടാലും നിന്റെ കുതികാൽ വെട്ടുമെന്നാണ് ഭീഷണി. പറയുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്യും. 2014 ൽ പത്തനംതിട്ട സ്വദേശി റെജിയുടെ കുതികാൽ വെട്ടിയ കേസിൽ പിടിയിലായിരുന്നു. അടുത്തിടെ ഭാര്യയുടെ വീട്ടിൽ രണ്ട് ആടിന്റെ കുതികാലും ഇയാൾ വെട്ടിക്കളഞ്ഞിരുന്നു.

രാത്രി 11 മണിയോടെ കറിക്കത്തിയുമായി എത്തി കാലുകൾ ഓരോന്നായി എടുത്ത് സാവധാനമാണ് ശങ്കരന്റെ കുതിഞരമ്പ് പ്രകാശൻ മുറിച്ചത്. നന്നായി മദ്യപിച്ചിരുന്ന ശങ്കരൻ ചെറിയ ഞരങ്ങലും മൂളലും മാത്രമാണ് നടത്തിയത്. ഇത് വീട്ടുകാരും കേട്ടിരുന്നു. പക്ഷേ, മദ്യലഹരിയിൽ പുലമ്പുകയാണ് എന്നാണ് അവർ കരുതിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP