Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വത്ത് തട്ടിയെടുക്കാൻ അഡ്വ ഷൈലജ നടത്തിയ നാടകം കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ അനുസ്മരിപ്പിക്കുന്നത്; കോടികൾ സ്വന്തമാക്കാൻ സഹോദരിയെ ബാലകൃഷ്ണൻ വിവാഹം ചെയ്‌തെന്ന വ്യാജ രേഖയുണ്ടാക്കി; നിയമത്തിലുള്ള അറിവും രാഷ്ട്രീയ സ്വാധീനവും തട്ടിപ്പിന് തുണയായി; കർമസമിതിയുടെയും നാട്ടുകാരുടെയും ഇടപെടലിൽ അഭിഭാഷകയും ഭർത്താവും പിടിയിലായത് ഇങ്ങനെ

സ്വത്ത് തട്ടിയെടുക്കാൻ അഡ്വ ഷൈലജ നടത്തിയ നാടകം കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ അനുസ്മരിപ്പിക്കുന്നത്; കോടികൾ സ്വന്തമാക്കാൻ സഹോദരിയെ ബാലകൃഷ്ണൻ വിവാഹം ചെയ്‌തെന്ന വ്യാജ രേഖയുണ്ടാക്കി; നിയമത്തിലുള്ള അറിവും രാഷ്ട്രീയ സ്വാധീനവും തട്ടിപ്പിന് തുണയായി; കർമസമിതിയുടെയും നാട്ടുകാരുടെയും ഇടപെടലിൽ അഭിഭാഷകയും ഭർത്താവും പിടിയിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: താൻ ജീവിച്ചിരിക്കെ മരിച്ചുവെന്ന് കാണിച്ച് ഗൾഫിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ കൊലപ്പെടുത്തി രേഖയുണ്ടാക്കി കേരളത്തെ ഞെട്ടിച്ച് കുപ്രസിദ്ധനായ ആളാണ് സുകുമാരക്കുറുപ്പ്. 35 വർഷം മുൻപായിരുന്നു ആ സംഭവം. അന്ന് കൃത്രിമ രേഖയുണ്ടാക്കാൻ സുകുമാരക്കുറുപ്പു കാട്ടിയ അതേ തന്ത്രമാണ് കോടികൾ വില വരുന്ന സ്വത്ത് തട്ടിയെടുക്കാൻ അഭിഭാഷകയായ ഷൈലജയും ഭർത്താവും പയറ്റിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊലപാതകമെന്നതിനു തെളിവില്ലെങ്കിലും ഒരു മരണത്തിലെ ദുരൂഹത ഈ സംഭവത്തിലും മണക്കുന്നുണ്ട്.

സഹോദരിയെ വിവാഹംകഴിച്ചെന്ന കൃത്രിമ വിവാഹരേഖയുണ്ടാക്കി തളിപ്പറമ്പിലെ സഹകരണ ഡെപ്യൂട്ടി രജിസ്റ്റ്രാർ ബാലകൃഷ്ണൻ നായരുടെ കോടികൾ വരുന്ന സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ച കേസിൽ തളിപ്പറമ്പിലെ അഭിഭാഷക കോറോം സ്വദേശി കെ.വി.ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും വെള്ളിയാഴ്ച രാവിലെയാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ആരോപണങ്ങൾ മുഴുവൻ നിഷേധിച്ചെങ്കിലും തെളിവുകളെല്ലാം അവർക്കെതിരാണ്.

സുകുമാരക്കുറുപ്പിന്റെ തട്ടിപ്പ് മണിക്കൂറുകൾക്കകം വെളിപ്പെട്ടെങ്കിലും ഇവരുടെ തട്ടിപ്പ് പാതിവിജയത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് പരാജയപ്പെടുന്നത്. അഭിഭാഷക തന്റെ നിയമപരമായ അറിവും തന്ത്രവും തട്ടിപ്പിനായി ഉപയോഗിച്ചതോടെ കോടികൾവരുന്ന സ്വത്തിൽ വലിയഭാഗം അവരുടെ കൈവശം വന്നുചേരുകയായിരുന്നു. ബാലകൃഷ്ണൻ നായർ തന്റെ സഹോദരിയെ വിവാഹം കഴിച്ചെന്ന കൃത്രിമരേഖ ഉൾപ്പെടെ എല്ലാം തന്ത്രപൂർവം സൃഷ്ടിച്ച അഭിഭാഷകയുടെ കള്ളിപൊളിച്ചത് കർമസമിതിയുടെയും നാട്ടുകാരുടെയും ഇടപെടലാണ്.

അതിനിടെ ബാലകൃഷ്ണൻ നായരുടെ തിരുവനന്തപുരത്തെ വീട് സഹോദരിയിലൂടെ സ്വന്തമാക്കിയെടുത്ത് വിൽപ്പന നടത്തിയിരുന്നു. ഒരേസമയം പരേതനായ ബാലകൃഷ്ണൻ നായരെയും അവരുടെ ബന്ധുക്കളെയും സർക്കാർ ഓഫീസിനെയും ക്ഷേത്രഭാരവാഹികളെയും, എന്തിനധികം, സ്വന്തം സഹോദരിയെയുംവരെ വിദഗ്ധമായി പ്രതികൾ തട്ടിപ്പിനിരയാക്കിയതായാണ് സംശയം. ഈ തട്ടിപ്പിൽ ചിലർ ഇവരെ സഹായിക്കുകയും ചെയ്തു. അവരുടെ സഹായം അന്വേഷണത്തിൽ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

തളിപ്പറമ്പിലും പരിസരങ്ങളിലും കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലവരുന്ന സ്വത്തിനുടമയായിരുന്നു തളിപ്പറമ്പിലെ പരേതനായ കുഞ്ഞമ്പു ഡോക്ടർ. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളൊഴികെ ജീവിച്ചിരിക്കുന്ന മറ്റുള്ളവരാരും നാട്ടിലില്ല. ഇന്നത്തെ മതിപ്പു വിലയനുസരിച്ച് 250 കോടിയിലധികം വരുന്ന സ്വത്തിനുടമായിരുന്നു മരിക്കുമ്പോൾ കുഞ്ഞമ്പു ഡോക്ടർ. വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ സ്വത്ത് ആറു മക്കൾക്കുമായി ഭാഗിക്കണമെന്ന് 2010-ൽ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള മകൾ വിജയലക്ഷ്മി അഭിഭാഷകൻ ബാലകൃഷ്ണൻ നമ്പ്യാർ മുഖേന ആവശ്യപ്പെട്ടിരുന്നു.

ഭാഗം വച്ചെങ്കിലും നാട്ടിലുള്ള മകൻ രമേശന്റെ എതിർപ്പിനെത്തുടർന്ന് ഇത് നടന്നില്ലെന്നു പറയുന്നു. അതേസമയം കുഞ്ഞമ്പു നായരുടെ സ്വത്തിന്റെ വ്യാപ്തിയും അനാഥാവസ്ഥയും മനസിലാക്കിയ ഷൈലജ തന്ത്രപൂർവം അത് കൈക്കലാക്കാൻ ശ്രമിച്ചെന്നാണ് പരാതി. അതിനിടെ, തൃച്ചംബരം ക്ഷേത്രത്തിന് സമീപമുള്ള കുഞ്ഞമ്പു ഡോക്ടറുടെ പേരിലുള്ള പുരയിടത്തിൽനിന്ന് മരംമുറിച്ചുകടത്താൻ ഇവർ എത്തിയപ്പോൾ നാട്ടുകാർ ചോദ്യംചെയ്തു. അപ്പോഴാണ് തന്റെ സഹോദരിയുടെ ഭർത്താവാണ് ബാലകൃഷ്ണൻ എന്നും മരം മുറിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ് അവർ രേഖകൾ കാണിക്കുന്നത്. സംശയം തോന്നിയ നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.

ഈ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ബാലകൃഷ്ണൻ നായർ ആശുപത്രിയിൽ മരിച്ചതായും മൃതദേഹം ഷൈലജയും ഭർത്താവും ചേർന്ന് ഷൊർണൂരിൽ സംസ്‌കരിച്ചതായും അറിയുന്നത്. രോഗിയായ ബാലകൃഷ്ണനെ നാട്ടിൽ കൊണ്ടുവരായി വാഹനത്തിൽ വരുമ്പോൾ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ കാണിച്ചു. അവിടെവെച്ച് അദ്ദേഹം മരിച്ചു. അടുത്ത ബന്ധുക്കൾ എന്നുപറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി നാട്ടിൽ കൊണ്ടുവരാതെ ഷൊർണൂരിൽ സംസ്‌കരിക്കുകയായിരുന്നു.

തന്റെ സഹോദരി ജാനകിയെ വിവാഹം കഴിച്ചെന്നു കൃത്രിമരേഖയുണ്ടാക്കി സ്വത്തുക്കൾ അവരുടെ പേരിലാക്കി പിന്നീട് ദാനാധാരം വഴി തന്റെ പേരിലാക്കുകയാണ് ഷൈലജ ചെയ്തതെന്ന് ആരോപണമുയർന്നു. ജാനകി അറസ്റ്റിലാവുകയും ഷൈലജയും ഭർത്താവും ഒളിവിൽപ്പോവുകയും ചെയ്തു. താൻ ബാലകൃഷ്ണൻനായരെ വിവാഹംചെയ്തില്ലെന്നും ഷൈലജ പറഞ്ഞതുപോലെ പ്രവർത്തിക്കുകയായിരുന്നുവെന്നും പിന്നീട് ജാനകി പൊലീസിന് മൊഴികൊടുത്തു. വിവാഹ സർട്ടിഫിക്കറ്റും മറ്റും കൃത്രിമമായി ചമച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

കഥ വിജയിക്കുകയാണെങ്കിൽ ബാലകൃഷ്ണൻ നായരുടെ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിൽ ലഭിക്കാനുള്ള സ്വത്തുക്കളും ഷൈലജയുടെ ഉടമസ്ഥതയിലാകുമായിരുന്നു. ബാലകൃഷ്ണൻ നായരുടെ കുടുംബ പെൻഷനും ജാനകിവഴി അഭിഭാഷക തന്റേതാക്കി മാറ്റിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP