Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലക്‌സാണ്ടർ ജേക്കബിന് സ്ഥാനം തെറിച്ചത് ടിപി വധക്കേസിൽ പി ജയരാജനെ പ്രതിയാക്കാനുള്ള സമ്മർദ്ദത്തിന് വഴങ്ങാതിരുന്നത്; ഭരണം ഒഴിയും മുമ്പേ അന്നത്തെ ജയിൽ ഡിജിപിയുടെ ഫയൽ മുക്കി; പൊലീസ് ഉന്നതരുടെ രാഷ്ട്രീയ നീക്കങ്ങൾ പോലും പുറത്ത്

അലക്‌സാണ്ടർ ജേക്കബിന് സ്ഥാനം തെറിച്ചത് ടിപി വധക്കേസിൽ പി ജയരാജനെ പ്രതിയാക്കാനുള്ള സമ്മർദ്ദത്തിന് വഴങ്ങാതിരുന്നത്; ഭരണം ഒഴിയും മുമ്പേ അന്നത്തെ ജയിൽ ഡിജിപിയുടെ ഫയൽ മുക്കി; പൊലീസ് ഉന്നതരുടെ രാഷ്ട്രീയ നീക്കങ്ങൾ പോലും പുറത്ത്

തിരുവനന്തപുരം: ജയിൽ ഡിജിപിയായിരുന്ന അലക്‌സാണ്ടർ ജേക്കബിന് സ്ഥാനം തെറിച്ചത് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പി ജയരാജനെ പ്രതിയാക്കാനുള്ള സമ്മർദ്ദത്തിന് വഴങ്ങാതിരുന്നതുകൊണ്ടെന്ന് റിപ്പോർട്ട്. മംഗളമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ടി.പി. ചന്ദ്രശേഖരൻ വധം സംബന്ധിച്ചു സിപിഐ(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കാൻ നടത്തിയ നീക്കങ്ങൾ ഉൾപ്പെട്ട രഹസ്യ ഫയൽ സെക്രട്ടേറിയറ്റിൽനിന്ന് അപ്രത്യക്ഷമായെന്നും നാരായണൻ റിപ്പോർട്ട് ചെയ്ത വാർത്തയിൽ വിശദീകരിക്കുന്നു.

ടി.പി. കേസ് പ്രതികളായ കൊടി സുനിക്കും മറ്റും കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണും ഫേസ്‌ബുക്കും ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ഒത്താശ ചെയ്തുകൊടുത്തതു ജയരാജന്റെ നിർദ്ദേശപ്രകാരമാണെന്നു വരുത്തിത്തീർക്കാനായിരുന്നു മുൻസർക്കാരിന്റെ നീക്കം. ഈ നിയമവിരുദ്ധനീക്കത്തെ എതിർത്ത ജയിൽ മേധാവി അലക്‌സാണ്ടർ ജേക്കബിന്റെ കസേര തെറിപ്പിക്കുകയും ചെയ്തുവെന്നാണ് മംഗളം റിപ്പോർട്ട്. ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ ജയിൽ മേധാവി അലക്‌സാണ്ടർ ജേക്കബിനോടു സർക്കാർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

നിയമവിരുദ്ധമായ കാര്യം ചെയ്യില്ലെന്നായിരുന്നു അലക്‌സാണ്ടർ ജേക്കബിന്റെ നിലപാട്. പകരം, തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിനു റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണം നടത്തിയെങ്കിലും ജയരാജന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും ഈ റിപ്പോർട്ടിലുണ്ട്. എന്നാൽ, റിപ്പോർട്ട് ലഭിച്ച അന്നുതന്നെ അലക്‌സാണ്ടർ ജേക്കബിനെ ജയിൽ മേധാവിസ്ഥാനത്തുനിന്നു പുറത്താക്കുകയും പിന്നീട് അപ്രധാനതസ്തികയിൽ ഒതുക്കുകയും ചെയ്തു. സത്യസന്ധനെന്നു പേരെടുത്ത പൊലീസ് ഓഫീസർക്കെതിരായ ഈ നടപടി ഏറെ വിവാദമായിരുന്നു. അലക്‌സാണ്ടർ ജേക്കബ് അന്നു നൽകിയ റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പിന്റെ 74846/എസ്.എസ്എ3/2012 ഹോം എന്ന രഹസ്യ ഫയലിൽനിന്ന് ഇപ്പോൾ കാണാതായത്.

ഒരു പ്രമുഖ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്നത്തെ ഭരണനേതൃത്വം ജയരാജനെ കുടുക്കാൻ ശ്രമിച്ചത്. ടി.പി. വധക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചത് നിയമാനുസൃതം നിലനിൽക്കില്ലെന്ന നിയമോപദേശം സർക്കാരിനു ലഭിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയകാരണങ്ങളാൽ ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഈ നിയമോപദേശം ചൂണ്ടിക്കാട്ടി ടി.പി. കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചാൽ ഇതുവരെയുള്ള അന്വേഷണവും തുടർനടപടികളും അവസാനിപ്പിക്കേണ്ടിവരുമെന്നതാണ് അവസ്ഥ. അതേസമയം, കേസ് സംബന്ധിച്ചു നിരവധി സംശയങ്ങളുയർത്തുന്നതാണു മുൻ നിയമ സെക്രട്ടറി സി.പി. രാമരാജപ്രേമപ്രസാദിന്റെ നിയമോപദേശം. ടി.പി. കേസിൽ മുൻസർക്കാരിന്റെ പല നടപടികളും എടുത്തുചാട്ടമായിരുന്നെന്ന സൂചനയാണു നിയമോപദേശത്തിലുള്ളതെന്നും മംഗളം പറയുന്നു.

ഏതെങ്കിലുമൊരു കേസിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണ്. എന്നാൽ, ടി.പി. വധക്കേസിലാകട്ടെ അന്വേഷണസംഘം രൂപീകരിച്ചത് അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിലൂടെയും. സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഡി.ജി.പിക്ക് ഉപയോഗിക്കാനാവില്ലെന്നു നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ ഈ പ്രത്യേകാധികാരമുപയോഗിച്ചാണു പിണറായി സർക്കാർ അധികാരമേറ്റയുടൻ ജിഷ വധക്കേസിൽ നിലവിലുള്ള അന്വേഷണസംഘം പിരിച്ചുവിട്ടതും പുതിയതു രൂപീകരിച്ചതും. ഫലത്തിൽ ടി.പി. കേസിൽ മുൻസർക്കാരിന്റെ കാലത്തു പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കു സാധുതയില്ലാതാകുമെന്നു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP