Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷ കൊലക്കേസ് പ്രതി അമീറുളിനെ മുഖം മൂടി മാറ്റി പെരുമ്പാവൂർ കോടതിയിൽ എത്തിച്ചു; നിർവികാരനായി അമീറുൾ ക്യാമറയ്ക്കു മുന്നിൽ; ജൂലൈ 13 വരെ അമീറുൾ റിമാൻഡിൽ; പരാതി എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്നു പ്രതി കോടതിയിൽ; രേഖാചിത്രവുമായി സാമ്യമില്ലെന്നു നാട്ടുകാർ

ജിഷ കൊലക്കേസ് പ്രതി അമീറുളിനെ മുഖം മൂടി മാറ്റി പെരുമ്പാവൂർ കോടതിയിൽ എത്തിച്ചു; നിർവികാരനായി അമീറുൾ ക്യാമറയ്ക്കു മുന്നിൽ; ജൂലൈ 13 വരെ അമീറുൾ റിമാൻഡിൽ; പരാതി എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്നു പ്രതി കോടതിയിൽ; രേഖാചിത്രവുമായി സാമ്യമില്ലെന്നു നാട്ടുകാർ

കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ മുഖം മൂടി മാറ്റി. പെരുമ്പാവൂർ കോടതിയിൽ എത്തിച്ച പ്രതിയെ ജൂലൈ 13 വരെ റിമാൻഡ് ചെയ്തു.

പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് 4.30ന് അവസാനിക്കവെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കുന്നത്. വരയൻ ടീ ഷർട്ടിട്ട അമീറുളിനെ ആലുവ പൊലീസ് ക്ലബിൽ നിന്ന് കോടതിയിലേക്കു കൊണ്ടുപോകാൻ വാനിലേക്കു കയറ്റുന്നതിനിടെയാണു ദൃശ്യങ്ങൾ ചാനലുകൾക്കു ലഭിച്ചത്.

കോടതിയിൽ ഹാജരാക്കുമ്പോൾ വളരെ നിർവികാരനും അക്ഷോഭ്യനുമായിരുന്നു അമീറുൾ. പരാതി എന്തെങ്കിലുമുണ്ടോ എന്നു കോടതി അമീറുളിനോട് ആരാഞ്ഞു. പരാതി ഒന്നുമില്ലെന്നാണു പ്രതി കോടതിയിൽ അറിയിച്ചത്. പ്രതിയെ ജയിലിലെത്തി കാണാൻ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ രാജൻ ആവശ്യപ്പെട്ടു.

കോടതിയിൽ ഹാജരാക്കുമ്പോഴും അമീറിന്റെ മുഖം മറച്ചിരുന്നില്ല. അമീറിന്റെ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് പൊലീസ് നേരത്തെ മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിജിപി നേരിട്ടാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. എന്നാൽ, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞതോടെയാണു മുഖംമൂടിയില്ലാതെ ഇയാളെ പുറംലോകത്തെത്തിച്ചത്.

കഴിഞ്ഞ ദിവസം അമീറുളിനെ കാഞ്ചീപുരത്ത് ഉൾപ്പെടെ കൊണ്ടു പോയി തെളിവെടുത്തിരുന്നു. നേരത്തെ കൊലപാതകം നടന്ന ജിഷയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും എത്തിച്ച് തെളിവെടുത്തിരുന്നു.

ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ജിഷ കൊലക്കേസ് പ്രതി അമീറുളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം ചെയ്‌തെന്നു സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെ ഉണ്ടെന്നാണു വിവരം. പ്രതിയെ പിടികൂടിയതിനു ശേഷം പുറത്തിറക്കിയപ്പോഴൊക്കെ മുഖം മൂടിയിരുന്നു. കറുത്ത തുണി കൊണ്ടും ഹെൽമെറ്റ് വച്ചും മുഖം മറച്ചാണ് അമീറുളിനെ പുറത്ത് എത്തിച്ചിരുന്നത്.

തിരിച്ചറിയൽ പരേഡിനെ ബാധിക്കരുത് എന്നതിനാലാണ് ഇത്തരത്തിൽ അമീറുളിനെ മുഖം മൂടി ധരിപ്പിച്ചു പുറത്തിറക്കിയിരുന്നത്. തിരിച്ചറിയൽ പരേഡ് കഴിഞ്ഞതിനാലാണ് ഇപ്പോൾ അമീറുളിന്റെ മുഖംമൂടി മാറ്റിയത്. ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും അമീറുളിനെ മുൻ പരിചയമില്ലെന്നു പറഞ്ഞിരുന്നു. 

ജിഷയുടെ അയൽവാസിയും അമീറുൾ ചെരിപ്പുവാങ്ങിയ കടയുടെ ഉടമസ്ഥനും ഹോട്ടലിന്റെ ഉടമസ്ഥനും അമീറുളിനെ തിരിച്ചറിഞ്ഞിരുന്നു. തിരിച്ചറിയൽ പരേഡ് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ അമീറുളിന്റെ മുഖം മൂടി മാറ്റാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

ജിഷയെ കൊല്ലാനുപയോഗിച്ച കത്തിയും ചെരുപ്പും പൊലീസ് തിരികെവാങ്ങിയിരുന്നു. കുറുപ്പുംപടി കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ തിരിച്ചുവാങ്ങിയത്. ഇവ കേസിൽ പ്രതിയായ അമീറുൽ ഇസ്‌ലാമിനെ കാണിച്ച് ഉറപ്പുവരുത്തുകയാണ് പൊലീസ് ശ്രമം. ഇന്നുരാവിലെ കുറുപ്പംപടി സിഐ കോടതിയിലെത്തി അപേക്ഷ നൽകുകയായിരുന്നു.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘം അമീറുളിന്റെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ, പുറത്തുവിട്ട ചിത്രവുമായി അമീറുളിന് സാമ്യമില്ലെന്ന ആരോപണങ്ങൾ ഇതിനകം വിവിധ കോണിൽ നിന്ന് ഉയർന്നുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP