Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയച്ചതിയിൽ വീഴ്‌ത്തി പീഡിപ്പിച്ച അനീഷിനോട് പൊറുക്കില്ലെന്ന് യുവതി; നിലപാടിൽ ഉറച്ച യുവതിയെ കള്ളക്കേസിൽ കുടുക്കാനും ശ്രമം; വീട്ടിൽകയറി മർദ്ദിച്ചെന്ന് കേസ്; ഭീഷണിയും സമ്മർദ്ദങ്ങളുമായി പ്രതിയുടെ വീട്ടുകാർ

പ്രണയച്ചതിയിൽ വീഴ്‌ത്തി പീഡിപ്പിച്ച അനീഷിനോട് പൊറുക്കില്ലെന്ന് യുവതി; നിലപാടിൽ ഉറച്ച യുവതിയെ കള്ളക്കേസിൽ കുടുക്കാനും ശ്രമം; വീട്ടിൽകയറി മർദ്ദിച്ചെന്ന് കേസ്; ഭീഷണിയും സമ്മർദ്ദങ്ങളുമായി പ്രതിയുടെ വീട്ടുകാർ

എം പി റാഫി

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം പരാതിപ്പെട്ടതിന് യുവതിക്കു നേരെ ഭീഷണിയും കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമവും. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന അനീഷ് എ.കെ.എസിന്റെ വീട്ടുകാരാണ് തൃശൂർ സ്വദേശിനിയായ യുവതിക്കെതിരെ കള്ളക്കേസുമായി രംഗത്തെത്തിയിട്ടുള്ളത്. അന്തരിച്ച ഡോക്ടർ ഷാനവാസ് പി.സിയുടെ സുഹൃത്തും ആത്മ ട്രസ്റ്റിയുടെ നടത്തിപ്പുകാരനുമായിരുന്നു അനീഷ്. 2015 ഡിസംബർ 18ന് തൃശൂർ പാവറട്ടി പൊലീസിൽ യുവതി നൽകിയ പരാതിന്മേലായിരുന്നു സൗദിയിൽ നിന്നും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മലപ്പുറം മമ്പാട് പരതമ്മൽ സ്വദേശി അറപ്പത്താലിക്കുഴിയിൽ അനീഷി(26)നെ അറസ്റ്റുചെയ്ത് ചാവക്കാട് കോടതി റിമാൻഡിലടച്ചത്. പാവറട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി 376, 377, 323, 294(ബി), 506(ഐ),ആർ/ ഡബ്ല്യൂ 34 എന്നീ ജ്യാമ്യമില്ലാ വകുപ്പുകളടക്കമാണ് അനീഷിനുമേൽ ചുമത്തിയത്. കഴിഞ്ഞ ഒരു മാസക്കാലത്തോളമായി റിമാൻഡിൽ കഴിയുന്ന അനീഷിനെ ജാമ്യത്തിലിറക്കാൻ ഉന്നത ഇടപെടൽ നടത്തിയിരുന്നു. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ജാമ്യമനുവദിക്കാതെ റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു.

ധനിക കുടുംബത്തിൽ ജനിച്ച അനീഷിനുവേണ്ടി വീട്ടുകാർ ഉന്നത രാഷ്ട്രീയ ബന്ധവും ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയിരുന്നു. കേസിൽ നിന്നും പിന്തിരിയാൻ ഭീഷണിയും സമ്മർദവും യുവതിക്കു മേൽ ശക്തമാക്കുകയും ചെയ്തു. എന്നാൽ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കി വഞ്ചിച്ച സംഭവത്തിൽ കേസുമായി മുന്നോട്ടു പോകുമെന്നായതോടെ യുവതിക്കു മേൽ കള്ള കേസ് നൽകുകയായിരുന്നു. ഡിസംബർ 18ന് പാവറട്ടി പൊലീസിൽ യുവതി നൽകിയ പരാതിന്മേൽ അന്നു തന്നെ പൊലീസ് അനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വിദേശത്തായിരുന്ന അനീഷിനെ പിടികൂടാനായി പൊലീസ് ഇക്കാലയളവിൽ മമ്പാടുള്ള വീട്ടിൽ പലതവണ അന്വേഷിച്ചെത്തിയതോടെ പരാതിക്കാരിയായ യുവതിക്കെതിരെ മറ്റൊരു പരാതി അനീഷിന്റെ വീട്ടുകാർ നൽകുകയാണുണ്ടായത്. എന്നാൽ വലിയ സാമ്പത്തിക വാഗ്ദാനങ്ങൾ നൽകി കേസിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കേസിൽ നിന്നും പിന്മാറാൻ യുവതി തയ്യാറായിരുന്നില്ല. ഇതോടെ അനീഷിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ വീടുകയറി അനീഷിനെയും മാതാവിനെയും അക്രമിച്ചെന്നു കാണിച്ചാണ് നിലമ്പൂർ പൊലീസ് യുവതിക്കെതിരെ കേസെടുത്തിരിക്കുകയാണ്.

അനീഷിനെ തിരക്കി വീട്ടിലെത്തിയ യുവതി വീട്ടിലുണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയുമടക്കം അക്രമിക്കുകയായിരുന്നുവത്രെ. കയ്യിലുണ്ടായിരുന്ന ഹാന്റ് ബാഗ് കൊണ്ട് അനീഷിനെ അടിക്കുകയും പിടിച്ചു മാറ്റാൻ എത്തിയ അനീഷിന്റെ സുഹൃത്തിനെയും മാതാവിനെയും അക്രമിച്ചെന്നുമാണ് നിലമ്പൂർ പൊലീസിൽ അനീഷിന്റെ വീട്ടുകാർ നൽകിയ പരാതിയിലുള്ളത്. ഐപിസി 448, 323, 324 എന്നീ സെക്ഷനുകളാണ് യുവതിക്കുമേൽ ചുമത്തിയിട്ടുള്ളത്. അനീഷിന്റെ ചാരിറ്റി പ്രവർത്തനത്തിന്റെ മറവിലായിരുന്നു ഫേസ്‌ബുക്കിലൂടെ യുവതിയുമായി പരിചയപ്പെട്ടത്.

അനീഷിന് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പിന്നീട് പീഡനത്തിനിരയാക്കുകയും ചെയ്തു. ഒടുവിൽ വിവാഹം കഴിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, മർദനവും ഭീഷണിയുമുയർത്തി യുവതിയെ നിശബ്ദയാക്കാൻ ശ്രമിച്ചു. ഇതോടെ യുവതി അനീഷിനെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.അനീഷ് സൗദിയിലേക്ക് കടന്നെങ്കിലും തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് പൊലീസിന്റെ വലയിലാവുകയാണുണ്ടായത്.

എന്നാൽ യുവതിയുടെ മനോവീര്യം തകർത്ത് കേസിൽ നിന്നും പിൻതിരിപ്പിക്കുകയാണ് പൊലീസിന്റെ സഹായത്തേടെയുള്ള കള്ളക്കേസിലൂടെ അനീഷിന്റെ വീട്ടുകാർ ലക്ഷ്യം വയ്ക്കുന്നത്. ഡിസംബർ 15 നായിരുന്നു അനീഷിന്റെ വീട്ടുകാർ നൽകിയ പരാതിക്ക് ആധാരമായ സംഭവം നടന്നത്. എന്നാൽ പരാതിപ്പെട്ടത് ആഴ്ചകൾക്കു ശേഷമായിരുന്നു. മാത്രമല്ല, യുവതിയെ യാതൊരു മുൻപരിചയവുമില്ലെന്നും ഇന്റർനെറ്റിലൂടെയുള്ള പരിചയം മാത്രമായിരുന്നു അനീഷിന് ഉണ്ടായിരുന്നതെന്നും യുവതിക്കെതിരെയുള്ള പരാതിയിൽ പറയുന്നു. എന്നാൽ രേഖകളും മറ്റു തെളിവുകളും ഈ വാദങ്ങളെ പൊളിക്കുന്നു.

ഈ സംഭവത്തിനു് ദിവസങ്ങൾക്കു മുമ്പ് അനീഷും യുവതിയും രജിസ്റ്റർ വിവാഹത്തിനായി പുറപ്പെടുകയും അനീഷ് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയുമുണ്ടായി. ഇത് ചോദ്യം ചെയ്ത യുവതിയെ അക്രമിക്കുകയും തടുർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സ തേടുകയും ചെയ്തു. മാത്രമല്ല അനീഷിന്റെ പിതാവ് ഉൾപ്പടെ ബന്ധുക്കൾ യുവതിയുടെ വീ്ട്ടിലെത്തുകയും അനീഷിന്റെ ഭാഗത്തു നിന്നും തെ്റ്റ് സംഭവിച്ചെന്നും തങ്ങൾ എന്തുവേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ യുവതി ആരാണെന്ന് അറിയുക പോലുമില്ലെന്നായിരുന്നു അനീഷിന്റെ വീ്ട്ടുകാരുടെ പരാതിയിലുള്ളത്.

ദിവസവും പീഡനത്തിനിരയായി വഞ്ചിതരാകുന്ന യുവതികൾ അനേകമാണ്. എന്നാൽ ഇവരിൽ പരാതിയുമായി രംഗത്തെത്തുന്നവർ വിരളവുമാണെന്നാണ് കണക്ക്. പരാതിപ്പെട്ടാൽ തന്നെ പാതിവഴിയിൽ കേസ് നിലച്ചു പോകുന്ന അവസ്ഥയും കാണാം. എന്നാൽ ചാരിറ്റിയുടെ മറപിടിച്ച് സ്ത്രീത്വത്തിനു നേരെ നടത്തുന്ന അതിക്രമം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിയും കള്ളക്കേസുമാണ് തൃശൂർ സ്വദേശിനിയായ യുവതിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പണത്തിനും സ്വാധീനത്തിനും മേൽ മറ്റൊരു പീഡനകേസ് കൂടി വഴിമാറുന്ന കാഴ്ചയാണിവിടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP