Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധശിക്ഷയ്ക്കും ഇരട്ട ജീവപര്യന്തവും പ്രതികൾക്ക് നേടിക്കൊടുത്തത് പൊലീസിന്റെയും പ്രോസിക്യുഷന്റെയും കൃത്യത; കൊലപാതക ആസൂത്രണത്തിന്റെ തെളിവുകളായി മാറിയത് വാട്‌സ് ആപ്പ് സന്ദേശങ്ങൾ; വഴിവിട്ട ജീവിതത്തിന്റെ തെളിവായത് 300ലധികം വീഡിയോ ക്ലിപ്പുകൾ

വധശിക്ഷയ്ക്കും ഇരട്ട ജീവപര്യന്തവും പ്രതികൾക്ക് നേടിക്കൊടുത്തത് പൊലീസിന്റെയും പ്രോസിക്യുഷന്റെയും കൃത്യത; കൊലപാതക ആസൂത്രണത്തിന്റെ തെളിവുകളായി മാറിയത് വാട്‌സ് ആപ്പ് സന്ദേശങ്ങൾ; വഴിവിട്ട ജീവിതത്തിന്റെ തെളിവായത് 300ലധികം വീഡിയോ ക്ലിപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിൽ പ്രതികളെ പഴുതുകളില്ലാതെ കുരുക്കിലാക്കിയത് കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന്റെ കൃത്യതയും പോസിക്യൂഷന്റെ വാദ മുഖങ്ങളുമായിരുന്നു. സെപ്ഷ്യൽ പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാറാണ് കേസ് വാദിച്ചത്. പൊലീസുമായുള്ള ആശയവിനിമയത്തോടെ കേസിലെ കൃത്യമായ വാദമുഖങ്ങൾ കോടതിയെ ബോധിപ്പിക്കാൻ സാധിച്ചു. കൊലപാതക കുറ്റവും, വധഗൂഢാലോചനയും തെളിയിക്കാൻ ഇത് പ്രോസിക്യൂഷനെ സഹായിച്ചു. ഇതാണ് നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും സമ്മാനിച്ചത്.

അന്നത്തെ റൂറൽ എസ്‌പി രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈഎസ്‌പി: ആർ. പ്രതാപൻനായർ, സിഐ: എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണു കേസ് അന്വേഷിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച നിനോ മാത്യുവിന്റെ കുടുക്കിയത് മുതൽ കൃത്യമായി തന്നെ അന്വേഷണം മുന്നോട്ടു നീങ്ങുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായ അനുശാന്തിയുടെ ഭർത്താവ് ലിജീഷിൽ നിന്നും മൊഴി എടുത്ത് ശേഷം പൊലീസ് ഊർജ്ജിതമായാണ് പ്രവർത്തിച്ചത്.

ലിജീഷിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണു കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയിൽ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളിൽ വരെ അതിർത്തികൾ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകൾ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്.

പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈൽ ഫോണിൽ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയിൽ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോ മാത്യുവും ചേർന്ന് ഇത്തരത്തിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും. വാട്‌സ് ആപ്പും സ്മാർട്ട് ഫോണും അരുംകൊല പ്ലാൻ ചെയ്യാൻ ഇവർ ഉപയോഗിച്ചു. ഈ കൊലപാതകത്തിന്റെ പ്ലാൻ പൊളിക്കാൻ സാധിച്ചിടത്താണ് പൊലീസ് വിജയിച്ചത്.

ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയം മുതൽ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗൺ ചെയ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ അവർ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളർന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.

ഒരോ ദിവസവും അസംഖ്യമായ വാട്ട്‌സ് ആപ് സന്ദേശങ്ങൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകൾ. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളായി കോടതിമുറിയിൽ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തിൽ പിടിക്കപ്പെടുംവരെ ടെക്‌നോ പാർക്കിലെ കമ്പനിയിൽ നിന്ന് വീട്ടിലെത്തിയാൽ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോൾ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്‌സ് ആപ് ചാറ്റിലെ സന്ദേശങ്ങൾ. നേരും പുലരും മുതൽ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവർ അതോടൊപ്പം നിമിഷങ്ങൾ എണ്ണി കൊലപാതകത്തിന്റെ സ്‌കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവിൽ കൊലപാതകം നടപ്പിലാക്കിയപ്പോൾ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റൽ തെളിവുകളാണ്.

ആറ്റിങ്ങൽ ഡിവൈ.എസ്‌പിയായിരുന്ന പ്രതാപൻനായരുടെ നേതൃത്വത്തിൽസി.ഐ അനിൽകുമാർ നടത്തിയ അന്വേഷണമാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കേസിലെ സ്‌പെഷ്യൽ പബൽക്ക് പ്രോസിക്യൂട്ടർ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവർഷത്തിനുള്ളിൽ അഞ്ചുമാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസി ഇന്ന് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എൻജിനീയറായ ലിജേഷുൾപ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസിൽ നിർണായകമായത്.

അന്വേഷണ ഉദ്യാഗസ്ഥരുൾപ്പെടെ 49 സാക്ഷികൾ, 41 തൊണ്ടിമുതലുകൾ, 85 രേഖകൾ എന്നിവയ്‌ക്കൊപ്പം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും കേസിൽ തെളിവായി. നിനോമാത്യുവിന്റെയും അനുശാന്തിയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ എസ്.എംഎസുകളും വാട്ട് സ് ആപ്ചാറ്റുകളും ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ഷാജിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ ലാപ് ടോപ്പിലെ 300 ലധികം വീഡിയോ ക്ലിപ്പിംഗുകളും കേസിൽ നിർണായകമായി. കൊലപാതകത്തിന്റെ വഴികൾ ഒന്നൊന്നായി വ്യക്തമാക്കുന്ന സംസാരിക്കുന്ന തെളിവുകളാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായിതെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായത്.

വർഷങ്ങൾക്ക് മുമ്പ് ചങ്ങനാശേരിയിൽ നിന്നും കുളത്തൂർ ഭാഗത്തെത്തി ഏക്കറുക്കണക്കിന് ഭൂമി വാങ്ങി താമസമാക്കിയ കുടുംബമാണ് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഫിഞ്ചർ എന്ന കമ്പനിയിലെ പ്രോജക്ട് മാനേജരായ നിനോ മാത്യുവിന്റേത്. അനുശാന്തി അതേ കമ്പനിയിലെ ടീം ലീഡറും. ഡയമണ്ട്‌സ് എന്ന കമ്പനിയിൽജോലി ചെയ്യുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. നിനോ മാത്യുവിന്റെ ഭാര്യ ഇതേചൊല്ലി പിണങ്ങി. മൂഴിയാർ കെ.എസ്.ഇ.ബി യിലെ അസിസ്റ്റന്റ് എൻജിനീയറായ അനുശാന്തിയുടെ ഭർത്താവ് ലിജേഷ് അവധി നാളുകളിലാണ് വീട്ടിലെത്തുക. ഇത് നിനോ മാത്യുവും അനുശാന്തിയും തമ്മിൽ വീട്ടിൽ രഹസ്യസമാഗമത്തിന് വഴിയൊരുക്കുകയും ചെയ്തു.

അങ്ങനെ ഒരുനാൾ അനുശാന്തിയുടെ മൊബൈൽ ഫോണിൽ ലിജേഷ് കണ്ട എസ്. എം.എസാണ് നിനോയുമായുള്ള പ്രണയം വെളിച്ചത്താക്കിയത്.ഇതേച്ചൊല്ലി ലിജേഷും അനുശാന്തിയും തമ്മിൽ വഴക്കായി. നിനോ മാത്യുവിനോപ്പം ജീവിക്കണമെങ്കിൽ പോകാൻ ലിജേഷ് പറഞ്ഞു.അതിന് ലിജേഷ് ജീവിച്ചിരിക്കുന്നത് പന്തിയായി അനുശാന്തിക്ക് തോന്നിയില്ല. ലിജേഷിനെ ഒഴിവാക്കി ജീവിക്കാമെന്നായി അവളുടെ പ്ലാൻ. 2013 ഡിസംബറിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇവർ പ്രോജക്ടെന്ന വ്യാജേന നടത്തിയ കൗണ്ട് ഡൗണാണ് രണ്ട് ജീവനുകളെടുത്ത ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

മാസങ്ങളുടെ ആസൂത്രണം കൊലപാതകത്തിന് ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവദിവസം രാവിലെ പത്തരയോടെ കഴക്കൂട്ടത്തെ സ്ഥാപനത്തിൽ നിന്ന് കെ.എസ്.എഫ് .ഇയിൽ ചിട്ടിപിടിക്കാനെന്ന പേരിൽ ഇറങ്ങിയ ലിനോ കഴക്കൂട്ടത്തെ ഒരു ചെരിപ്പ് കടയിലെത്തി പൂട്ടുള്ള ഒരു ജോഡി ചെരിപ്പുകൾ വാങ്ങി. ഷൂസുകൾ കാറിലിട്ടശേഷം പുതിയചെരിപ്പുമണിഞ്ഞാണ് നിനോ മാത്യു ഉച്ചയോടെ തുഷാരത്തിലെത്തിയത് . ഈസമയം ആലംകോട് നിന്ന് 2 കിലോമീറ്റർ അകലെ ലിജേഷിന്റെ പുതിയ വീടിന്റെ പണിസ്ഥലത്തായിരുന്നു പിതാവ് തങ്കപ്പൻ ചെട്ടിയാർ. വീടുപണിക്കുള്ള പണത്തിനായി ലിജേഷ് ബാങ്കിൽ പോകുമെന്ന് അനുശാന്തിയിൽ നിന്ന് മനസിലാക്കിയാണ് നിനോയുടെ വരവ്. ലിജേഷിന്റെ സുഹൃത്തായ താൻ കല്യാണം ക്ഷണിക്കാൻ വന്നതാണെന്ന് പറഞ്ഞതോടെ ഓമന നിനോയെ വീട്ടിൽ കയറ്റിയിരുത്തി.

മൊബൈൽ തലേദിവസം തന്നെ സ്വിച്ച് ഓഫ് ചെയ്ത ലിജേഷിന്റെ പക്കലുള്ള ലാപ് ടോപ്പ് ബാഗിൽ വെട്ടുകത്തിയും ചെത്തിയൊരുക്കിയ ബേസ് ബോൾ ബാറ്റും തോർത്തും. വീട്ടിലെത്തി ഓമനയുടെ ഫോണിൽ നിന്ന് ലിജേഷിനെ വിളിച്ച് അത്യാവശ്യമായി ഒന്നുകാണണമെന്ന് പറഞ്ഞു. സ്വാസ്തികയേയും ഒക്കത്തുവച്ച് ചായയിടാൻ അടുക്കളയിലേക്ക് പോയ ഓമനയെ പിന്തുടർന്ന നിനോ ബാഗിൽ കരുതിയിരുന്ന ബേസ് ബാൾ ബാറ്റ് കൊണ്ടുതലയ്ക്കടിച്ചു.ഊക്കോടെയുള്ള ആദ്യ അടിയിൽ തലപൊട്ടി ചോര ചീറ്റി. വീണ്ടും വീണ്ടും അടിച്ച് തല പൊട്ടിച്ചു. അടിയേറ്റ് ഓമനയ്‌ക്കൊപ്പം നിലത്തുവീണ സ്വാസ്തികയുടെ തലയിലും ബാറ്റുകൊണ്ട് ശക്തമായി പ്രഹരിച്ചു. ഇരുവരും രക്തത്തിൽ കുളിച്ചെങ്കിലും അവരുടെ കഴുത്തും വെട്ടിപിളർത്തിയശേഷമാണ് നിനോ പിന്മാറിയത്. ചോരയിൽകുളിച്ചുകിടന്ന കുഞ്ഞിന്റെയും ഓമനയുടെയും പ്രാണൻ പിടയുന്നത് കൂസാതെ വീട്ടിനുള്ളിൽ ലിജേഷിന്റെ വരവിനായി അവൻ കാത്തിരുന്നു.അരമണിക്കൂറിനകം വീട്ടിലെത്തിയ ലിജേഷിനെ കതകിന് പിന്നിൽ ഒളിച്ചിരുന്ന നിനോ മാത്യു തലയ്ക്ക് പിന്നിൽ ആഞ്ഞുവെട്ടുകയായിരുന്നു.

പിൻകഴുത്തിൽ നിന്ന് ഇടതുചെവിക്ക് മുൻവശം വരെ നീളുന്ന വെട്ടേറ്റ ലിജേഷ്ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷമാണ് രക്ഷപ്പെട്ടത്. ലിജേഷിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിനുശേഷം വീടിന്റെ പിൻവശത്തെ ടെറസിൽ നിന്നും തൊട്ടടുത്ത മരച്ചീനിവിള വഴി രക്ഷപ്പെട്ട നിനോ മാത്യുവിനെ അന്ന് വൈകുന്നേരം തന്നെ പൊലീസ് പിടികൂടിയതാണ് കേസിൽ നിർണായകമായി. ഇയാളുടെ പക്കൽനിന്ന് പൊലീസ് പിടികൂടിയ ഫോണിൽ ലിജേഷിന്റെ വീടിന്റെയും മുറികളുടെയും നിരവധി ഫോട്ടോകളും വീടിന്റെ മുന്നിലെയും പിന്നെലയും വഴികളുടെ ഫോട്ടോകളും കണ്ടെത്തുകയും ചെയ്തതോടെ ഇയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്.

മൊബൈൽ ഫോണിൽ കണ്ടെത്തിയ ഫോട്ടോകൾക്ക് പുറമേ നിനോ മാത്യുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ലാപ്‌ടോപ്പിൽ നിന്ന് പ്രതികൾ തമ്മിലുള്ള രഹസ്യബന്ധങ്ങൾ വ്യക്തമാക്കുന്ന മുന്നൂറിലധികം വീഡിയോ ക്ലിപ്പിംഗുകളും കേസിൽ നിർണായകമായി. ഇതുകൂടാതെ കൊലപാതകത്തിന്റെ നാൾവഴികളും ആസൂത്രണവും വ്യക്തമാക്കുന്ന വാട്ട്‌സ് ആപ് സന്ദേശങ്ങളും കേസിൽ നിർണായകമായി. കൊലപാതകം കവർച്ചയെ തുടർന്നാണെന്ന് വരുത്തി തീർക്കാനായി നിനോ മാത്യു ഓമനയും സ്വാസ്തികയും ധരിച്ചിരുന്ന ആഭരണങ്ങൾ ഊരികൊണ്ടുപോയിരുന്നു. രക്തക്കറ പുരണ്ട ഈ ആഭരണങ്ങളും നിനോ മാത്യുവിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ ലാപ് ടോപ്പ് ബാഗിൽ നിന്ന് കണ്ടെടുത്തതും കേസ് അതിവേഗം തെളിയിക്കാനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP