Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കസ്റ്റഡി മർദ്ദനം അറിയിച്ച കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കടുവാ സംഘത്തിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് സഹായവും; ഐപിഎസുകാരനെ പ്രതിസ്ഥാനത്ത് നിർത്തി പൊലീസുകാരുടെ മൂന്ന് മൊഴികൾ; വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ എസ്‌പി എ.വി ജോർജ്ജ് പ്രതിയാകും; ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കൻ കള്ളക്കളി സജീവം; ആഹ്ലാദ നൃത്തം ചവിട്ടി ദിലീപ് ഫാൻസും

കസ്റ്റഡി മർദ്ദനം അറിയിച്ച കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കടുവാ സംഘത്തിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് സഹായവും; ഐപിഎസുകാരനെ പ്രതിസ്ഥാനത്ത് നിർത്തി പൊലീസുകാരുടെ മൂന്ന് മൊഴികൾ; വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ എസ്‌പി എ.വി ജോർജ്ജ് പ്രതിയാകും; ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കൻ കള്ളക്കളി സജീവം; ആഹ്ലാദ നൃത്തം ചവിട്ടി ദിലീപ് ഫാൻസും

ആർ പീയൂഷ്

കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ അന്നത്തെ എസ്‌പിയായിരുന്ന എ.വി ജോർജ്ജ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. വരാപ്പുഴയിൽ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ട് എന്ന് കാണിച്ച് കീഴുദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തപ്പോൾ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന നിർണ്ണായക മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. കസ്റ്റഡി മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ എസ് പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തൽ. എന്നാൽ എസ് പിയെ കേസിൽ നിന്ന് ഒഴിവാക്കാൻ ഉന്നതതല സമ്മർദ്ദവും ഉണ്ട്.

അത് കൂടാതെ എസ്‌പി രൂപീകരിച്ച ആർ.ടി.എഫ് അംഗങ്ങളെ കേസിൽ നിന്നും രക്ഷപെടുത്താൻ വഴിവിട്ട സഹായം ചെയ്തതായും കണ്ടെത്തി. ഇത്തരത്തിലുള്ള മൂന്ന് മൊഴികളാണ് പൊലീസുകാരിൽ നിന്നും അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ എ.വി ജോർജ്ജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കേസിൽ പ്രതിയാക്കും. ജാമ്യമില്ലാ വകുപ്പ് ചേർക്കുകയും ചെയ്യും. നേരത്തെ പ്രതി ചേർത്ത സിഐ ക്രിസ്പിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നില്ല. ഇതിന് കാരണം സിഐ നടപടിക്രമത്തിൽ വീഴ്ച വരുത്തിയെന്നത് മാത്രമേ ആരോപണമായി എത്തിയിരുന്നുള്ളൂ. എന്നാൽ എസ് പിക്കെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്.

ചോദ്യം ചെയ്യലിന് ശേഷം കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ അട്ടിമറിക്കാൻ ഉന്നതരും രംഗത്തുണ്ട്. വിവരങ്ങൾ മൂടി വച്ചതിനും കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും നിസ്സാര കുറ്റം ചുമത്തി പ്രശ്‌നം ഒതുക്കാനാണ് നീക്കം. എങ്കിൽ പോലും കേസിൽ പ്രതിയായാൽ ജോർജിനെ സസ്‌പെന്റ് ചെയ്യേണ്ടി വരും. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ജോർജാണ്. ഇതോടെ കാശിന് മുമ്പിൽ നട്ടെല്ല് വളയാത്ത ഉദ്യോഗസ്ഥനാണ് ജോർജെന്ന വിലയിരുത്തലെത്തി. ഇതിനിടെയാണ് വരാപ്പുഴ കസ്റ്റഡി മരണത്തിൽ ജോർജിനെതിരെ കരുക്ക് വരുന്നത്. ഇത് ദിലീപ് ഫാൻസുകാർ ആഘോഷത്തോടെ കൊണ്ടാടുന്നുണ്ട്. ദിലീപിനെ അഴിക്കുള്ളിലാക്കിയ ജോർജും കുടുങ്ങുന്നതിന്റെ ആഹ്ലാദമാണ് അവർ പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത്തും ജോർജ്ജും ഒന്നിച്ച് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇരുവരം അടുത്ത സുഹൃത്തുക്കളായതിനാൽ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് കൊലചെയ്യപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില രംഗത്തെത്തിയിരുന്നു. ഈ ആരോപണം തള്ളിക്കളഞ്ഞുകൊണ്ടാണ് ഐ.ജി ഇയാളെ ചോദ്യം ചെയ്യാനായി ഔദ്യോഗികമായി വിളിച്ചു വരുത്തുന്നത്. നിലവിൽ എസ്‌പിയെ ഔദ്യോഗികമായി ചോദ്യം ചെയ്തിട്ടില്ല. ഇതോടെ എസ്‌പി കുറ്റക്കാരനാണ് എന്ന തെളിവാണ് പുറത്ത് വരുന്നത്. കേസിൽ സിബിഐ അന്വേഷണത്തിന് ക്രുടുംബം ശ്രമിക്കുന്നുണ്ട്.

ഇതിനായുള്ള നിയമ നടപടികളിലേക്കും കടന്നു കഴിഞ്ഞു. സംഭവത്തിൽ റൂറൽ എസ്‌പി.യുടെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്. റൂറൽ എസ്‌പി.യുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർ.ടി.എഫ്. സ്‌ക്വാഡിലെ പൊലീസുകാരാണ് ശ്രീജിത്തിനെയും സഹോദരനെയും വീട്ടിൽനിന്ന് കൊണ്ടുപോയത്. ഇത് എസ്‌പി.യുടെ നിർദ്ദേശാനുസരണമാണ്. ഈ സാഹചര്യത്തിൽ അന്വേഷണസംഘം ആദ്യം ചോദ്യം ചെയ്യേണ്ടതും നടപടിയെടുക്കേണ്ടതും എസ്‌പി.യുടെ പേരിലാണ്.

എസ്‌പി.യെ ചോദ്യംചെയ്താൽ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിനിടയായ സാഹചര്യം പുറത്തുവരുമെന്നുമാണ് കഴിഞ്ഞ ദിവസം അഖില പ്രതികരിച്ചത്. എറണാകുളത്തെ സിപിഎം നേതാവിന്റെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ആരോപണം. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും പറയുന്നു. കേസിൽ അറസ്റ്റിലായ സിഐ ക്രിസ്പിൻ സാമിന്റെ മൊഴിയും എസ്‌പിക്ക് എതിരായിരുന്നു. എസ്‌പിയുടെ നിർദ്ദേശ പ്രകാരമാണ് താനുൾപ്പടെയുള്ള പൊലീസ് സംഘം സ്ഥലം സന്ദർശിച്ചതെന്ന് നേരത്തെ ചോദ്യം ചെയ്യുന്നതിനിടെ സിഐ, അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ആലുവ ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജോർജിനെ ചോദ്യം ചെയ്തത്. സംഭവത്തിൽ, ജോർജിനു വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തി.

എ.വി. ജോർജിന്റെ കീഴിലുണ്ടായിരുന്ന മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. മൂന്നു പേരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിടുകയും ജോർജിനെ സ്ഥലംമാറ്റുകയും ചെയ്തു. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് ജോർജിനെ സ്ഥലംമാറ്റിയത്. കേസിൽ ആർടിഎഫ് ഉദ്യോഗസ്ഥരായ മൂന്നു പേരെയും വരാപ്പുഴ എസ്ഐ ദീപക്കിനെയും പറവൂർ സിഐ ക്രിസ്പിൻ സാമിനെയും അറസ്റ്റു ചെയ്തിരുന്നു. ആർടിഎഫുകാരെ മാത്രമല്ല താൻ അങ്ങോട്ടേയ്ക്ക് അയച്ചതെന്ന് എസ്‌പി വിശദീകരിച്ചു.

ക്രമസമാധാന പാലനത്തിനായി വടക്കേക്കര മുനമ്പം എസ്ഐമാർ ഉൾപ്പടെ കൂടുതൽ പേരെ സ്ഥലത്തേക്ക് അയച്ചിരുന്നുവെന്നും ജോർജ് ആദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം. എന്നാൽ ഇത് വിശ്വസനീയമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP