Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണവും പണ്ടവും സൂക്ഷിക്കേണ്ടത് മാനേജരുടെ ഉത്തരവാദിത്തം; കവർച്ചയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെന്ന് പൊലീസ്; ബാക്കുകളിലെ മോഷണത്തിൽ മാനേജർക്കെതിരെയും കേസ് എടുക്കും

പണവും പണ്ടവും സൂക്ഷിക്കേണ്ടത് മാനേജരുടെ ഉത്തരവാദിത്തം; കവർച്ചയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെന്ന് പൊലീസ്; ബാക്കുകളിലെ മോഷണത്തിൽ മാനേജർക്കെതിരെയും കേസ് എടുക്കും

രഞ്ജിത് ബാബു

കാസർഗോഡ്: സുരക്ഷാപിഴവിനെത്തടർന്നു വർദ്ധിച്ചുവരുന്ന ബാങ്കു കവർച്ചയ്ക്ക് തടയിടാൻ ബാങ്കു മാനേജർമാർക്കെതിരെ നടപടി വന്നേക്കും. കേരളാ പൊലീസ് ആക്ടിലെ വ്യവസ്ഥ പ്രകാരംതന്നെ അശ്രദ്ധയോടെ ജനങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്തതിന് മാനേജർമാർക്കെതിരെ കേസെടുക്കാൻ വ്യവസ്ഥയുണ്ട്.

കോടികൾ വിലവരുന്ന സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിക്കാൻ സുരക്ഷ ഒരുക്കുന്നതിന് ഗുരുതരമായ വീഴ്ചയാണ് ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇൻഷൂറൻസ് പരിരക്ഷ ഉണ്ടെന്ന് കാട്ടിയാണ് നിക്ഷേപകരെ ബാങ്കുകൾ ആകർഷിക്കുന്നത്. ഒരു ശാഖയിൽ സുരക്ഷ കുറവുണ്ടെങ്കിൽ സുരക്ഷാ സംവിധാനമുള്ളിടത്ത് സ്വർണം മാറ്റി സൂക്ഷിക്കാൻ ബാങ്കിനു ചുമതലയുണ്ടെന്ന് റിസർവ് ബാങ്ക് തന്നെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് കേരളത്തിലെ പൊതുമേഖലകളിലേയും സഹകരണ മേഖലകളിലേയും ബാങ്കുകൾ പ്രവർത്തിക്കുന്നത്.

ചെറുവത്തൂർ വിജയാ ബാങ്ക് ശാഖയുടെ കോൺക്രീറ്റ് തറ തുരന്നാണ് അഞ്ചുകോടി രൂപയുടെ സ്വർണ്ണവും മൂന്നു ലക്ഷം രൂപയും കവർന്നത്. ഈ സംഭവത്തോടെ ബാങ്കുകളിലെ സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ ആശങ്ക പടർന്നിരിക്കയാണ്. ബാങ്ക് ശാഖ തുറക്കുന്നതിലും നിക്ഷേപം സ്വീകരിക്കുന്നതിലും കാട്ടുന്ന ആവേശം അവയുടെ സുരക്ഷയ്ക്ക് നൽകുന്നില്ലെന്ന് കവർച്ചകളിലൂടെ വ്യക്തമായിരിക്കയാണ്. 2007 ഡിസംബർ 30 നു മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് കവർച്ച ചെയ്ത സംഭവത്തോടു സമാനമാണ് ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ചയും. രണ്ടിടത്തും ബാങ്ക് നിലകൊള്ളുന്ന ഒന്നാം നില താഴത്തെ നിലയിൽ നിന്നും തുരന്നാണ് കവർച്ച നടന്നത്. ഈ മാസം ഏഴാം തീയ്യതി കുഡ്‌ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 17 കിലോ സ്വർണ്ണവും 13 ലക്ഷം രൂപയും കവർച്ചചെയ്തതിനു പിന്നാലെയാണ് ചെറുവത്തൂർ ബാങ്കിലെ കവർച്ചയും.

സ്വർണ്ണാഭരണവും പണവും സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിന്റെ സുരക്ഷിതത്വം എങ്ങനെയെന്നു വ്യക്തമാക്കുന്നതാണ് ഓരോ കവർച്ചയും. കവർച്ച നടന്ന വിജയാ ബാങ്കിൽ സ്‌ട്രോങ് റൂം പേരിനുണ്ടെങ്കിലും അതിനകത്ത് സുരക്ഷിതമായ ഖജനാവുണ്ടായിരുന്നില്ല. ഖജനാവിലാണ് സ്വർണ്ണവും പണവും സൂക്ഷിക്കേണ്ടിയിരുന്നത്. ഖജനാവിൽ മൂന്ന് തലത്തിൽ തുറക്കാവുന്ന ലോക്ക് സംവിധാനം വേണം. ഇതിനു വേണ്ടത് കേവലം രണ്ടു ലക്ഷം രൂപ. ഇതൊന്നും നടപ്പാക്കാതെയാണ് ഈ ബാങ്ക് ഇക്കാലമത്രയും പ്രവർത്തിച്ചതെന്നത് ഇടപാടുകാരേയും നാട്ടുകാരേയും ആശങ്കാകുലരാക്കുകയാണ്. കുഡ്‌ലു ബാങ്ക് കവർച്ചയ്ക്ക് ശേഷം തന്നെ ബാങ്കുകൾക്ക് അകത്തും പുറത്തും സി.സി.ടി.വി, അലാറം എന്നീ സംവിധാനങ്ങൾ ഒരുക്കണമെന്ന് പൊലീസ് അധികാരികൾ ബാങ്കുകളിൽ നേരിട്ടെത്തി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതൊന്നും ശക്തമായി പാലിക്കപ്പെട്ടിട്ടില്ല. വിജയാ ബാങ്കു കവർച്ചയിലെ പ്രതികളെന്നു സംശയിക്കുന്നവരുടെ ദ്യശ്യങ്ങൾ എതിർവശത്ത് പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഒന്നര ലക്ഷം കോടി രൂപയുടെ സ്വർണ്ണമാണ് റോഡരികിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പൊതു മേഖലാസഹകരണ മേഖലാ ബാങ്കുകളിലുള്ളത്. അതിനാൽത്തന്നെ ബാങ്കിഗ് സ്ഥാപനങ്ങളുടെ സംഘടിതമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു നീക്കം തുടർച്ചയായി കവർച്ച നടക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ അനിവാര്യമായിരിക്കയാണ്. റിസർവ്വ് ബാങ്കിന്റെ കെ.വൈ.സി. നോംസ് പ്രകാരം 20 ഗ്രാമിൽ കൂടുതൽ സ്വർണം ഒരാൾ ഈട് വെക്കുമ്പോൾ അതിന്റെ പശ്ചാത്തലത്തിനുള്ള തെളിവ് നല്‌കേണ്ടതുണ്ട്. എന്നാൽ സ്വർണം പണയം വെക്കാൻ വരുന്നവരെ സ്വീകരിച്ചിരുത്തി പണം കൊടുക്കുന്ന അവസ്ഥയാണ് ബാങ്കുകൾ സ്വീകരിക്കുന്നത്.

ബാങ്കുകളുടെ കിടമത്സരവും ശാഖകൾ തുടങ്ങുന്നതിന് കനത്ത സുരക്ഷാ വീഴ്ച സംഭവിക്കുന്നുണ്ട്. റിസവ്വ് ബാങ്കിന്റെ മാനദണ്ഡമൊന്നും നോക്കാതെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിലാണ് ശാഖ തുറക്കുന്നതിൽ ഏറേയും. ആറു വശങ്ങളിലായി കനത്ത കമ്പി ഉപയോഗിച്ച് സ്‌ട്രോങ് റൂം പണിതിട്ടുണ്ടോ എന്നു പരിശോധിച്ചു വേണം ബാങ്ക് കെട്ടിടം തിരഞ്ഞെടുക്കാൻ. എന്നാൽ മാനേജരുടെ ഇംഗിതവും കെട്ടിടം ഉടമയുടെ താത്പര്യവും നോക്കിയാണ് ശാഖകൾ ആരംഭിക്കുന്നത്. അതിനാൽ കവർച്ച നടന്ന ബാങ്കുകളിലെ സാഹചര്യം പരിശോധിച്ച് ബോധപൂർവ്വമല്ലാത്ത മോഷണത്തിന് സൗകര്യം ചെയ്തു എന്ന പേരിൽ മാനേജർമാർക്കെതിരെ കേസെടുക്കേണ്ടതുണ്ട്. ശ്രദ്ധയില്ലാതെ സ്വർണ്ണവും പണവും സൂക്ഷിച്ചതിന് മാനേജർമാർ ബാധ്യസ്ഥരുമാണ്. എങ്കിൽ മാത്രമേ ബാങ്കു കവർച്ചക്ക് ഒരു പരിധിവരെയെങ്കിലും തടയിടാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP