Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂതത്താൻ കെട്ടിലെ വെള്ളാനകളെ കുടുക്കാൻ വിജിലൻസ് ഡയറക്ടർ നേരിട്ടിറങ്ങി; ചെക്ക് ഡാം നിർമ്മിച്ച് വൻകിട ഭൂവുടമകളുടെ സ്ഥലങ്ങളിലേക്കു റോഡ് സൗകര്യമുണ്ടാക്കാനുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്ക് പിടിവീഴും; വിശദ പരിശോധനക്ക് ഒരുങ്ങു ജേക്കബ് തോമസ്

ഭൂതത്താൻ കെട്ടിലെ വെള്ളാനകളെ കുടുക്കാൻ വിജിലൻസ് ഡയറക്ടർ നേരിട്ടിറങ്ങി; ചെക്ക് ഡാം നിർമ്മിച്ച് വൻകിട ഭൂവുടമകളുടെ സ്ഥലങ്ങളിലേക്കു റോഡ് സൗകര്യമുണ്ടാക്കാനുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്ക് പിടിവീഴും; വിശദ പരിശോധനക്ക് ഒരുങ്ങു ജേക്കബ് തോമസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഭൂതത്താൻ കെട്ടിലെ വെള്ളാനകളെ കുടുക്കാൻ വിജിലൻസ് ഡയറക്ടർ 'പണി 'തുടങ്ങി. ഇവിടെ ജലസേചനവകുപ്പ് നടത്തിയ നിർമ്മാണങ്ങളെക്കുറിച്ച് ഉയർന്നിട്ടുള്ള അഴിമതിയാരോപണങ്ങളും ക്രമക്കേടുകളും സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ടിറങ്ങിയിരിക്കുകയാണ്. ഭൂതത്താൻകെട്ടിലെ നിർമ്മാണപ്രവർത്തനങ്ങളിലെ അഴിമതിയെപ്പറ്റി കഴിഞ്ഞ ഓഗസ്റ്റിൽ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

അന്വേഷണങ്ങളുടെ ആദ്യപടിയായിട്ടാണ് യു ഡി എഫ് ഭരണകാലത്ത് ആസൂത്രണം ചെയ്ത് ഇവിടെ നടപ്പാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തെളിവെടുപ്പിനു നിർദ്ദേശം നൽകിയിട്ടുള്ളതെന്നാണ് സൂചന. പദ്ധതികൾക്കുവേണ്ടി ബാഹ്യഇടപെടലുകൾ ശക്തമായിരുന്നെന്നും ഇതുവഴി ജനപ്രതിനിധികളുൾപ്പെടെ രാഷ്ട്രീയ നേതാക്കൾ കോടികൾ സമ്പാദിച്ചെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. വിനോദസഞ്ചാര കേന്ദ്രമായ ഇവിടം മോടി പിടിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ജലസേചനവകുപ്പ് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ജേക്കബ്് തോമസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വിജിലൻസ് സംഘം ഭൂതത്താൻകെട്ടിലെത്തി തെളിവെടുത്തു.

നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതിയും ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രവർത്തനങ്ങളും വഴി സംസ്ഥാന ഖജനാവിന് കോടികൾ നഷ്ടമാക്കിയെന്ന വാർത്തകളുടെയും തുടർന്നുണ്ടായ പരാതികളുടെയും അടിസ്ഥാനത്തിലാണ് ജേക്കബ്ബ് തോമസ് ഇക്കാര്യത്തിൽ തെളിവെടുപ്പിനിറങ്ങിയിരിക്കുന്നത്. വിജിലൻസ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ ഉച്ചയോടെ പരിശോധനക്കെത്തിയത്. പ്രാഥമിക പരിശോധകളാണ് ഇന്നലെ നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയുണ്ടാകുമെന്നാണ് അധികൃതരിൽനിന്നും ലഭിക്കുന്ന സൂചന.

പ്രദേശത്തു നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിജിലൻസ് സംഘം വിശദമായി വിലയിരുത്തി. ഇതിനു ചെലവായ തുകയുടെ കണക്കുവിവരങ്ങൾ ഹാജരാക്കാൻ അന്വേഷകസംഘം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. നാലു കോടി രൂപ മുടക്കിൽ നടത്തിവരുന്ന ചെക്ക്ഡാം നിർമ്മാണത്തിലും സമീപത്തായി പൂർത്തിയാക്കിയിട്ടുള്ള വാച്ച് ടവർ നിർമ്മാണത്തിലും വൻ അഴിമതിയും പുറമേ നിന്നുള്ള സാമ്പത്തീക ഇടപെടലുമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

നിലവിലെ സാഹചര്യത്തിൽ നിർദ്ദിഷ്ട ചെക്കുഡാമിന്റെ ആവശ്യമില്ലെന്ന് വസ്തുതകളിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ യു ഡി എഫ് ഗവൺെമെന്റിന്റെ കാലത്ത് കനത്ത രാഷ്ട്രീയ സമ്മർദ്ദവും ബാഹ്യഇടപെടലുകളും മൂലമാണ് സർക്കാർ ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കുന്ന ചെക്ക് ഡാം നിർമ്മാണത്തിന്റെ കരാർജോലികൾ ആരംഭിച്ചത്. പെരിയാർ തീരത്ത് സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ള ജൂവലറി ഉടമയുൾപ്പെടെയുള്ള വമ്പൻ ഭൂവുടമകളുടെ സ്ഥലത്തേക്ക് റോഡ് സൗകര്യമൊരുക്കാൻ ഗവൺമെന്റിനെ തെറ്റിദ്ധരിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങുന്ന ലോബി ചെക്കുഡാം സ്ഥാപിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുകയായിരുന്നെന്നും ഇതിനുപിന്നിൽ വൻ സാമ്പത്തീക ഇടപെടൽ നടന്നിട്ടുണ്ടെന്നുമാണ് പക്കെ ഉയർന്നിട്ടുള്ള ആരോപണം.

ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപമുള്ള ബോട്ടിങ് കേന്ദ്രത്തിന്റെ മറുകരയിൽ പലരുടേതായി അൻപത് ഏക്കറിൽപ്പരം കൃഷിഭൂമിയുണ്ട്. വനംവകുപ്പ് വകസ്ഥലത്തുകൂടി മാത്രമേ നിലവിൽ ഇവിടെയെത്താൻ മാർഗമുള്ളു. ഇതുമൂലം ഇവിടെ വസ്തുവ്യാപാരം കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല. ചെക്കുഡാം നിർമ്മാണത്തിന് അനുബന്ധമായി നിർമ്മിക്കപ്പെടുന്ന കോൺക്രീറ്റ് പാലത്തിന്റെ ഒരു ഭാഗം അവസാനിക്കുന്നത് ജൂവലറി ഉടമയുടെ കൃഷിഭൂമിയുടെ തൊട്ടടുത്താണെന്നാണ് ലഭ്യമായ വിവരം.

പാലം ഗതാഗത്തിനായി തുറക്കുന്നതോടെ ഇവിടുത്തെ ഭൂമി വില ഇപ്പോഴത്തേതിന്റെ പതിന്മടങ്ങ് വർദ്ധിക്കും. ഈ സാമ്പത്തിക നേട്ടം മുന്നിൽക്കണ്ടാണ് ജൂവലറിയുടമയുൾപ്പെടെയുള്ള ഇവിടത്തെ സ്ഥലം ഉടമകൾ ഉദ്യോഗസ്ഥ -രാഷ്ട്രീയ കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തി ചെക്കുഡാം നിർമ്മാണത്തിന് ചരടുവലികൾ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ജൂവലറി ഉടമയുടെ സ്ഥലത്തിന്റെ അതിർത്തി തിരിച്ചുള്ള കരങ്കൽ കെട്ടിനെയും പെരിയാർവാലി ക്വർട്ടേഴ്‌സുകൾ സ്ഥതിചെയ്യുന്ന കരപ്രദേശവും ബന്ധപ്പെടുത്തിയാണ് ചെക്ക് ഡാം വിഭാവനം ചെയ്തിട്ടുള്ളത്. മുൻ എം എൽ എ ടി യു കുരുവിള പ്രത്യേക താൽപര്യമെടുത്താണ് ചെക്ക്ഡാം നിർമ്മാണത്തിനും അനുബന്ധ ജോലികൾക്കുമായി ഫണ്ട് തരപ്പെടുത്തിയത്.

ചെക്ക് ഡാം നിർമ്മാണം പൂർത്തിയാവുന്നതോടെ രണ്ടു കിലോമീറ്ററോളം വരുന്ന വൃഷ്ടിപ്രദേശത്ത് സദാസമയവും വെള്ളം നിലനിർത്താൻ കഴിയുമെന്നും ഇതുവഴി ബോട്ടിങ് മുടക്കം കൂടാതെ സുഗമമായി നടത്താൻ കഴിയുമെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ. അറ്റകുറ്റപ്പണികൾക്കായി വർഷകാലത്ത് മൂന്നുമാസത്തോളം ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിടുന്ന പതിവുണ്ട്. ഈ സമയത്ത് ബോട്ടിങ് കേന്ദ്രമുൾപ്പെടെയുള്ള പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ജലവിതാനം ക്രമാതീതമായി താഴും. ഇതേത്തുടർന്ന് ബോട്ടിങ് നിലയ്ക്കും.

നിലവിൽ പത്ത് പെഡൽ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ടൂറിസ്റ്റുകളുടെ അഭാവത്തെത്തുടർന്ന് ഇവയിൽ പലതും സീസൺ സമയത്തുപോലും കരയിൽ വിശ്രമിക്കുകയാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. മഴ കനക്കുമ്പോഴാണ് സാധാരണയായി ഡാം തുറക്കുന്നത് . ഈയവസരത്തിൽ നാമമാത്രമായി മാത്രമേ ഇവിടേക്ക് ടൂറിസ്റ്റുകൾ എത്താറുള്ളു. ഈ സ്ഥിതിയിൽ വല്ലപ്പോഴുമെത്തുന്ന വിരലിലെണ്ണാവുന്ന ആവശ്യക്കാർക്കുവേണ്ടി കാത്തുനിന്ന് ബോട്ടിറക്കുന്നതിൽ കരാറുകാരും കാര്യമായി ശ്രദ്ധിക്കാറില്ല. ഇതുകണക്കിലെടുക്കുമ്പോൾ ബോട്ടിങ് മുടങ്ങുന്നു എന്ന അധികൃതരുടെ വാദം നിലനിൽക്കുന്നതല്ലന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബോട്ടിങ് സുഗമമാക്കാനെന്ന പേരിൽ പ്രോജക്ട് റിപ്പോർട്ടുണ്ടാക്കി ഭൂവുടമകൾക്ക് സർക്കാർ ചെലവിൽ ഗതാഗത സൗകര്യമൊരുക്കാൻ അധികൃതർ കള്ളക്കളി നടത്തിയെന്നും ഇതിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനെ വെളിച്ചത്തുകൊണ്ടുവരാൻ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർ തയ്യാറാവണമെന്നുമാണ് ഇവിടത്തുകാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP