Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വത്തിക്കാൻ സ്ഥാനപതിയുടെ ഓഫീസും തെളിവ് അയച്ചു നൽകി; എല്ലാ തെളിവുകളും എത്തിയതോടെ ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ പൊലീസ് സംഘം ഇന്ന് രൂപതാ ആസ്ഥാനത്തെത്തും; നേരിടാൻ വിശ്വാസികളോട് അരമനയ്ക്ക് ചുറ്റും എത്താൻ ആഹ്വാനം ചെയ്തു പീഡക മെത്രാൻ; എഴുതി തയ്യാറാക്കിയ 55 ചോദ്യങ്ങൾക്ക് ഉത്തരം വാങ്ങിയ ശേഷം അറസ്റ്റു ചെയ്യണമോ എന്നു തീരുമാനിക്കേണ്ടത് സർക്കാർ; എന്തു സംഭവിക്കുമെന്ന് ജലന്ധറിൽ എത്തിയ പൊലീസിന് പോലും അറിയില്ല

വത്തിക്കാൻ സ്ഥാനപതിയുടെ ഓഫീസും തെളിവ് അയച്ചു നൽകി; എല്ലാ തെളിവുകളും എത്തിയതോടെ ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ പൊലീസ് സംഘം ഇന്ന് രൂപതാ ആസ്ഥാനത്തെത്തും; നേരിടാൻ വിശ്വാസികളോട് അരമനയ്ക്ക് ചുറ്റും എത്താൻ ആഹ്വാനം ചെയ്തു പീഡക മെത്രാൻ; എഴുതി തയ്യാറാക്കിയ 55 ചോദ്യങ്ങൾക്ക് ഉത്തരം വാങ്ങിയ ശേഷം അറസ്റ്റു ചെയ്യണമോ എന്നു തീരുമാനിക്കേണ്ടത് സർക്കാർ; എന്തു സംഭവിക്കുമെന്ന് ജലന്ധറിൽ എത്തിയ പൊലീസിന് പോലും അറിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പീഡനവീരൻ മെത്രാനെ കേരളാ പൊലീസ് വിലങ്ങു വെക്കുമോ? കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതിയിൽ തെളിവുകൾ ശേഖരിച്ച ശേഷം ജലന്ധർ മെത്രാന്റെ മൊഴിയെടുക്കാൻ പൊലീസ് സംഘം ഇന്ന് പഞ്ചാബിലെ ജലന്ധറിൽ എത്തും. രൂപതാ ആസ്ഥാനത്തെത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഈ നീക്കത്തെ ചെറുക്കാൻ വിശ്വാസികളെ രംഗത്തിറക്കിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കന്റെ ശ്രമം. അതേസമയം പൊലീസ് സംഘം തയ്യാറാക്കിയ ചോദ്യാവലിയിൽ ഉത്തരം തേടിയ ശേഷം തിരിച്ചു നാട്ടിലേക്ക് പോകുമെന്നുമുള്ള സൂചനകളുണ്ട്. വൈക്കം ഡിവൈ.എസ്‌പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നടത്തിയ അന്വേഷണത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ തക്കതായ തെളിവുകൾ ലഭിച്ചെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരിക്കുന്നത്. അന്വേഷണപുരോഗതിയും ലഭ്യമായ തെളിവുകളും സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് സൂചന.

ബിഷപ്പിനെതിരേ കന്യാസ്ത്രീ ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് അയച്ച പരാതിയുടെ ഇ മെയിൽ പകർപ്പ് വത്തിക്കാൻ സ്ഥാനപതിയുടെ സെക്രട്ടറി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് കേസിലെ സുപ്രധാന തെളിവാണ്. കന്യാസ്ത്രീ ലൈംഗിക ആരോപണങ്ങൾ അടക്കം ഉന്നയിച്ചു കൊണ്ടായിരുന്നു വത്തിക്കാൻ സ്ഥാനപതിക്ക് കത്തയച്ചിരുന്നത്. പ്രധാന തെളിവുകളിലൊന്നാണിത്. ഇ-മെയിലിന്റെ പകർപ്പും രേഖകളും ഹാർഡ് ഡിസ്‌ക്കുകളും അന്വേഷണസംഘത്തോടൊപ്പമുള്ള സൈബർ വിദഗ്ദൻ പരിശോധിച്ചു. ബിഷപ്പിന്റെ അറസ്റ്റ് ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്്ഥാനത്തിലായിരിക്കും.

സമാനമായ പീഡനകേസുകളിലെടുത്ത നിലപാട് ഈ കേസിലും സ്വീകരിക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിന് നൽകിയ ഉപദേശമെന്നാണ് സൂചന. ഒരാഴ്ചയായി ഡൽഹിയിൽ കഴിയുന്ന അന്വേഷണ സംഘത്തിലെ നാലുപേരാണ് ജലന്ധറിൽ എത്തിയത്. ഇന്ന് ബിഷപ്സ് ഹൗസിലെത്തുന്ന അന്വേഷണസംഘം 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയാണു തയാറാക്കിയിരിക്കുന്നത്. ബിഷപ്പിനൊപ്പമുള്ള ഉന്നത വൈദികരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. പൊലീസിനെ നേരിടാൻ ഫ്രാങ്കോയും എല്ലാ ഒരുക്കങ്ങളും തുടങ്ങിയെന്നാണ് അവിടെനിന്നുള്ള വിവരം. അറസ്റ്റു വന്നാൽ പൊലീസിനെ നേരിടാൻ ആളുകളെ വിളിച്ചുകൂട്ടാൻ സർക്കുലറും ഇറങ്ങിക്കഴിഞ്ഞു. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാൻ പ്രതിനിധിയിൽ നിന്നും നേരിട്ട് മൊഴിയെടുക്കുന്നതിന് നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.

അതേസമയം, പൊലീസ് ജലന്ധറിൽ എത്തിയാൽ നേരിടാൻ എല്ലാ പ്രതിരോധവും ഫ്രാങ്കോയും സംഘവും ഒരുക്കുകയാണ്. ജലന്ധർ രൂപതയിലെ എല്ലാ വൈദികർക്കും ഇതുസംബന്ധിച്ച് സർക്കുലർ പറന്നുകഴിഞ്ഞു. നാളെ രാവിലെ ഒമ്പത് മണിക്ക് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ബിഷപ്പ് ഹൗസിൽ എത്തുമെന്നും അതിനുള്ളിൽ ഇടവകകളിൽ നിന്നും വേദഉപദേശികൾ പള്ളിയുമായി അടുപ്പമുള്ളവരേയും കൂട്ടി ബിഷപ്പ് ഹൗസിനു മുന്നിൽ എത്തണമെന്നുമാണ് സർക്കുലറിലെ ആവശ്യം. അന്വേഷണവുമായി സഹകരിക്കും. എന്നാൽ 'വേണ്ടാത്ത ഒരു റിപ്പോർട്ടുമായി പൊലീസ് പോകാൻ പാടില്ല'. നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റംവന്നാൽ എല്ലാവരേയും ഫോണിൽ അറിയിക്കാമെന്നും വേദ ഉപദേശക വിഭാഗത്തിന്റെ ഡയറക്ടർ ഫാ.ജോൺ ഗേർവാൾ പുറത്തിറക്കി സർക്കുലറിൽ പറയുന്നു.

ഇടവകകളിൽ വേദഉപദേശത്തിനായി രൂപത പരിശീലനം നൽകി ശമ്പളം കൊടുത്ത് നിയോഗിച്ചിരിക്കുന്ന ജീവനക്കാരാണ് വേദഉപദേശികൾ. 'ബാബുജി' എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് ഇടവകയിലെ ഓരോ അംഗങ്ങളുമായി നല്ല ബന്ധമാണുള്ളത്. ഈ ബന്ധം മുതലാക്കി ആളുകളെ ഇറക്കി പൊലീസിനെ നേരിടാനാണ് ഫ്രാങ്കോയുടെ നീക്കം. അതേസമയം, ആവശ്യമെങ്കിൽ ജലന്ധർ പൊലീസിന്റെ സഹായവും കേരളാ പൊലീസ് തേടും. പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും സംഘം രൂപതാ ആസ്ഥാനത്തേക്കു പോകുക.

മൂന്നു ദിവസത്തിനുള്ളിൽ ജലന്തറിലെ അന്വേഷണം പൂർത്തിയാക്കാനാണ് സംഘത്തിനു കിട്ടിയ നിർദ്ദേശം. ഇതുവരെ ലഭിച്ച തെളിവുകൾ സംബന്ധിച്ച സ്ഥിരീകരണം, കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള തെളിവുകളുടെ ശേഖരണം എന്നിവയാണ് സംഘം നടത്തുക. പീഡനക്കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നാണു സൂചന. ജലന്തറിൽനിന്നു ലഭിക്കുന്ന തെളിവുകൾ കോട്ടയത്തു തിരിച്ചെത്തി വീണ്ടും പരിശോധിക്കാനും സാധ്യതയുണ്ട്. അതിനിടെ കേസിൽ ഇടപെടാൻ ശ്രമിച്ചുവെന്നതു സംബന്ധിച്ച് കുറവിലങ്ങാട് മുൻ എസ്‌ഐ ഷിന്റോ പി. കുര്യനെതിരെയുള്ള സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് ഇന്നു ജില്ലാ പൊലീസ് മേധാവിക്കു സമർപ്പിച്ചേക്കും.

കന്യാസ്ത്രിയുടെ ഇടവക വികാരി ഫാ. നിക്കോളോസിന്റെയും, കന്യാസ്ത്രിക്കെതിരെ നേരത്തെ പരാതി നൽകിയ ഡൽഹിയിൽ താമസിക്കുന്ന ബന്ധുവായ യുവതിയുടെയും ഭർത്താവിന്റെയും മൊഴികൾ കേസിൽ നിർണായകമാണ്. സി.എം.ഐ വൈദികൻ കന്യാസ്ത്രീയുടെ സഹപ്രവർത്തകയെ സ്വാധീനിക്കാൻ ശ്രമിച്ചത് അന്വേഷണസംഘം തെളിവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് സൂചന. കന്യാസ്ത്രിയുടെ സഹപ്രവർത്തകരായ നാലുകന്യാസ്ത്രിമാരുടെയും ബംഗളുരുവിലും ബീഹാറിലുമായി താമസിക്കുന്ന മുൻ കന്യാസ്ത്രീമാരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

കണ്ണൂർ ജില്ലയിലെ രണ്ടുകന്യാസ്ത്രീ മഠങ്ങളിൽനിന്നും കുറവിലങ്ങാട്ടെ മഠത്തിൽനിന്നും കണ്ടെടുത്ത സന്ദർശകഡയറി തെളിവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറവിലങ്ങാട്ടെ മഠത്തിലേക്ക് ബിഷപ് ഫ്രാങ്കോ യാത്ര ചെയ്ത കാറിന്റെ ഡ്രൈവറുടെ മൊഴിയും കേസിൽ നിർണായകമാണ്. കത്തോലിക്കാസഭയുടെ വിവിധ തലങ്ങളിലേക്കയച്ച കത്തുകളും ജലന്ധർ രൂപതയിലെ സന്യാസിനി സമൂഹത്തിന്റെ മദർ ജനറലിന് നൽകിയ പരാതിയും മദർ ജനറൽ കന്യാസ്ത്രീക്ക് നൽകിയ മറുപടി സന്ദേശവും തെളിവുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP