Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിആർഡിയിൽ ഓഹരിയെടുത്ത വ്യക്തിയുടെ ജീവൻ പോലും അവതാളത്തിൽ; 23 ലക്ഷത്തിന്റെ ഓഹരികളുമായി കിഡ്‌നി മാറ്റിവക്കൽ ശാസ്ത്രക്രിയക്കു പണമില്ലാതെ ആശുപത്രി കിടക്കയിൽ കഴിയുന്നത് ദ്വീർഘകാലം പ്രവാസിയായിരുന്ന ഡേവീസ്; പണം കൊടുക്കാമെന്നു പറഞ്ഞ എംഡിയുടെ ഭാര്യയും വാക്കുമാറി; വൈദികർ അടക്കം കാർമ്മികത്തം വഹിച്ച ബിആർഡിയുടെ തട്ടിപ്പിന്റെ മറ്റൊരു കഥ കൂടി പുറത്ത്

ബിആർഡിയിൽ ഓഹരിയെടുത്ത വ്യക്തിയുടെ ജീവൻ പോലും അവതാളത്തിൽ; 23 ലക്ഷത്തിന്റെ ഓഹരികളുമായി കിഡ്‌നി മാറ്റിവക്കൽ ശാസ്ത്രക്രിയക്കു പണമില്ലാതെ ആശുപത്രി കിടക്കയിൽ കഴിയുന്നത് ദ്വീർഘകാലം പ്രവാസിയായിരുന്ന ഡേവീസ്; പണം കൊടുക്കാമെന്നു പറഞ്ഞ എംഡിയുടെ ഭാര്യയും വാക്കുമാറി; വൈദികർ അടക്കം കാർമ്മികത്തം വഹിച്ച ബിആർഡിയുടെ തട്ടിപ്പിന്റെ മറ്റൊരു കഥ കൂടി പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പാവപ്പെട്ട വീട്ടമ്മമാരുടെയും മണലാരണ്യങ്ങളിലെ പ്രവാസികളുടെയും നിരാലംബരായ വൈദികരുടെയും കോടികൾ അടിച്ചുമാറ്റിയ തൃശൂർ കുന്നംകുളത്തെ ബി.ആർ.ഡി. കമ്പനി വഴിയാധാരമാക്കിയവരുടെയും മരണം കാത്തുകഴിയുന്നവരുടെയും കൂടുതൽ കഥകൾ പുറത്തുവരുന്നു. ഏകദേശം 23 ലക്ഷത്തിന്റെ മൂല്യമുള്ള 18484 ഓഹരികളുമായി കിഡ്‌നി മാറ്റിവക്കൽ ശാസ്ത്രക്രിയക്കു പണമില്ലാതെ ആശുപത്രി കിടക്കയിൽ ബി.ആർ.ഡി. കമ്പനിയുടെ ഔദാര്യത്തിന്നായി മരണം കാത്തുകിടക്കുകയാണ് ഡേവീസ്. ഇപ്പോൾ തന്നെ ഡയാലിസിസ് അടക്കം ഡേവീസിന്റെ പ്രതിമാസ ചികിത്സാ ചെലവ് 45000 രൂപയോളം വരും. കമ്പനിയിൽ തന്നെ നിക്ഷേപമായി കിടന്നിരുന്ന പത്തു ലക്ഷം രൂപ കാലാവധിക്കുമുമ്പ് ഭീമമായ നഷ്ടത്തിൽ പിൻവലിച്ചാണ് കിഡ്‌നി ഡോണർക്ക് മുൻകൂറായി കൊടുത്ത് കിഡ്‌നി ഉറപ്പുവരുത്തിയത്. ഇനി 23 ലക്ഷം കൂടി വേണം ആശുപത്രിയിൽ കെട്ടിവക്കാൻ. എന്നിട്ടുവേണം ശസ്ത്രക്രിയ നടത്താൻ.

നേരത്തെ അബുദാബിയില എണ്ണ ക്കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഡേവീസിന്റെ തലയിൽ ബി.ആർ.ഡി. ഓഹരികൾ അമിത ലാഭ വാഗ്ദാനവുമായി കെട്ടിവച്ചത് കമ്പനിയുടെ ഡയറക്ടർമാരായ ഡേവിഡ് രാജും സുനിതാ മോഹനുമാണ്. ഡേവിഡ് രാജ് 11523 ഓഹരിയും സുനിതാമോഹൻ 6961 ഓഹരിയുമാണ് ഡേവീസിന് ഓഹരിയൊന്നുക്ക് 120 രൂപയ്ക്കു തിരിച്ചെടുക്കാമെന്ന ഗ്യാരണ്ടിയിൽ കൊടുത്തത്. എന്നാൽ ഈ രണ്ടു ഡയറക്ടർമാരും കമ്പനിയും ഡേവീസിനെ കയ്യൊഴിഞ്ഞു. മകളുടെ കല്യാണത്തിനുവേണ്ടിയാണ് ഡേവീസ് തന്റെ പ്രവാസ കാലത്തെ ഈ നിക്ഷേപം നടത്തിയത്. എന്നാൽ അതിനുമുമ്പുതന്നെ ഡേവീസിന്റെ കിഡ്‌നി തകരാറിലായി. എത്രയുംവേഗം കിഡ്‌നി മാറ്റിവക്കണമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി തന്നെ കിഡ്‌നി ദായകനെ കണ്ടെത്തിയിട്ടുണ്ട്. അതിന്നായി പത്തു ലക്ഷം രൂപയും മുൻകൂറായി കൊടുത്തു. ഈ പത്തുലക്ഷവും ബി.ആർ.ഡി.യിൽ നിക്ഷേപിച്ച തുകയായിരുന്നു. കാലാവധി തീരുന്നതിനുമുമ്പ് പിൻവലിച്ചതുകൊണ്ട് ഡേവീസിന് പിന്നെയും നഷ്ടമുണ്ടായി.

ഇതിന്നിടെ ഡേവീസിന്റെ മകൾക്ക് കല്യാണാലോചനയും വന്നിരുന്നു. ആവശ്യങ്ങൾ കണക്കിലെടുത്ത് കമ്പനി ഡേവീസിന്പണം കൊടുക്കാമെന്നു കമ്പനി എം.ഡി. വില്യം വർഗ്ഗീസിന്റെ ഭാര്യ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി വാക്കുമാറ്റി. ആരിൽനിന്നാണോ ഓഹരികൾ വാങ്ങിയത് അവർക്കുതന്നെ ഓഹരികൾ തിരികെക്കൊടുത്ത് പണം കൈപറ്റാനാണ് കമ്പനി ഇപ്പോൾ പറയുന്നത്. കൃത്യസമയത്ത് പണം ലഭ്യമാകാത്തതുകൊണ്ട് ഡേവീസിന്റെ മകളുടെ കല്യാണം നടന്നില്ല. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഡേവീസിന്റെ ശസ്ത്രക്രിയക്കുവേണ്ടിയുള്ള പണവും കിട്ടാനുള്ള സാധ്യത കാണുന്നില്ല. കമ്പനി പണം കൊടുക്കാമെന്നു പറഞ്ഞ തീയ്യതികൾ മാസങ്ങളായി അനിശ്ചിതമായി നീണ്ടുപോകുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ഡേവീസ് കുന്നംകുളം സ്റ്റേഷനിൽ അഭിഭാഷകൻ മുഖാന്തിരം പരാതി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഒത്താശയോടെ കമ്പനിക്ക് പുറത്തുള്ളവരുടെ ബാഹ്യ സമ്മർദ്ദത്തിൽ, പൊലീസിന്റെയും അഭിഭാഷകന്റെയും ആത്മാർഥമായ ശ്രമങ്ങളൊക്കെ പരാജയപ്പെടുന്നതായാണ് മറുനാടന് അറിയാൻ കഴിയുന്നത്. അതേസമയം കമ്പനിയുടെ മേൽ ഉന്നത സമ്മർദ്ദം നടത്തിയ പല ഓഹരിയുടമകൾക്കും കമ്പനി കോടികൾ തിരിച്ചുകൊടുത്തതായും അറിയുന്നു. എന്നാൽ അതിനൊന്നും കഴിയാത്ത മൃതപ്രായനായ ഡേവീസിനെ ഇപ്പോൾ എല്ലാവരും ഉപേക്ഷിച്ച മട്ടാണ്. കമ്പനി പ്രതിസന്ധിയിലായപ്പോൾ കമ്പനിയെ സഹായിക്കാനായി ഓഹരിയുടമകൾ രൂപം കൊടുത്ത ഒരു അഡ്‌ഹോക് കമ്മറ്റിക്കും ഡേവീസിനെ രക്ഷിക്കാനായില്ല. ഈ കമ്മറ്റിയെ തന്നെ പിന്നീട് കമ്പനിയുടെ നിഴലിൽ ഓഹരിയുടമകളിൽ ചിലരുടെ നേതൃത്തത്തിൽ ഹൈജാക്ക് ചെയ്തതായാണ് അറിയാൻ കഴിയുന്നത്.

അവർ പിന്നീട് കമ്പനിയെയും എം.ഡി.യെയും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും അവർ അവരുടെ ഓഹരികൾ പണമാക്കിയെടുക്കുകയും ചെയ്തുവെന്ന ആരോപണവും നിലനിൽക്കുന്നു. ഇതിന്നിടയിൽ, കിഡ്‌നി മാറ്റിവക്കൽ ശസ്ത്രക്രിയക്കുവേണ്ടി ആശുപത്രി ഡോക്ടർമാർ ഡേവീസിനു കൊടുത്ത അവസാനത്തെ ദിവസങ്ങളും കടന്നുപോയി. ഇനിയും ശസ്ത്രക്രിയ നടന്നില്ലെങ്കിൽ ഡേവീസ് ബി.ആർ.ഡി. എന്ന കമ്പനിയുടെ ആദ്യ രക്തസാക്ഷിയാവും. ബ്ലേഡ് മാഫിയക്ക് കുട പിടിക്കുന്ന ഭരണകൂടത്തിന്റെ അൾത്താരയിൽ ഡേവീസിന്റെ രക്തബലി

തനിയാവർത്തനമാവും. കമ്പനിയറിയാതെ കമ്പനിയുടെ ഏറ്റവുമധികം ഓഹരികൾ ദേശത്തും വിദേശത്തുമായി വിറ്റഴിച്ചത് കമ്പനിയുടെ ഡയറക്ടർ കൂടിയായ ഡേവിഡ് രാജാണ്. ഡേവീസിനും ഓഹരികൾ കൊടുത്തത് ഡേവിഡ് രാജ് തന്നെ. ഈ ഓഹരികൾ ഔദ്യോഗികമായി കൈമാറ്റം ചെയ്യുന്ന പ്രക്രിയ മാത്രമാണ് കമ്പനി ചെയ്തതെന്ന് കമ്പനി ഇപ്പോൾ അവകാശപ്പെടുന്നു. ഡേവിഡ് രാജ് എന്ന വേട്ടക്കാരനോട് ഡേവീസ് എന്ന പാവം ഇര കാര്യങ്ങൾ തുറന്നുപറയുന്നതിന്റെ വീഡിയോ ആണ് മറുനാടൻ പുറത്തുവിടുന്നത്. യാതൊരു ഉളുപ്പുമില്ലാതെ യുദാസിനെപ്പോലെ വിശ്വാസ വഞ്ചന നടത്തുകയും പിന്നീട് കുറ്റബോധത്തിന്റെ കാണാമറയത്ത് പീലാത്തോസിനെ പോലെ കൈ കഴുകുന്ന സാക്ഷാൽ ഡേവിഡ് രാജിനെ ഈ വീഡിയോയിൽ നിങ്ങൾക്ക് മനസ്സിലാക്കാം. എന്നാൽ കമ്പനിയറിയാതെ കമ്പനിയുടെ ഏറ്റവുമധികം ഓഹരികൾ തോന്നിയ വിലയ്ക്ക് താൻ ദേശത്തും വിദേശത്തുമായി വിറ്റഴിച്ചെന്ന ആരോപണത്തെ പൊളിച്ചടക്കുകയാണ് ഡേവിഡ് രാജ്.

കമ്പനിക്കുള്ളിൽ കമ്പനിയറിയാതെ 120 മുതൽ 150 രൂപവരെ കള്ള വിലയിട്ട് വിറ്റഴിച്ച ഓഹരികളെ കുറിച്ച് കമ്പനിക്ക് അറിയില്ലെന്നത്, പച്ചക്കള്ളമാണെന്ന് ഡേവിഡ് രാജ് പറയുന്നു. ഇതേ വിലയ്ക്ക് കമ്പനിക്കുവേണ്ടി 120 കോടിയോളം രൂപക്ക് ഓഹരി വിറ്റഴിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഡയറക്ടർ ഡേവിഡ് രാജ് തുറന്നടിക്കുന്നു. ആയതിന്റെ 120 കോടി രൂപയും കമ്പനിയിൽ കൃത്യമായി അടച്ചിട്ടുണ്ടെന്നും ഡേവിഡ് രാജ് രേഖാമൂലം സാക്ഷ്യപ്പെടുത്താൻ തയ്യാറാണത്രേ. കമ്പനിയുടെ എം.ഡി. തന്നെ നേരിട്ട് ഇത്തരത്തിൽ 2200 ഓഹരികൾ വിറ്റിട്ടുണ്ടെന്നും കമ്പനിയുടെ ഡയറക്ടർ കൂടിയായ ഡേവിഡ് രാജ് പറയുന്നു. അതേസമയം 1993 ൽ 10 രൂപ മാത്രം വിലയുള്ള കമ്പനിയുടെ 6000 ഓഹരി പിന്നീട് 120 മുതൽ 170 രൂപവരെ എത്തിയെന്നും ആ വിലക്ക് ഓഹരി കച്ചവടം ചെയ്തിട്ടുണ്ടെന്നും കമ്പനിയുടെ എം.ഡി. വില്യം വർഗ്ഗീസും വിരോധാഭാസം പോലെ മറുനാടനോട് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

മാത്രമല്ല, കമ്പനിയുടെ ഓഹരി നിക്ഷേപകർക്ക് 18 ശതമാനം പലിശയും ഉറപ്പുകൊടുത്തതായി കമ്പനിയുടെ എം.ഡി. വില്യം വർഗ്ഗീസ് സമ്മതിക്കുന്നുണ്ട്. ഈ വിശ്വാസത്തിന്മേലാണ് ജനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടിയത്. ജനങ്ങൾ ഓഹരികൾ വാങ്ങിയതിന്റെ രേഖകളും കമ്പനി അവർക്ക് കൊടുത്ത രശീതികളും മറുനാടൻ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്.അതേസമയം കമ്പനി ഉറപ്പുനൽകിയ 120 രൂപ പ്രകാരം കമ്പനി ഓഹരികൾ വാങ്ങിക്കൂട്ടിയ ഓഹരിയുടമകൾക്ക് അവർ മുടക്കിയ പണം തിരിച്ചുകൊടുക്കാൻ കമ്പനി തയ്യാറാവുന്നുമില്ല. എം.ഡി.യടക്കം മറ്റു ഡയറക്ടർമാരും കൂടി വിറ്റഴിച്ച അത്തരം ഓഹരികളുടെ പിതൃത്വവും ഉത്തരവാദിത്തവും കമ്പനി ഇപ്പോൾ ഏറ്റെടുക്കുന്നില്ല. അതൊക്കെ ഓഹരി വിറ്റഴിക്കപ്പെട്ട ചിലരുടെ മാത്രം തലയിൽ വച്ചുകെട്ടുകയാണ് ഇപ്പോൾ കമ്പനി. കമ്പനിയുടെ അംഗുലീപരിമിതമായ ഓഹരികൾ വലിയ പ്രതീക്ഷയർപ്പിച്ചുകൊണ്ട് വാങ്ങുകയും ഇപ്പോൾ പണത്തിന്റെ അത്യാവശ്യവുമായി കഷ്ടത അനുഭവിക്കുന്ന ഓഹരിയുടമകളെ രക്ഷിക്കാൻ കമ്പനിയുടെ മുന്നിൽ ഇപ്പോൾ ഒരു പരിഹാരമാർഗ്ഗവുമില്ലെന്ന് എം.ഡി. പറയുന്നു.

പെണ്മക്കളെ കെട്ടിച്ചയക്കാനുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. ക്യാൻസർ രോഗികളുണ്ട്. ഡയാലിസിസ് നടത്താൻ പണമില്ലാത്തവരുണ്ട്. കിഡ്‌നി മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുണ്ട്. രോഗശയ്യയിൽ കിടക്കുന്ന പുരോഹിതന്മാരുണ്ട്. അവരോടൊക്കെ കമ്പനി എം.ഡി. പറയുന്നു, കാത്തിരിക്കുക, ഓഹരിവില ഇനിയും കയറും. ആർക്കും കമ്പനിയെ തോൽപ്പിക്കാനാവില്ല. കമ്പനി ഇപ്പോഴും 25 കോടി ലാഭത്തിലാണ്. പക്ഷെ അവരൊന്നും നാളെ ജീവനോടെ ഉണ്ടാവില്ല, ഓഹരിവില കയറുന്നത് കാണാൻ, കമ്പനി ജയിക്കുന്നത് കാണാൻ. അവർക്ക് കാണേണ്ടത് അവരുടെ പെണ്മക്കളുടെ വിവാഹമാണ്, രോഗം ഭേദമാവുന്ന അവരുടെ ഉറ്റവരുടെയും ഉടയവരുടെയും ജീവനുള്ള ശരീരമാണ്. എം.ഡി. കാണാതെ പോകുന്നതും അതാണ്. അപ്പോഴും കമ്പനി എം.ഡി. മറുനാടനോട് പറയുന്നു. ഓഹരിയുടമകൾ എല്ലാം സഹിച്ചേ മതിയാവൂ. ഈ പ്രതിസന്ധി സമയത്ത് ഞങ്ങൾക്കാർക്കും ഈ കമ്പനിയിൽ തുടരാനുള്ള മാനസികാവസ്ഥയില്ലെന്ന് എം.ഡി. പറയുന്നു. എം.ഡിയുടെ 1600 ഓഹരികളും ഉപേക്ഷിക്കാനും തയ്യാറാണെന്നും എം.ഡി. പറയുന്നു. പക്ഷെ ഒരു എം.ഡി. ചെയ്യേണ്ടതൊന്നും എം.ഡി. ഇതുവരെയും ചെയ്തില്ലെന്ന് ഞങ്ങൾ ജനപക്ഷത്തുനിന്ന് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP