Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറ്റം ചെയ്തിട്ടില്ല; എല്ലാം ചെയ്തത് ചക്കര ജോണിയും രഞ്ജിത്തും; ലക്ഷ്യമിട്ടത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വേണ്ടി രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്താൻ; ആദ്യ മൂന്ന് പ്രതികൾക്ക് സംഭവിച്ച കയ്യബദ്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സി.പി.ഉദയഭാനു; അഭിഭാഷകനെ കോടതിയിൽ ഹാജരാക്കി കൂടുതൽ ഗ്രിൽ ചെയ്യാൻ പൊലീസ്

കുറ്റം ചെയ്തിട്ടില്ല; എല്ലാം ചെയ്തത് ചക്കര ജോണിയും രഞ്ജിത്തും; ലക്ഷ്യമിട്ടത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വേണ്ടി രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്താൻ; ആദ്യ മൂന്ന് പ്രതികൾക്ക് സംഭവിച്ച കയ്യബദ്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സി.പി.ഉദയഭാനു; അഭിഭാഷകനെ കോടതിയിൽ ഹാജരാക്കി കൂടുതൽ ഗ്രിൽ ചെയ്യാൻ പൊലീസ്

കൊച്ചി:ആദ്യ മൂന്ന് പ്രതികൾക്കുണ്ടായ കയ്യബദ്ധമാണ് ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ അഭിഭാഷകൻ സി.പി.ഉദയഭാനു. ഇന്നലെ അറസ്റ്റിലായ ഉദയഭാനു പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജീവിനെ തട്ടിക്കൊണ്ടു വന്ന് ബന്ദിയാക്കി ചില രേഖകളിൽ ഒപ്പിടുവിക്കുകയായിരുന്നു ലക്ഷ്യം.കൊലപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല. ബന്ദിയാക്കാൻ ഏൽപിച്ച ചക്കര ജോണിയും രഞ്ജിതുമാണ് എല്ലാം ചെയ്തത്. തനിക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ വേണ്ടി രാജീവിന്റെ സ്വത്ത് സ്വന്തമാക്കാണ് ശ്രമിച്ചത്.പ്രതിയായ ജോണി തന്റെ കക്ഷിയാണെന്നും, നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. അഭിഭാഷകനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.ഉദയഭാനുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കൂടുതൽ ചോദ്യം ചെയ്യുക. ഉച്ചകഴിഞ്ഞ് രണ്ട മണിയോടെ വൈദ്യ പരിശോധന നടത്തിയ ശേഷം നാലുമണിയോടെ കോടതിയിൽ ഹാജരാക്കും.

ഇന്നലെ ഉദയഭാനുവിന്റെ സഹോദരൻ സി.പി. പ്രതാപന്റെ, തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയത്തിനടുത്തുള്ള 'സ്വാതികൃഷ്ണ' എന്ന വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ബുധനാഴ്ച രാത്രി എട്ടരയോടെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്‌പി. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിനെ അറസ്റ്റു ചെയ്തത്. പത്തേകാലോടെയാണ് അറസ്റ്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉദയഭാനുവിനെയുംകൊണ്ട് വീടിനു പുറത്തേക്കു വന്നത്. തുടർന്ന് ചാലക്കുടിയിലേക്ക് കൊണ്ടുപോയി.

ഹിൽപാലസിനടുത്തുള്ള വീട്ടിൽ അദ്ദേഹം ഉണ്ടെന്നും കീഴടങ്ങാൻ സന്നദ്ധനാണെന്നും അറിയിച്ചത് തങ്ങളാണെന്ന് ഉദയഭാനുവിന്റെ ബന്ധു പറഞ്ഞു. ജാമ്യത്തിനായി വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമായിരുന്നു. അതിനു ശ്രമിക്കാതിരുന്നത് കീഴടങ്ങാൻ വേണ്ടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പൊലീസ് ഈ വാദം തള്ളി.

കേസിലെ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. കീഴടങ്ങാൻ സമയം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വിധിവന്നയുടനെ പൊലീസ് അറസ്റ്റിന് ശ്രമിച്ചെങ്കിലും ഉദയഭാനുവിനെ കണ്ടെത്താനായിരുന്നില്ല. കൊലപാതകം നടന്ന ദിവസം കേസിലെ അഞ്ചാംപ്രതി ജോണിയും ഉദയഭാനുവും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതി ചക്കര ജോണി ഉൾപ്പെടെയുള്ളവരുമായി ഉദയഭാനു ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് പി. ഉബൈദ് പിന്മാറിയിരുന്നു. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. കൊലപാതകത്തിൽ അഭിഭാഷകന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഉദയഭാനുവും മറ്റു പ്രതികളുമായുള്ള ഫോൺകോൾ വിശദാംശങ്ങളുടെ വിവരണവും ഹാജരാക്കിയിരുന്നു. ഇതേത്തുടർന്ന് മുൻകൂർ നോട്ടിസ് നൽകി ഉദയഭാനുവിനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി പൊലീസിന് അനുവാദം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുത്ത ശേഷം ചോദ്യം ചെയ്താൽ മതിയെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു.

ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയ ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിന്റെ അമ്മ രാജമ്മയുടെ പരാതി ഏറെ ചർച്ചയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസിലെ അന്വേഷണം നിലയ്ക്കുന്നതിനു കാരണമായി. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ അഡ്വ. ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കുന്നില്ല. ഉദയഭാനുവിനെതിരായ അന്വേഷണം വൈകുന്നുവെന്നും രാജീവിന്റെ അമ്മയുടെ പരാതിയിൽ പറയുന്നു. പുതിയ ബെഞ്ച് കേസ് ഏറ്റെടുക്കുന്നതുവരെ അറസ്റ്റു പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ഉബൈദ് കേസു പരിഗണിക്കുന്നതിൽനിന്നു പിന്മാറിയത്. ഹർജി തീർപ്പാക്കാൻ വൈകരുതെന്ന് പ്രോസിക്യൂഷനും രാജീവിന്റെ മകൻ അഖിലിന്റെ അഭിഭാഷകനും വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് ഉബൈദ് ഒഴിഞ്ഞത്.

കൊലപാതകത്തിൽ കലാശിച്ചത് റിയൽ എസ്‌റ്റേറ്റ് ഇടപാട്

പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29ന് രാവിലെയാണു റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് വസ്തു ഇടപാടു രേഖകളിൽ ബലമായി ഒപ്പുവയ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു പൊലീസ് കേസ്.

റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയിൽ കലാശിച്ചത്. ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതിയാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജീവ് കൊലചെയ്യപ്പെട്ട സംഭവത്തിലും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉൾപ്പെടെ അഭിഭാഷകനെ ഉടൻ വിളിപ്പിച്ച് ചോദ്യംചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയിൽ കലാശിച്ചത്. കൊലയിൽ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് വസ്തു ഇടപാടു രേഖകളിൽ ബലമായി ഒപ്പുവയ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു എന്നാണു സംശയം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികിൽനിന്നു കണ്ടെത്തിയിരുന്നു. രാജീവിന് പരിക്കേറ്റ് കിടക്കുന്നുവെന്ന് പൊലീസിന് വിളിച്ച് അറിയിച്ചത് ഉദയഭാനുവാണ്. സ്ഥലം പറഞ്ഞു കൊടുത്തത് ചക്കര ജോണിയും. കൃത്യം സംഭവിച്ച ശേഷം പ്രതികൾ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കുകയാണ് ഉദയഭാനു ചെയ്തത്. അതുകൊണ്ട് തന്നെ വസ്തു തർക്കത്തിൽ തെളിവ് കിട്ടിയാലും രാജീവിന്റെ മരണത്തിൽ ഉദയഭാനുവിനെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

എന്നാൽ ചോദ്യംചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും സാഹചര്യ തെളിവുകളും മുൻനിർത്തിയാകും അഭിഭാഷകനെതിരെയുള്ള പ്രൊസിക്യൂഷൻ നീക്കം.കൊല്ലപ്പെട്ട രാജീവ് അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ചാലക്കുടി ഡിവൈ.എസ്‌പി: ഷാഹുൽ ഹമീദിനെ ഫോണിൽ ആദ്യം അറിയിച്ചത് അഡ്വ. സി.പി. ഉദയഭാനുവായിരുന്നു. കാണാതായ രാജീവ് അബോധാവസ്ഥയിൽ ആണെന്നും എത്രയും പെട്ടെന്ന് സ്ഥലത്തെത്തിയാൽ രക്ഷപ്പെടുത്താൻ കഴിയുമെന്നുമാണ് അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിവൈ.എസ്‌പി. ചോദിച്ചെങ്കിലും അക്കാര്യത്തിൽ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല.

തുടർന്ന്, കേസിലെ മുഖ്യസൂത്രധാരനായ ചക്കര ജോണിയെ ഉദയഭാനു ഫോണിൽ വിളിച്ച് ഡിവൈ.എസ്‌പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാൻ നിർദ്ദേശിച്ചെന്നാണു പൊലീസ് പറയുന്നത്. ഇതനുസരിച്ച് ചക്കര ജോണി അൽപസമയത്തിനകം തന്നെ ഡിവൈ.എസ്‌പിയെ വിളിച്ച് രാജീവ് കിടക്കുന്ന സ്ഥലം അറിയിക്കുകയായിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിവൈ.എസ്‌പിയും സംഘവും രാജീവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയതും കൊലപാതകം സ്ഥിരീകരിച്ചതും.

ചക്കരജോണിയുൾപ്പെടെ പിടിയിലായെങ്കിലും അഭിഭാഷകനെതിരെ മൊഴി നൽകാൻ ഇവർ ആദ്യം തയ്യാറായില്ല. എന്നാൽ തുടർന്നുള്ള ചോദ്യംചെയ്യലിൽ അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച തെളിവുകൾ മുൻനിർത്തി ചില വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ കേസിൽ ഏഴാംപ്രതിയാക്കി പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയത്. രാജീവിന്റെ ബന്ധുക്കൾ ഉദയഭാനുവിനെതിരെ പരസ്യമായ നിലപാട് എടുത്തു കഴിഞ്ഞതോടെയാണ് അഭിഭാഷകന് എതിരെ പൊലീസിന് ശക്തമായി നീക്കം തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP