Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുറവിളി ശക്തമായപ്പോൾ കാപ്പ ചുമത്തി; ഇപ്പോൾ വാദം കാപ്പക്ക് നിയമസാധുതയില്ലെന്ന്; നിസാമിനെ കാത്ത് കണ്ണൂരും വിയ്യൂരും

മുറവിളി ശക്തമായപ്പോൾ കാപ്പ ചുമത്തി; ഇപ്പോൾ വാദം കാപ്പക്ക് നിയമസാധുതയില്ലെന്ന്; നിസാമിനെ കാത്ത് കണ്ണൂരും വിയ്യൂരും

തൃശൂർ: ചന്ദ്രബോസ് കൊലക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ നിസാമിനെതിരെ കാപ്പ ചുമത്തിയ നടപടിക്ക് നിയമ സാധുതയില്ലെന്ന വാദം സജീവമാകുന്നു. ഒരാളുടെ സാന്നിധ്യം ജനങ്ങളുടെ സ്വൈവിഹാരത്തിന് തടസമാകുന്നുവെന്ന് കാണുമ്പോഴാണ് കാപ്പ ചുമത്തി ജയിലിലാക്കുകയോ, നാട് കടത്തുകയോ ചെയ്യുന്നത്. ജയിലിൽ കഴിയുന്ന ഒരാൾ എങ്ങനെ ജനങ്ങളുടെ സ്വൈരവിഹാരത്തിന് തടസമാകുമെന്ന കാപ്പ അഡ്വൈസറി ബോർഡിന്റെ ചോദ്യം ഈ കേസിലും പ്രസക്തമാണ്. സംസ്ഥാനത്ത് നിരവധി കേസുകളിൽ കാപ്പ ചുമത്താനുള്ള സർക്കാർ ഉത്തരവ് ബോർഡ് തള്ളിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാപ്പ കൊണ്ട് നിസാമിനെ തളയ്ക്കാൻ കഴിയില്ലെന്നാണ് വാദം.

നിസാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള വാറണ്ടാണ് ജില്ലാ കളക്ടർ പുറത്തിറക്കിയത്. ജയിലിൽ കഴിയുന്ന നിസാമിനെ കാപ്പ കേസിൽ നിയമപരമായി അറസ്റ്റ് ചെയ്യുകയാണ് അടുത്ത നടപടി. നിസാമിന് കാപ്പയെ ചോദ്യം ചെയ്ത് സർക്കാരിനെയും മുൻ ഹൈക്കോടതി ജസ്റ്റിസ് ബി. രാംകുമാർ അധ്യക്ഷനായുള്ള കാപ്പ അഡ്വൈസറി ബോർഡിനെയും സമീപിക്കാം. രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിയമം.

കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയെന്ന് വിശേഷിപ്പിക്കുന്ന ശോഭാ ജോൺ കേസിലും കാപ്പ ചുമത്തിയത് ഫലം കണ്ടില്ല. കാപ്പ ചുമത്താനുള്ള വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുമ്പ് അന്തിമ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഉപദേശക സമിതിയാണ്. സൂക്ഷ്മമായി പരിശോധിക്കാതെ വാറണ്ട് പുറപ്പെടുവിച്ചാൽ വിപരീതഫലമാണ് ഉണ്ടാവുക. ചന്ദ്രബോസ് മരിക്കുന്നതിന് മുമ്പ് കാപ്പ ചുമത്തിയിരുന്നെങ്കിൽ കാര്യമുണ്ടായിരുന്നുവെന്നുവെന്നാണ് വിലയിരുത്തൽ.

അതിനിടെ കാപ്പ ചുമത്തിയാൽ പ്രതിയെ ആ മേഖലയിലിടാൻ നിയമം അനുവദിക്കുന്നില്ല. വിയ്യൂരിലെ തടവുകാരനെ കാപ്പ ചുമത്തിയാൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയാണ് കീഴ്‌വഴക്കം. ഇതനുസരിച്ചാണെങ്കിൽ നിസാം കണ്ണൂരിലേക്ക് മാറ്റപ്പെടും. നിസാമിന്റെ കേസ് വിചാരണ കൂടി പരിഗണിച്ചാവും ജയിൽ മാറ്റം. കണ്ണൂരിലേക്ക് മാറ്റുന്നത് നിസാമിന് കാര്യങ്ങൾ കുറെക്കൂടി സൗകര്യപ്രദമാക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. വിയ്യൂരിനെ കർക്കശ നിലപാടുള്ള ജയിലായിട്ടാണ് കരുതുന്നത്. സൂപ്രണ്ടിന് പുറമേ ജയിൽ ഡി.ഐ.ജി കൂടിയുണ്ട്.

കേസുകൾ തൃശൂരിലായതിനാൽ വിചാരണയ്ക്ക് ഓരോ തവണയും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും കൊണ്ടു വരുന്നത് വിവാദങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്കയുള്ളതിനാൽ വിയ്യൂരിൽ തന്നെ പാർപ്പിക്കാനും സാദ്ധ്യതയുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിലാണ് ഇപ്പോൾ നിസാം. തീവ്രവാദക്കേസിൽ ഉൾപ്പെട്ട തടിയന്റവിട നസീറിനെയും കൂട്ടരെയും താമസിപ്പിച്ചിരുന്ന അതീവ സുരക്ഷാ സെല്ലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP