Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു മന്ത്രിമാരുടെ പേരു പറയാൻ ബിജു രമേശിനെ ഉപദേശിച്ചത് സുകേശൻ; സർക്കാരിനെ അട്ടിമറിക്കാൻ വിജിലൻസ് എസ് പി ചരടു വലിച്ചു; ബിജു രമേശിന്റെ സംഭാഷണങ്ങളുടെ വെളിച്ചത്തിൽ ബാർ കോഴക്കേസ് അന്വേഷിച്ച എസ് പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ആരോപണം ആഭ്യന്തരമന്ത്രിക്കെതിരെ തിരിഞ്ഞപ്പോൾ ബാർ കോഴക്കേസിന്റെ രീതി മാറുന്നു

നാലു മന്ത്രിമാരുടെ പേരു പറയാൻ ബിജു രമേശിനെ ഉപദേശിച്ചത് സുകേശൻ; സർക്കാരിനെ അട്ടിമറിക്കാൻ വിജിലൻസ് എസ് പി ചരടു വലിച്ചു; ബിജു രമേശിന്റെ സംഭാഷണങ്ങളുടെ വെളിച്ചത്തിൽ ബാർ കോഴക്കേസ് അന്വേഷിച്ച എസ് പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ആരോപണം ആഭ്യന്തരമന്ത്രിക്കെതിരെ തിരിഞ്ഞപ്പോൾ ബാർ കോഴക്കേസിന്റെ രീതി മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴയിൽ ധനമന്ത്രി സ്ഥാനം ഒഴിഞ്ഞ കെഎം മാണിയും എക്‌സൈസ് മന്ത്രി കെ ബാബുവുമായിരുന്നു പ്രതിക്കൂട്ടിൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരേയും പരാമർശങ്ങളുയർന്നു. ഇതിനിടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനും കോഴ നൽകിയെന്ന് ബിജു രമേശ് ആരോപിച്ചത്. ഇതിലും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു. ചിലർ വിജിലൻസ് കോടതിയെ സമീപിക്കാനും ഒരുങ്ങി. നിയമസഭാ സമ്മേളനവും തുടങ്ങുന്നു. ഇതോടെ പൊലീസിന്റെ രീതി മാറി. ആഭ്യന്തരമന്ത്രി ആരോപണ നിഴലിലായപ്പോൾ എല്ലാം മലക്കം മറിയുന്നു. പുതിയ കണ്ടെത്തലുകൾ വിജിലൻസ് തന്നെ നടത്തുന്നു.  

കെ.എം. മാണിയെയും മൂന്ന് മന്ത്രിമാരെയും കുടുക്കാൻ ബാർഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേർന്ന് എസ്‌പി ആർ. സുകേശൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായി വിജിലൻസ് ഡയറക്ടർ ആർ. ശങ്കർറെഡ്ഡി സർക്കാരിന് റിപ്പോർട്ട് നൽകി. ഗൂഢാലോചന ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ശുപാർശ അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ അംഗീകരിച്ച് സർക്കാരിന് കൈമാറി. ഇതേക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എസ്. അനന്തകൃഷ്ണന് ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകി. അങ്ങനെ കേസിൽ വാദി മാത്രമല്ല, അന്വേഷകനും പ്രതിയാവുകയാണ്. കേരളത്തിന്റെ അന്വേഷണ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ് ഇത്. സുകേശനെതിരെ ക്രൈംബ്രാഞ്ച് എഫ് ഐ ആർ ഇടും. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതോടെ ബാർ കോഴയിൽ രാഷ്ട്രീയ നേതൃത്വത്തിനെതിരായ അന്വേഷണം അപ്രസക്തവുമാകും. ഫലത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റവിമുക്തനും. സരിത എസ്. നായരുടെ വെളിപ്പെടുത്തലിനു പിന്നിൽ ഈ ഗൂഢാലോചനയ്ക്കു പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കും. ക്രൈംബ്രാഞ്ചിനു അന്വേഷണം കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.

ബിജുരമേശ് തെളിവായി കോടതിയിൽ സമർപ്പിച്ച സി.ഡിയിലാണ് സുകേശനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങളുള്ളത്. 2014 ഡിസംബർ 31ന് എറണാകുളത്ത് ചേർന്ന അസോസിയേഷൻ കോർകമ്മിറ്റി യോഗത്തിൽ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് സി.ഡിയിലുള്ളത്. ബാർ കോഴക്കേസിൽ നാല് മന്ത്രിമാരുടെ പേരു പറയാൻ സുകേശൻ പ്രേരിപ്പിച്ചതായും കുറ്റപത്രം നൽകാമെന്ന് ഉറപ്പുനൽകിയതായും ബിജുരമേശ് പറയുന്നുണ്ട്. ഇതാണ് സുകേശന് വിനയാകുന്നത്. ഇതിൽ എങ്ങനെ സുകേശനെ പ്രതിയാക്കുമെന്നതാണ് പ്രശ്‌നം. വിഷയം സുകേശൻ നിഷേധിച്ചാലും കേസ് തള്ളിപോകും. കാരണം ബിജു രമേശ് കള്ളം പറഞ്ഞുവെന്ന് വരും. അങ്ങനെ ബിജു രമേശിനെ പ്രതിസ്ഥാനത്ത് നിർത്തി കേസ് ഒതുക്കി തീർക്കാൻ കഴിയും. അങ്ങനെ കെഎം മാണിയുടെ രാജിയിൽ മാത്രമായി ബാർ കോഴയുടെ വിവാദങ്ങൾ അവസാനിക്കും. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്കുള്ള കോടതി നിർദ്ദേശത്തിലും അനുകൂല നിലപാട് എടുക്കാൻ വിജിലൻസിന് കഴിയുകയും ചെയ്യും.

സി.ഡിയിൽ ബിജുരമേശിന്റെ വാക്കുകൾ ഇങ്ങനെയാണ്- ''എസ്.ഐ ആയിരുന്നപ്പോഴേ സുകേശനെ എനിക്ക് അറിയാം. സൗഹൃദപരമായാണ് മൊഴിയെടുത്തത്. മൊഴി വായിച്ചുകേൾക്കണോയെന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ടെന്നു പറഞ്ഞു. മൊഴിയുടെ അടിയിൽ ഇപ്പോൾ ഒപ്പിടേണ്ടെന്ന് എസ്‌പി പറഞ്ഞു. മൊഴികൊടുത്ത ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേർത്തിട്ടുള്ളത്. ആരെങ്കിലും മൊഴിമാറ്റിയാൽ അവരെയെല്ലാം പ്രതികളാക്കും. യമഹ സുരേന്ദ്രൻ മൊഴിമാറ്റിയെന്നും അയാളെ പ്രതിയാക്കുമെന്നും എസ്. പി പറഞ്ഞു. അമ്പിളിയുടെ കൈയിൽ പണം കൊടുത്തതിന് മാത്രമേ ഇതുവരെ തെളിവുള്ളൂ. ടവർലൊക്കേഷനും എടുത്തിട്ടുണ്ട്. എനിക്ക് എന്തെങ്കിലും രാഷ്ട്രീയ പ്രതിപത്തിയുണ്ടോയെന്നും അസോസിയേഷനുമായി ധാരണയിലെത്തിയിട്ടുണ്ടോയെന്നും എസ്‌പി ചോദിച്ചു. ഇല്ലെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി കടുപ്പിച്ച് മുന്നോട്ടുപോകാമെന്നും എസ്‌പി നിർദ്ദേശിച്ചു. എങ്ങനെയാണ് കടുപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ ശക്തമായി മൊഴിനൽകണമെന്ന് ഉപദേശിച്ചു. ബാർകേസിന്റെ അന്വേഷണം ഏത് രീതിയിൽ വേണമെങ്കിലും അവസാനിപ്പിക്കാം. പക്ഷേ താൻ കുറ്റപത്രം നൽകിയിരിക്കുമെന്ന് എസ്‌പി പറഞ്ഞു''.

അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പ്രതിയായ കൊല്ലത്തെ കേസിൽ അയാളെ അകത്തിടാമെന്ന് സുകേശൻ പറഞ്ഞതായും സി.ഡിയിലുണ്ട്. ''താങ്കൾ സർക്കാരിന് എതിരാണോയെന്ന എന്റെ ചോദ്യത്തിന് എതിരാണെന്നും ഡയറക്ടർ വിൻസൺ പോളിനെ തനിക്ക് പേടിയില്ലെന്നും എസ്‌പി സുകേശൻ പറഞ്ഞു. മൊഴി നൽകിയശേഷം, ചാനലുകൾ പുറത്തുണ്ടെന്ന് പറഞ്ഞപ്പോൾ താൻ പുറത്തിറങ്ങി കാര്യങ്ങൾ പറഞ്ഞോളൂ എന്ന് സുകേശൻ പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് ചോദിച്ചപ്പോൾ നാല് മന്ത്രിമാർ കൂടിയുണ്ടെന്ന് തട്ടിക്കോ എന്നായിരുന്നു മറുപടി''.-ബിജു രമേശിന്റെ ഈ വാക്കുകളാണ് വിനയാകുന്നത്. ബിജു രമേശും സുകേശനുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന തിയറി വിജിലൻസ് ഉയർത്തുന്നത്.

ബാർ കോഴക്കേസിൽ തെളിവായി ബിജുരമേശ് കോടതിയിൽ നൽകിയ മൂന്ന് സി.ഡികൾ എഡിറ്റിങ് നടത്താത്ത യഥാർത്ഥ സി.ഡികളാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ മാണിക്കെതിരായ കേസിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിൽ സി.ഡികളിൽ എഡിറ്റിങ് നടത്തിയിട്ടുള്ളതിനാൽ അവ പരിശോധിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതിന് വിരുദ്ധമായാണ് പുതിയ വാദം. 2014 ഡിസംബർ 31നു എറണാകുളത്തു നടന്ന ബാർ അസോസിയേഷൻ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിൽ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ വിജിലൻസ് ഡയറക്ടർക്കു ലഭിച്ചിരുന്നു. വി സി 6/14 നമ്പർ വിജിലൻസ് കേസിൽ ബിജു രമേശ് മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയോടൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സി.ഡിയിലാണ് അദ്ദേഹവും എസ്‌പി: സുകേശനുമായുള്ള സൗഹൃദത്തിന്റെ ആഴം വെളിച്ചത്തായത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് എസ്‌പി: സുകേശൻ കൈമാറിയത്.

ഇതാണ് വിജിലൻസ് ഡയറക്ടർ കണ്ടെത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തു കൊണ്ടു വന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ നീക്കം. പ്രതിപക്ഷത്തെ പ്രതിരോധിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചരണ ആയുധവുമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP