Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപമാനിച്ച പെൺകുട്ടിയുടെ കാലുപിടിച്ചിട്ടും ഫലമുണ്ടായില്ല; പരാതി എഴുതി നൽകിയതോടെ ഹൈട്ക് സെല്ലിന്റെ മുൻ തലവനെ രക്ഷിക്കാനുള്ള നീക്കമെല്ലാം പൊളിഞ്ഞു; കൊക്കൂൺ വേദിയിലെ പീഡനത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഡിവൈഎസ് പി വിനയകുമാരൻ നായരെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും

അപമാനിച്ച പെൺകുട്ടിയുടെ കാലുപിടിച്ചിട്ടും ഫലമുണ്ടായില്ല; പരാതി എഴുതി നൽകിയതോടെ ഹൈട്ക് സെല്ലിന്റെ മുൻ തലവനെ രക്ഷിക്കാനുള്ള നീക്കമെല്ലാം പൊളിഞ്ഞു; കൊക്കൂൺ വേദിയിലെ പീഡനത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഡിവൈഎസ് പി വിനയകുമാരൻ നായരെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും

മറുനാടൻ മലയാളി ബ്യുറോ

തിരുവനന്തപുരം: കൊല്ലത്ത് നടന്ന സൈബർ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസി. കമാണ്ടന്റെ വിനയകുമാറിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ നടത്തിയ സമ്മർദ്ദമൊന്നും ഫലം കണ്ടില്ല. പീഡനത്തിൽ ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ പെൺകുട്ടി പരാതി നൽകി. ഇതോടെ കൊല്ലം പൊലീസ് കേസ് എടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതിനിടെ പീഡനം നടന്നില്ലെന്നും അപമാനിക്കാനാണ് ശ്രമിച്ചതെന്ന വാദവുമായി പൊലീസിലെ ഒരു വിഭാഗവും രംഗത്ത് എത്തിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമിട്ട് കേസ് എടുക്കാനാണിതെന്നാണ് ആക്ഷേപം ഉയർന്നത്.

ലൈംഗിക ചുവയുള്ള മോശം പരാമർശങ്ങൾ നടത്തുന്നത് പീഡനത്തിന്റെ പരിധിയിലാണ് വരിക. ഇത് മറികടക്കാനാണ് വാക്കുകളിലൂടെ അപമാനിച്ചുവെന്ന വാദം ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നടത്തിയത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. മാദ്ധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്റെ മകളാണ് പെൺകുട്ടി. ജേർണലിസം വിദ്യാർത്ഥിനിയുമാണ്. ഇന്ത്യൻ ശിക്ഷാനിയമം 354ാം വകുപ്പ് ചുമത്തി വിനയകുമാറിനെതിരേ കേസെടുക്കാൻ കൊല്ലം റൂറൽ എസ്‌പി: അജിതാബേഗം നിർദ്ദേശം നൽകിയിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് അന്വേഷണം നടത്തിയ അജിതാബേഗം അവതാരകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തന്നെ അപമാനിക്കാൻ പലവട്ടം എ.സി.പി. ശ്രമിച്ചതായി അവതാരക എസ്‌പിയോടു പറഞ്ഞു. പരാതി എഴുതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേസ് എടുത്തത്.

ഹൈടക് സെല്ലിന്റെ ചുമതല ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾക്ക് കുട പിടിച്ച വിനയകുമാരൻ നായരെ അറസ്റ്റ് ചെയ്യേണ്ടിയും വരും. അതിനിടെ വിനയകുമാരൻ നായർക്ക് ജാമ്യം ഉറപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. കൊക്കൂൺ എന്ന സമ്മേളനം തന്നെ നിയമവിരുദ്ധമാണെന്നും കൊല്ലത്തെ സമ്മേളനം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും കാട്ടി എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് പരാതി നൽകിയിരുന്നു. ഇതോടെയാണ് കേസിൽ നിന്ന് വിനയകുമാരൻ നായരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് വിരമാമിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭീഷണിയും സമ്മർദ്ദവും മാറിയതോടെ പെൺകുട്ടി പരാതിയും നൽകി. നേരത്തെ തനിക്കെതിരെ പെൺകുട്ടി പരാതി നൽകില്ലെന്ന വീരവാദം വിനയകുമാരൻ നായർ നടത്തിയിരുന്നു. ഇതിനിടെ വിനയകുമാരൻ നായർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജാമ്യമില്ലാത്ത വകുപ്പ് ചേർത്തത്.

കൊക്കൂണിനിതിരെ വിജിലൻസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്. ഐപിസി 354 വകുപ്പ് പ്രകാരമാണ് ഇത്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഡിജിപി, കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗത്തോട് നിർദ്ദേശിച്ചിരുന്നു. ഇവർ നടത്തി അന്വേഷണത്തിലും വിനയകുമാരൻ നായർ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടിരുന്നു. അവതാരകയോട് ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നിയിരുന്നു കണ്ടെത്തൽ. ചുമതലയില്ലാതെയിരുന്നിട്ടും ആ വേദിയിൽ എഎസ് പി എത്തി. ഉന്നത ഉദ്യോഗസ്ഥർ പോകാൻ പറഞ്ഞിട്ടും പോയില്ലെന്നും അജിതാ ബീഗം വിശദീകരിച്ചു. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം ഡിജിപിയാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്. ഇതോടെ വിനയകുമാരൻ നായരെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇതിനൊപ്പം സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യാനും തീരുമാനമുണ്ട്. ഇക്കാര്യത്തിൽ ഡിജിപി ഉടൻ തീരുമാനമെടുക്കും. വിവാദമുണ്ടായപ്പോൾ ഹൈടക് സെല്ലിന്റെ ചുമതലയിൽ നിന്ന് വിനയകുമാരൻ നായരെ എ ആർ ക്യാമ്പിലേക്ക് മടക്കി അയച്ചിരുന്നു.

കൊല്ലത്തെ സമ്മേളനത്തിനിടെ അവതാരകയുടെ സീറ്റിനടുത്തു വന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും അനാവശ്യ കമന്റുകൾ നടത്തുകയും ചെയ്‌തെന്നാണ് പരാതി. ആവർത്തിച്ച് ആവശ്യപ്പെട്ടു മൊബൈൽനമ്പർ കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തിൽ സഹികെട്ട വിദ്യാർത്ഥിനി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ പി. പ്രകാശിനോടു പരാതിപ്പെടുകയായിരുന്നു. പ്രകാശ് ഇടപെട്ടു വിനയകുമാരനെ അപ്പോൾ തന്നെ അവിടെനിന്നു പുറത്താക്കി. സമ്മേളനത്തിൽ പ്രദർശനവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിനയകുമാരൻ അവതാരകയുടെ അടുത്തുപോകേണ്ട കാര്യമില്ലെന്നു പി. പ്രകാശ് ഡി.ജി.പിയെ ധരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടർന്ന് വിചിത്ര വിശദീകരണവുമായി വിനയകുമാരൻ നായരും രംഗത്ത് വന്നു. ഇതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

എന്നാൽ മാദ്ധ്യമങ്ങളിൽ വന്ന വിശദീകരണം തന്നെ വിനയകുമാരൻ നായർക്ക് എതിരാകുന്ന അവസ്ഥയാണുള്ളത്. ഞാൻ വർഷങ്ങളായി മാദ്ധ്യമങ്ങളോടു സഹകരിക്കുന്ന ആളാണ്. എന്റെ മകൾക്ക് 22 വയസായി. പരാതി നൽകിയെന്നു മാദ്ധ്യമങ്ങൾ പറയുന്ന ഈ പെൺകുട്ടിയും മറ്റൊരു കുട്ടിയും സമ്മേളനത്തിൽ രണ്ടുദിവസവും എന്നോടൊപ്പം ഉണ്ടായിരുന്നവരാണ്. മകൾക്കു നൽകുന്ന കരുതലാണ് ഈ ദിവസങ്ങളിൽ കുട്ടികൾക്കു നൽകിയത്. ആഹാരം കഴിക്കാനൊക്കെ എന്നോടൊപ്പമാണ് ആ പെൺകുട്ടി വന്നിരുന്നത്. അങ്ങനെയുള്ള കുട്ടി എനിക്കെതിരെ പരാതി പറയുമെന്നു പ്രതീക്ഷിക്കുന്നില്ല. കണ്ടുനിന്നവർക്കു തോന്നിയ വികാരമാകാം ആരോപണരൂപത്തിൽ വന്നതെന്നും ആരോപണ വിധേയൻ തന്നെ പറയുന്നു. സ്വയം ന്യായീകരിക്കാനുള്ള ശ്രമത്തിനിടെ സത്യത്തിന്റെ സൂചനകൾ ഈ വിശദീകരണത്തിൽ ഒളിഞ്ഞു കിടിക്കുന്നുണ്ട്. എന്റെ കയ്യിൽ അവതാരകരായ രണ്ടു പെൺകുട്ടികളുടെയും നമ്പർ ഉണ്ടായിരുന്നു. കാരണം എനിക്കു പ്രോഗ്രാമിന്റെ കാര്യങ്ങൾക്കായി വിളിക്കാൻ നമ്പർ വേണമായിരുന്നു. നമ്പർ ഞാൻ നിർബന്ധപൂർവം വാങ്ങിയെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. പരിപാടി നടക്കുന്നതിനു മുൻപ് അവതാരകയായ പെൺകുട്ടി കരയുന്നതു കണ്ടു. ചോദിച്ചപ്പോൾ അവതരണം തെറ്റിയതുകൊണ്ടു മാഡം വഴക്കുപറഞ്ഞു എന്നാണു പറഞ്ഞതെന്നും വിനയകുമാരൻ നായർ പറയുന്നു.

ഏതു മാഡമാണെന്നു കുട്ടി പറഞ്ഞില്ല. ഞാൻ സമാധാനിപ്പിച്ചു. അതിനുശേഷം, പരിപാടിയുടെ അവസാനം പറയേണ്ട ഭാഗങ്ങൾ എഴുതിത്ത്ത്ത്ത്ത്ത്ത്ത്തരുമോയെന്നു പെൺകുട്ടി ചോദിക്കുകയും ഞാൻ എഴുതിക്കൊടുക്കുകയും ചെയ്തു. ഞാൻ എഴുതിക്കൊടുത്ത ഭാഗമാണ് കുട്ടി സ്റ്റേജിൽ വായിച്ചത്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞാൻ അവതാരകയായ പെൺകുട്ടിയെ വിളിച്ചിട്ടുണ്ട്. പെൺകുട്ടി എന്നെയും വിളിച്ചിട്ടുണ്ട്. തന്റെ കയ്യിലുണ്ടായിരുന്ന പ്രോഗ്രാം ചാർട്ട് കാണാതായെന്നും ഒരെണ്ണം സംഘടിപ്പിച്ചു തരണമെന്നും പറയാനാണു പെൺകുട്ടി വിളിച്ചത്. ഈ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗം വിശദീകരണം ചോദിച്ചിട്ടില്ല. മറ്റു മേലുദ്യോഗസ്ഥരും വിശദീകരണം ചോദിച്ചിട്ടില്ല. ഒരാളെ നശിപ്പിക്കാൻ ഇതിനപ്പുറം കഴിയില്ല. എന്റെ വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മുന്നിൽ ഞാൻ അപമാനിതനായി. ഇനി എന്തു വാർത്ത പകരം വന്നിട്ടും കാര്യമില്ല. ആ കുട്ടിയോടു മോശമായി പെരുമാറിയിട്ടില്ല. ആ കുട്ടി എനിക്കെതിരെ പരാതി പറയുമെന്നു വിശ്വസിക്കുന്നുമില്ല വിനയകുമാരൻ നായർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിനയകുമാരൻ നായരെ കുറിച്ച പൊലീസിലും ഏറെ പരാതികൾ ഉണ്ടായിരുന്നു. ഫോൺ കോൾ വിവരങ്ങളും മറ്റും ചോർത്തി പൊലീസ് ഉദ്യോഗസ്ഥരെ പോലും ഇയാൾ ബ്ലാക് മെയിൽ ചെയ്തിരുന്നതായി സർവ്വീസിൽ നിന്ന് വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് വെളിപ്പെടുത്തി. കേരളാ പൊലീസിന്റെ പേരുപയോഗിച്ച് കൊക്കൂൺ സമ്മേളനം നടത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് വിനയകുമാരൻ നായരാണെന്നും പറയുന്നു. സൈബർ ഡോം എന്ന പേരിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കേരള പൊലീസ് ആരംഭിച്ച സൈബർ റിസർച്ച് സെന്റർ മുഖേന സമകാലീന സൈബർ വെല്ലുവിളികളെ നേരിടുകയായിരുന്നു ലക്ഷ്യം. എന്നാൽ സ്വകാര്യകമ്പനികൾക്കായി വിവരം ചോർത്തുന്ന സംവിധാനമായി ഇത് മാറിയെന്നതാണ് യാഥാർത്ഥ്യം. ഹൈടക് സെല്ലിലൂടെ നടത്തിയിരുന്ന നിയമവിരുദ്ധ പ്രവർത്തനം ഇതിലേക്ക് മാറിയെന്നതാണ് വസ്തുത. ഹൈടക് സെല്ലിൽ പരാതിക്കാരായെത്തുന്ന നിരവധി പേരെ പൊലീസ് തന്നെ പീഡിപ്പിക്കുന്നതായും സൂചനകളുണ്ട്. എന്നാൽ പൊലീസിനെ പിണക്കിയാൽ ഉണ്ടാകുന്ന നൂലാമാലകൾ കണക്കിലെടുത്ത് ആരും ഒന്നും പുറത്തുപറയുന്നില്ല. ഇതിനിടെയാണ് വിനയകുമാരൻ നായർക്കെതിരെ കൊക്കൂൺ സമ്മേളനത്തിനെതിരെ പരാതിയെത്തുന്നത്. ഈ സാഹചര്യത്തിൽ വിനയകുമാരൻ നായരെ കുറിച്ചുള്ള പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP