Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരിയിൽ ഷുക്കൂർ വധം: പി ജയരാജനെയും ടി വി രാജേഷിനെയും സിബിഐ ചോദ്യം ചെയ്യാനൊരുങ്ങുന്നു; മാതാവ് ഉൾപ്പെടെയുള്ളവരിൽനിന്നു മൊഴിയെടുത്തു; സിബിഐ സംഘം തെളിവുകൾ ശേഖരിക്കുന്ന ഘട്ടത്തിൽ

അരിയിൽ ഷുക്കൂർ വധം: പി ജയരാജനെയും ടി വി രാജേഷിനെയും സിബിഐ ചോദ്യം ചെയ്യാനൊരുങ്ങുന്നു; മാതാവ് ഉൾപ്പെടെയുള്ളവരിൽനിന്നു മൊഴിയെടുത്തു; സിബിഐ സംഘം തെളിവുകൾ ശേഖരിക്കുന്ന ഘട്ടത്തിൽ

രഞ്ജിത് ബാബു

കണ്ണൂർ: എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ സി..പി.ഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി. രാജേഷ് എംഎ‍ൽഎ എന്നിവരെ സിബിഐ. ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹൈക്കോടതിയിൽ നല്കിയ റിട്ട് ഹർജിയെത്തുടർന്നാണ് സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസന്വേഷണം ഏറ്റെടുത്ത സിബിഐ. സംഘം ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഉൾപ്പെടെയുള്ള സാക്ഷികളിൽനിന്നും മൊഴിയെടുത്തു കഴിഞ്ഞിട്ടുണ്ട്. രണ്ടു മാസമായി കണ്ണൂരിൽ ക്യാമ്പ് ചെയ്ത് തെളിവുകൾ ശേഖരിച്ചു വരികയാണ് സിബിഐ.അന്വേഷണ സംഘം. അടുത്ത ഘട്ടത്തിൽ പി.ജയരാജനും ടിവി.രാജേഷും ഉൾപ്പെടെയുള്ള 33 പ്രതികൾക്കും നോട്ടീസ് അയച്ചു വരുത്തി ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം.

ഷുക്കൂർ വധക്കേസിൽ സിബിഐ. അന്വേഷണത്തെ ചോദ്യം ചെയ്ത് ജയരാജനും രാജേഷും നേരത്തെ ഹൈക്കോടതിയെ സമീപിച്ച് സിബിഐ. അന്വേഷണം ചോദ്യം ചെയ്ത് സ്‌റ്റേ സമ്പാദിച്ചിരുന്നു. അതേതുടർന്ന് രണ്ടു മാസം മുമ്പ് സ്‌റ്റേ നീക്കി അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയും ചെയ്തു. കേസിന്റെ വിശദമായ വാദം പിന്നീട് നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സി.ആർ.പി.സി. 482 -ാം വകുപ്പ് അനുസരിച്ചും ഭരണഘടനയുടെ 226- ാം അനുഛേദം അനുസരിച്ചും ആണ് ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിനെ എതിർത്താണ് പി.ജയരാജനും ടി.വി. രാജേഷും ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആത്തിക്ക നൽകിയ ഹർജിയിൽ ജയരാജനും രാജേഷും അവർ നൽകിയ ഹർജിയിൽ ആത്തിക്കയും കക്ഷിചേർന്നിരുന്നു.

വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്ത കേസിൽ സിബിഐ. ക്ക് അന്വേഷണ ചുമതല നൽകുന്നത് നിയമാനുസൃതമല്ലെന്നായിരുന്നു ജയരാജനും രാജേഷും ഉൾപ്പെടുന്നവരുടെ വാദം. തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രേരണാ കുറ്റം മാത്രമാണ് രാജേഷിനും ജയരാജനും എതിരെ ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി അനുസരിച്ച് കേസന്വേഷണം സിബിഐ. ഏറ്റെടുത്താൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കപ്പെടും. അതോടെ ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയേക്കാം. 24 ാം തീയ്യതി ഈ കേസ് കോടതി പരിഗണിച്ചെങ്കിലും വാദം നടത്താൻ സമയം ലഭിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ എം. കെ. ദാമോദരനും നിക്കോളാസ് ജോസഫും പി.നാരായണനുമാണ് ജയരാജനും രാജേഷിനും മറ്റു പ്രതികൾക്കും വേണ്ടി ഹാജരാവുന്നത്. ഇതിൽ എം. കെ. ദാമോദരൻ അഡ്വക്കറ്റ് ജനറൽ ആവാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ഈ മാസം 31 നോ ജൂൺ ഒന്നിനോ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജയരാജനും രാജേഷും ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ ഈ കേസിൽ സിബിഐ. അന്വേഷണത്തെ എതിർക്കാനും സാധ്യതകളുണ്ട്. എന്നാൽ സിബിഐ. ഷുക്കൂർ വധക്കേസിലെ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്.

കേരളത്തെ നടുക്കിയ താലിബാൻ മോഡൽ കൊലപാതകമെന്ന് ആരോപിക്കപ്പെട്ട സംഭവമായിരുന്നു പട്ടുവത്തെ അരിയിൽ അബ്ദുൾ ഷുക്കൂറിന്റെ കൊലപാതകം. 2012 ഫെബ്രുവരി 20 ന് ആണ് 60 അംഗസംഘം വളഞ്ഞ് മണിക്കൂറുകളോളം തടഞ്ഞു വച്ച് അഞ്ചുചെറുപ്പക്കാരെ ചോദ്യം ചെയ്തത്. അതിൽ അരിയൽ ഷുക്കൂറിനെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് കേവലം 12 മണിക്കൂർ മുമ്പ് മാത്രമാണ് ഷുക്കൂർ എം.എസ്.എഫ് ഭാരവാഹിയായത്. പി.ജയരാജന്റെ കാർ തടഞ്ഞത് ഷുക്കൂർ ആണെന്നുപറഞ്ഞാണ് കൊലപാതകം നടത്തിയത്. സംഭവസ്ഥലത്തു വച്ചു തന്നെ ഷുക്കൂർ കൊല്ലപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP